ദുബൈയില്‍ ചെറുകിട- ഇടത്തരം  സംരംഭങ്ങള്‍ക്ക് കൈത്താങ്ങ് 

ദുബൈ: ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് ദുബൈയില്‍ അഞ്ചുവര്‍ഷത്തേക്ക് ലൈസന്‍സ് ഫീസിലും വിസ നിരക്കുകളിലും ഇളവ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ദുബൈ ക്രിയേറ്റീവ് ക്ളസ്റ്റേഴ്സ് അതോറിറ്റിയും ദുബൈ എസ്.എം.ഇയും തമ്മില്‍ ഒപ്പുവെച്ചു. കൂടുതല്‍ ചെറുപ്പക്കാരെ പുതുസംരംഭങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. ദുബൈ എസ്.എം.ഇയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കാണ് ഇളവുകള്‍ ലഭ്യമാവുക. അഞ്ചുവര്‍ഷത്തേക്ക് ലൈസന്‍സ് ഫീസ് പൂര്‍ണമായും ഒഴിവാക്കും. വിസക്ക് അടിസ്ഥാന ഫീസ് മാത്രമേ ഈടാക്കൂ. 
ദുബൈ ക്രിയേറ്റീവ് ക്ളസ്റ്റേഴ്സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് ബിന്‍ ബയാത്തും ദുബൈ എസ്.എം.ഇ ചീഫ് എക്സിക്യുട്ടിവ് അബ്ദുല്‍ ബാസിത് അല്‍ ജനാഹിയും തമ്മിലാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത്. 
ദുബൈ ടെക്നോളജി ആന്‍ഡ് മീഡിയ ഫ്രീസോണ്‍ അതോറിറ്റിക്ക് പകരമായി 2014ല്‍ സ്ഥാപിക്കപ്പെട്ട സര്‍ക്കാര്‍ ഏജന്‍സിയാണ് ദുബൈ ക്രിയേറ്റീവ് ക്ളസ്റ്റേഴ്സ് അതോറിറ്റി. പുത്തന്‍ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന സര്‍ക്കാറിന്‍െറ ഫ്രീസോണ്‍ ഏജന്‍സിയാണിത്. ദുബൈ സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള ഏജന്‍സിയാണ് ദുബൈ എസ്.എം.ഇ. ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കലാണ് ഏജന്‍സിയുടെ ഉത്തരവാദിത്തം. 
ദുബൈയുടെ സാമ്പത്തിക വളര്‍ച്ചക്ക് ഉതകുന്ന തരത്തില്‍ പുതുസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കലാണ് നിരക്കിളവിലൂടെ ലക്ഷ്യമിടുന്നതെന്ന് അഹ്മദ് ബിന്‍ ബയാത്ത് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.