ഗതാഗത നിയമ ലംഘനം: മൂന്ന് മാസത്തിനിടെ പിഴ ലഭിച്ചത് ലക്ഷത്തിലധികം പേര്‍ക്ക്

അബൂദബി: 2016ലെ ആദ്യ മൂന്ന് മാസത്തില്‍ അബൂദബിയില്‍ ഗതാഗത നിയമ ലംഘനത്തിന് ലക്ഷത്തിലധികം പേര്‍ പിഴ ശിക്ഷക്ക് വിധേയരായി. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് ഇത്രയധികം പേര്‍ക്ക്  പിഴ ലഭിച്ചതെന്ന് ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി.  അമിത വേഗത, സീറ്റ് ബെല്‍റ്റുകള്‍ ധരിക്കാതിരിക്കുക, ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഹാര്‍ഡ്ഷോള്‍ഡറിലൂടെ മറികടക്കല്‍, മോശം ടയറുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങള്‍. 
താമസ കേന്ദ്രങ്ങളിലെ റോഡുകളിലെ പരമാവധി വേഗതയായ 60 കിലോമീറ്ററിന് മുകളില്‍ വാഹനമോടിച്ചതിനാണ് കൂടുതല്‍ പേര്‍ക്കും പിഴ ലഭിച്ചത്. മൊത്തം നിയമലംഘകരില്‍ 14 ശതമാനം പേരും താമസ കേന്ദ്രങ്ങളില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചവര്‍ ആയിരുന്നു.  
ഏറ്റവും കൂടുതല്‍ നിയമ ലംഘനം സീറ്റ്ബെല്‍റ്റ് ധരിക്കാതിരിക്കലായിരുന്നു. 18 ശതമാനം പേരാണ് ഈ നിയമ ലംഘനത്തിന് പിഴ അടക്കേണ്ടി വന്നത്. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പത്ത് ശതമാനം പേരും സുരക്ഷിതമല്ലാത്തതും മോശവുമായ ടയറുകള്‍ ഉപയോഗിച്ചതിനും പിടിയിലായി. ഹാര്‍ഡ് ഷോള്‍ഡറുകളിലൂടെ മറ്റ് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിച്ച സംഭവങ്ങളില്‍ 3616 പേരാണ് പിടിയിലായതെന്ന് ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ഖലീഫ അല്‍ ഖൈലി പറഞ്ഞു.  
ഗതാഗത വകുപ്പിന്‍്റെ എയര്‍വിങിന്‍െറ സഹായത്തോടെയാണ് നിരവധി നിയമലംഘനങ്ങള്‍ കണ്ടത്തൊനായത്. പിഴചുമത്തപ്പെട്ടവരില്‍ കൂടുതലും യുവാക്കളാണെന്നും പൊലീസ്  വ്യക്തമാക്കി. 

ഡ്രൈവിങിനിടെ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ശിക്ഷ 
കടുപ്പിക്കാന്‍ ശിപാര്‍ശ

ദുബൈ: ഭക്ഷണം കഴിച്ച് വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിക്കാന്‍ ദുബൈ പൊലീസ് ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന് ശിപാര്‍ശ ചെയ്തു. 
അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് ദുബൈ പൊലീസ് ആലോചിക്കുന്നത്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴയും നാല് ബ്ളാക്ക് പോയന്‍റുമാണ് നിലവിലെ ശിക്ഷ.  പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കുടിക്കുക,വായിക്കുക, ടെലിവിഷന്‍ കാണുക, മേക്കപ് ഇടുക, മുടി ചീകുക, പുകവലിക്കുക, തലപ്പാവ് ശരിയാക്കുക എന്നിവക്കും ശിക്ഷ ലഭിക്കും. ശിക്ഷ 1000 ദിര്‍ഹം പിഴയും 12 ബ്ളാക്ക് പോയന്‍റുമാക്കി ഉയര്‍ത്താനാണ് ശിപാര്‍ശ. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റുന്നതാണ് മിക്ക വാഹനാപകടങ്ങള്‍ക്കും കാരണമെന്ന് അടുത്തിടെ നടന്ന സര്‍വേകളില്‍ വ്യക്തമായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.