അബൂദബിയുടെ മാലിന്യ പ്രശ്നത്തിന് പരിഹാരവുമായി ‘തദ് വീര്‍’

അബൂദബി: തലസ്ഥാന എമിറേറ്റിന്‍െറ വളര്‍ച്ചക്കും ജനസംഖ്യാ വര്‍ധനവിനും അനുസൃതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് അബൂദബി സെന്‍റര്‍ ഓഫ് വേസ്റ്റ് മാനേജ്മെന്‍റ് ‘തദ്വീര്‍’ പദ്ധതി ആരംഭിക്കുന്നു. അബൂദബി വേസ്റ്റ് മാനേജ്മെന്‍റ് മാസ്റ്റര്‍ പ്ളാന്‍ 2040 എന്ന പേരിലുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. മാലിന്യങ്ങള്‍ കുറക്കല്‍, ശാസ്ത്രീയമായുള്ള സംസ്കരണം, പുനരുപയോഗം തുടങ്ങിയവയിലൂടെ വര്‍ധിച്ചുവരുന്ന മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് ലക്ഷ്യമിടുന്നത്. 
സാമൂഹിക ബോധവത്കരണത്തിന്‍െറ അഭാവം, വിവര ശേഖരണത്തിലെ പരിമിതികള്‍, പുനരുപയോഗം ചെയ്യാതിരിക്കല്‍, 25 വര്‍ഷത്തിനകം ജനസംഖ്യ ഇരട്ടിയായി വര്‍ധിക്കല്‍ തുടങ്ങിയവയാണ് തലസ്ഥാന എമിറേറ്റ് മാലിന്യ സംസ്കരണ രംഗത്ത് നേരിടുന്ന പ്രധാന വെല്ലുവിളികള്‍. 
ഈ സാഹചര്യത്തില്‍ ഇവ പൂര്‍ണമായും മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. മാലിന്യത്തില്‍ നിന്ന് വരുമാനം കണ്ടത്തൊനുള്ള മാര്‍ഗങ്ങളും പരിഗണിക്കുന്നുണ്ട്. 2013ലെ കണക്ക് പ്രകാരം 12 ദശലക്ഷം ടണ്‍ മാലിന്യമാണ് അബൂദബിയില്‍ സൃഷ്ടിക്കപ്പെട്ടത്. 85 ശതമാനം മാലിന്യങ്ങളും മണ്‍പാളികള്‍ക്കിടയില്‍ മൂടുന്നതിനാണ് ഉപയോഗപ്പെടുന്നത്. അല്‍ ദഫ്റയിലെ ലാന്‍ഡ്ഫില്‍ കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 2000 ലോറികളാണ് മാലിന്യവുമായി എത്തുന്നത്. തലസ്ഥാന നഗരിയില്‍ കൂടുതലും ഭക്ഷ്യ- വീട്ടു മാലിന്യങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ജനങ്ങളുടെ അവബോധമില്ലായ്മയും അമിത ഉപയോഗത്തിനുള്ള ശ്രമവും മൂലം ടണ്‍ കണക്കിന് ഭക്ഷണ പദാര്‍ഥങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളില്‍ അവബോധം സൃഷ്ടിച്ച് മാലിന്യങ്ങള്‍ തള്ളുന്നത് ഇല്ലാതാക്കുന്നതിനും ശാസ്ത്രീയമായ സംസ്കരണത്തിനും തദ്വീര്‍ പദ്ധതി തയാറാക്കുന്നത്. 
ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയാണ് അബൂദബിയിലെ മാലിന്യ ശേഖരണ സംവിധാനമെന്ന് തദ്വീറിന്‍െറ മാസ്റ്റര്‍ പ്ളാന്‍ കണ്‍സള്‍ട്ടന്‍റായ ഇമോണ്‍ തിമോണി പറയുന്നു. നഗരങ്ങളിലെ നടക്കുമ്പോള്‍ തെരുവുകളിലെ വൃത്തി നമുക്ക് മനസ്സിലാകും. മാലിന്യ ശേഖരണത്തിന്‍െറ വിജയമാണ് നഗരം വൃത്തിയായി കാണപ്പെടാന്‍ കാരണം. എന്നാല്‍, ഇത് ജനങ്ങളില്‍ മാലിന്യം ഒരു പ്രശ്നമല്ല എന്ന ബോധം സൃഷ്ടിക്കാന്‍ കാരണമാകുന്നുണ്ട്. സാമൂഹിക അവബോധമില്ലായ്മയാണ് പ്രധാന പ്രശ്നം. ജനസംഖ്യയുടെ 80 ശതമാനവും പ്രവാസികളായതിനാല്‍ തുടര്‍ച്ചയായ ബോധവത്കരണവും അനിവാര്യമാണ്.  
മാലിന്യ പ്രശ്നത്തെ നാളത്തേക്കോ അടുത്തയാഴ്ചത്തേക്കോ ഒരു മാസം കഴിഞ്ഞോ പരിഹരിക്കാം എന്ന് കരുതി മാറ്റിവെക്കാന്‍ കഴിയില്ളെന്നും ഇന്ന് തന്നെ നാം പ്രവര്‍ത്തിച്ചു തുടങ്ങേണ്ടതുണ്ടെന്നും തദ്വീര്‍ ജനറല്‍ മാനേജര്‍ ഈസ അല്‍ ഖുബൈസി പറഞ്ഞു. ജനസംഖ്യാ വര്‍ധനവും നഗരത്തിന്‍െറ വളര്‍ച്ചയും മൊത്ത ആഭ്യന്തര ഉല്‍പാദനം കൂടുന്നതും കണക്കിലെടുത്ത് ഇപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചേ മതിയാകൂ. അബൂദബി പാരിസ്ഥിതിക ഏജന്‍സി അടക്കമുള്ള വിഭാഗങ്ങളുമായി സഹകരിച്ചാണ് തദ്വീറിന്‍െറ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യത്തില്‍ നിന്ന് ഊര്‍ജ ഉല്‍പാദനം ആരംഭിക്കുന്നതിനും തദ്വീര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റുന്ന മാലിന്യത്തിന്‍െറ 85 ശതമാനവും സംസ്കരിക്കുകയും ലക്ഷ്യമാണ്. 
വലിച്ചെറിയുന്ന മാലിന്യങ്ങളെ വിഭവമാക്കി മാറ്റിയാല്‍ വരുമാനത്തിലും വര്‍ധനയുണ്ടാകുമെന്ന് കണക്കാക്കുന്നു.  2021 ഓടെ യു.എ.ഇയിലെ മാലിന്യങ്ങള്‍ 85 ശതമാനമായി കുറക്കുക എന്ന പദ്ധതി പ്രാവര്‍ത്തികമാക്കാനും മാസ്റ്റര്‍ പ്ളാന്‍ വഴി ലക്ഷ്യം വെക്കുന്നുണ്ട്. തദ്വീറിന്‍െറ മാലിന്യ ശേഖരണ സംവിധാനത്തിന്‍െറ ദുരുപയോഗം തടയല്‍, മാലിന്യ ട്രക്കുകള്‍ക്ക് കടന്നുപോകാന്‍ പ്രയാസം സൃഷ്ടിക്കുന്ന നടപടികള്‍ തുടങ്ങിയ വിഷയങ്ങളും മാസ്റ്റര്‍ പ്ളാനിലൂടെ പരിഹരിക്കും. 
ബോധവത്കരണത്തിനൊപ്പം നിയമ നിര്‍മാണവും ലക്ഷ്യം വെക്കുന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.