ദേശീയ ദിനാഘോഷത്തിന് പത്തു ദിവസം;  ഒരുക്കങ്ങളില്‍ രാജ്യം

അബൂദബി: രാജ്യത്തിന്‍െറ 44ാം ദേശീയ ദിനത്തിന് പത്ത് ദിവസം മാത്രം ബാക്കിയിരിക്കെ പ്രവാസി- സ്വദേശി സമൂഹങ്ങള്‍ ആഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളില്‍ സജീവം. വലിയ ദേശീയ പതാകകളും വൈദ്യുതാലങ്കാരങ്ങളും കാര്‍ ഡെക്കറേഷനും എല്ലാം ഒരുക്കുന്ന തിരക്കിലാണ് ജനങ്ങള്‍. വില്ലകളിലും ഓഫിസുകളും റോഡുകളും പ്രധാന കെട്ടിടങ്ങളും എല്ലാം അലങ്കരിക്കുന്ന പ്രവൃത്തികള്‍ അതിവേഗം മുന്നോട്ടുപോകുകയാണ്. തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിലുള്ള വില്ലകളില്‍ ചതുര്‍ വര്‍ണത്തിലുള്ള വലിയ ദേശീയ പതാകകളും വൈദ്യുതാലങ്കാരങ്ങളും സ്ഥാനം പിടിച്ചുകഴിഞ്ഞു. 
വില്ലകളുടെ മുകളില്‍ നിന്ന് താഴെ വരെ എത്തുന്ന രീതിയിലാണ് ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത്. ദേശീയ പതാകയുടെ നിറങ്ങളായ കറുപ്പ്, ചുവപ്പ്, പച്ച, വെള്ള എന്നീ വര്‍ണങ്ങളിലുള്ള  ബള്‍ബുകളാണ് കൂടുതലായും വൈദ്യുതാലങ്കാരങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. അബൂദബിയിലും അല്‍ഐനിലും പശ്ചിമ മേഖലയിലുമെല്ലാം റോഡുകളില്‍ വൈദ്യുതാലങ്കാരങ്ങള്‍ സ്ഥാപിക്കുന്നുമുണ്ട്. തലസ്ഥാന നഗരിയിലെ പ്രശസ്തമായ കെട്ടിടങ്ങളെല്ലാം വൈദ്യുതാലങ്കാരങ്ങളാല്‍ നിറഞ്ഞുകഴിഞ്ഞു.  യു.എ.ഇയോടുള്ള സ്നേഹവും കടപ്പാടും ദേശ സ്നേഹവും പ്രകടിപ്പിക്കാനുള്ള അവസരമായാണ് സ്വദേശികളും പ്രവാസികളും ദേശീയ ദിനത്തെ കാണുന്നത്. ഇതിനാല്‍ തന്നെ വലിയ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. അബൂദബി കോര്‍ണിഷില്‍ നടക്കുന്ന ദേശീയ ദിനാഘോഷത്തിലും കാര്‍ പരേഡിലും നിരവധി പേര്‍ പങ്കെടുക്കും. മലയാളികള്‍ അടക്കമുള്ളവര്‍ വാഹന അലങ്കാര പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. 
പലരും ആയിരക്കണക്കിന് ദിര്‍ഹം ചെലവഴിച്ചാണ് വാഹനങ്ങള്‍ അലങ്കരിക്കുന്നത്. ദേശീയ ദിനത്തോട് അനുബന്ധിച്ച് പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ കലാ പരിപാടികളും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പല സംഘടനകളുടെയും പരിപാടികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, കേരള സോഷ്യല്‍ സെന്‍റര്‍, ഇന്ത്യ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ എന്നിവിടങ്ങളിലെല്ലാം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 
രക്തസാക്ഷി ദിനം, ദേശീയ ദിനം എന്നിവ ഒരുമിച്ച് വരുന്നതിനാല്‍ അടുപ്പിച്ച് അവധി കിട്ടുന്നത് പ്രമാണിച്ച് നിരവധി പ്രവാസികള്‍ നാട്ടിലേക്ക് പോകുന്നതിനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍- പൊതുമേഖലക്ക് ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ അഞ്ച് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ദിവസം ലീവ് എടുത്താല്‍ മൊത്തം ഒമ്പത് ദിവസം അവധി ലഭിക്കുന്നതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍  ജോലി ചെയ്യുന്ന നല്ളൊരു ശതമാനം പേരും നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലാണ്. സ്വകാര്യ മേഖലക്ക് രണ്ട് ദിവസം അവധിയാണുള്ളത്. 
വെള്ളിയാഴ്ചയിലെ വാരാന്ത്യ അവധി കൂടി ഉള്‍ക്കൊള്ളിച്ച് മൂന്ന് ദിവസം ലഭിക്കും. പലരും വാര്‍ഷിക അവധിയില്‍ നിന്ന് കുറച്ചു ലീവുകള്‍ എടുത്ത് രക്തസാക്ഷി ദിന, ദേശീയ ദിന അവധികള്‍ പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകുന്നുണ്ട്. 
ഇതുമൂലം നവംബര്‍ അവസാനം മുതല്‍ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ പകുതി ആളുകളുമായി കേരളത്തിലേക്ക് പറക്കുന്ന പല വിമാന കമ്പനികളിലും നവംബര്‍ അവസാനം നാട്ടിലേക്കും ഡിസംബര്‍ മധ്യത്തില്‍ തിരിച്ചുമുള്ള ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്. 
കുടുംബങ്ങളായി താമസിക്കുന്നവര്‍ രാജ്യത്തെയും അയല്‍ രാജ്യങ്ങളിലെയും വിനോദ കേന്ദ്രങ്ങളിലേക്ക് യാത്ര പോകുന്നതിനുള്ള ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.