അറ്റ്ലസ് രാമചന്ദ്രനെ ദുബൈ കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു

ദുബൈ: ഗള്‍ഫിലും കേരളത്തിലും നിരവധി ശാഖകളുളള  പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അറ്റ്ലസിന്‍െറ ചെയര്‍മാന്‍ എം.എം. രാമചന്ദ്രനെ വണ്ടിച്ചെക്ക് കേസില്‍ ദുബൈ കോടതി മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ദുബൈയിലെ ഒരു ബാങ്കിന് നല്‍കിയ 3.40 കോടി ദിര്‍ഹത്തിന്‍െറ രണ്ടു ചെക്കുകള്‍ പണമില്ലാതെ മടങ്ങിയ കേസിലാണ് ദുബൈ സാമ്പത്തിക കുറ്റകൃത്യ കോടതി വ്യാഴാഴ്ച  73കാരനായ രാമചന്ദ്രന് തടവ് വിധിച്ചത്. 
15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. ആയിരം കോടിയോളം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് യു.എ.ഇയിലെ 15 ബാങ്കുകള്‍ രാമചന്ദ്രനെതിരെ നിയമ നടപടി തുടങ്ങാന്‍ കൂട്ടായ്്മയൂണ്ടാക്കിയിരുന്നു. ഇവരുടെ തീരുമാനമനുസരിച്ച് ചില ബാങ്കുകള്‍ കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് ആഗസ്റ്റ് 24 മുതല്‍ രാമചന്ദ്രന്‍ ദുബൈ പൊലീസിന്‍െറ കസ്റ്റഡിയിലാണ്. ജാമ്യത്തിനായുള്ള നിരവധി അപേക്ഷകള്‍ കോടതി നിരസിച്ചിരുന്നു.  തന്നെ ജാമ്യത്തില്‍ വിട്ടാല്‍ കടം വീട്ടാന്‍ സാധിക്കുമെന്ന് കഴിഞ്ഞമാസം നടന്ന വിചാരണയില്‍ രാമചന്ദ്രന്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും ജഡ്ജി പരിഗണിച്ചില്ല.
പിന്നീട് അറ്റ്ലസ് ഗ്രൂപ്പിന് കീഴിലുള്ള ജ്വല്ലറികളും ഒമാനിലെ ആശുപത്രിയും വിറ്റ് കടം വീട്ടാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. കടം വീട്ടാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന രാമചന്ദ്രന്‍െറ അഭിഭാഷകന്‍െറ അഭ്യര്‍ഥന കോടതി ഇന്നലെ അംഗീകരിച്ചില്ല. 
നേരത്തെ അഭ്യര്‍ഥന മാനിച്ച് കൂടുതല്‍ സമയം അനുവദിച്ച കാര്യം കോടതി ഓര്‍മിപ്പിച്ചു. ആഗസ്റ്റ് 12 തീയതി വെച്ച് നല്‍കിയ മൂന്നു കോടി ദിര്‍ഹത്തിന്‍െറയും 40 ലക്ഷം ദിര്‍ഹത്തിന്‍െറയും രണ്ടു ചെക്കുകള്‍ മടങ്ങിയ കേസിലാണ് ഇപ്പോള്‍ ജഡ്ജി അഹ്മദ് ഷിഹാ ശിക്ഷ വിധിച്ചത്.
ഗള്‍ഫിലും കേരളത്തിലുമായി 45 ഓളം ജ്വല്ലറികളാണ് അറ്റ്ലസ് ഗ്രൂപ്പിനുള്ളത്. പിന്നീട് ആരോഗ്യ പരിപാലനം, റിയല്‍ എസ്റ്റേറ്റ് മേഖലകളിലേക്കും കടന്നു. വൈശാലി ഉള്‍പ്പെടെ ഏതാനും മലയാള സിനിമകളുടെ നിര്‍മാതാവ് കൂടിയായ രാമചന്ദ്രന്‍ ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. 
ഈ വര്‍ഷം തുടക്കം മുതല്‍ ജ്വല്ലറികളില്‍ ആഭരണശേഖരം കുറഞ്ഞുവരുകയും വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്തത് ബാങ്കുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വിവരം പുറംലോകമറിഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.