യു.എ.ഇയിലെ വാഹനാപകടങ്ങള്‍ കുറക്കാന്‍  നിര്‍ദേശങ്ങളുമായി ലോകാരോഗ്യ സംഘടന

അബൂദബി: രാജ്യത്ത് ജനങ്ങള്‍ കേന്ദ്രീകരിക്കുന്നതും കാല്‍നടയാത്രികര്‍ കൂടുതല്‍ ഉള്ളതുമായ ഭാഗങ്ങളില്‍ വാഹനങ്ങളുടെ വേഗത കുറക്കണമെന്ന് ലോകാരോഗ്യ സംഘടനാ നിര്‍ദേശം. റോഡപകടങ്ങളും മരണങ്ങളും ഗുരുതര പരിക്കുകളും കുറക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ 2015ലെ ഗ്ളോബല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2013ലെ യു.എ.ഇ വിവരങ്ങള്‍ പ്രകാരം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ തിങ്ങിനില്‍ക്കുന്ന പ്രദേശങ്ങളിലും താമസ കേന്ദ്രങ്ങള്‍ക്ക് അടുത്തും വേഗതാ പരിധി 50 കി.മീ ആയി നിശ്ചയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.  പിന്‍സീറ്റ് യാത്രികര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുക, നിര്‍ദിഷ്ട പ്രായപരിധി വരെയുള്ള കുട്ടികള്‍ക്ക് കാര്‍ സീറ്റുകള്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. 
യു.എ.ഇയില്‍ താമസ കേന്ദ്രങ്ങളില്‍ വേഗതാ പരിധി 60 കി.മീ. ആണ്. ചില പ്രദേശങ്ങളില്‍ ഇത് 80 കി.മീ വരെ ഉയരും. ഹൈവേകളില്‍ 120 കി.മീ. ആണ് പരമാവധി വേഗത.  
ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ഉപാധികളിലൊന്ന് വേഗതാ പരിധി കുറക്കലാണെന്ന് ലോകാരോഗ്യ സംഘടന വയലന്‍സ് ആന്‍റ് ഇന്‍ജുറി പ്രിവന്‍ഷന്‍ വിഭാഗത്തിലെ താമി തൊറോയന്‍ പറയുന്നു. നഗര കേന്ദ്രങ്ങള്‍ പോലെ കാല്‍നടയാത്രികര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ 80 കി.മീ എന്നത് വളരെ ഉയര്‍ന്ന വേഗതയാണ്. 
മനുഷ്യന് തെറ്റുകള്‍ സംഭവിക്കുമെന്നും ഈ തെറ്റുകള്‍ മരണത്തിനും ഗുരുതര പരിക്കുകള്‍ക്കും കാരണമാകരുതെന്നുമുള്ള ലക്ഷ്യത്തിലാണ് വേഗതാ പരിധി നിശ്ചയിക്കേണ്ടത്. റോഡിന്‍െറ ഘടനയും ഉപയോഗ രീതിയും പരിഗണിച്ചാണ് വേഗതാ പരിധി നിശ്ചയിക്കേണ്ടതെന്ന് അന്താരാഷ്ട്ര റോഡ് ഫെഡറേഷന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് മൈക്കല്‍ റെസ്നെറ് പറഞ്ഞു. 
കാല്‍നടയാത്രികര്‍ റോഡുമായി ചേരുന്ന സ്ഥലങ്ങളില്‍ അനുയോജ്യ വേഗതാ പരിധി 30 കി.മീ ആണ്. തിരക്കുള്ള റോഡുകളില്‍ എക്സിറ്റുകളുടെ എണ്ണവും കാലാവസ്ഥയും എല്ലാം കണക്കിലെടുത്ത് വേണം വേഗതാപരിധി നിശ്ചയിക്കാനെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന വേഗത നിശ്ചയിച്ചിട്ടുള്ള പാതകളില്‍ ഡ്രൈവറുടെ പെരുമാറ്റ രീതിയും പ്രധാനമാണ്.  
50 കി.മീറ്ററില്‍ താഴെ വേഗതയുള്ള കാര്‍ ഇടിച്ചാല്‍ പ്രായപൂര്‍ത്തിയായ വ്യക്തി രക്ഷപ്പെടാന്‍ 80 ശതമാനം സാധ്യതയുണ്ടെങ്കില്‍ 80 കി.മീ. വേഗതയിലുള്ള വാഹനം ഇടിക്കുമ്പോള്‍ മരണം സംഭവിക്കാനുള്ള സാധ്യത 60 ശതമാനം കൂടുതലാണെന്ന് താമി തൊറോയന്‍ പറഞ്ഞു.  
അതേസമയം, ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം യു.എ.ഇയില്‍ വാഹനാപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. 2008ല്‍ ഒരു ലക്ഷം പേരില്‍ 20ലധികം പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചിരുന്നുവെങ്കില്‍ 2010ല്‍ 12.7 പേരും ഇപ്പോള്‍ 10.9 പേരും ആയി കുറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.