വെടിക്കെട്ട് ദുരന്തത്തില്‍  പ്രവാസലോകവും നടുങ്ങി

ദുബൈ: കൊല്ലം പരവൂരിലെ വെടിക്കെട്ടപകടം പ്രവാസലോകത്തെയും ദു:ഖത്തിലാഴ്ത്തി. ഞായറാഴ്ച നേരം പുലര്‍ന്നപ്പോള്‍ തന്നെ കേട്ട വാര്‍ത്തവരെല്ലാം കൂടുതല്‍ വിവരമാറിയാന്‍ ടെലിവിഷനുകള്‍ക്ക് മുന്നിലായിരുന്നു. മരണ സംഖ്യ ഇനിയും കൂടരുതെ എന്നായിരുന്നു എല്ലാവരുടെയും പ്രാര്‍ഥന. 
കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടത്തെക്കുറിച്ചു തന്നെയായിരുന്നു മലയാളികള്‍ കൂടിയ ഇടങ്ങളിലെല്ലാം ചര്‍ച്ച. വാട്ട്സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ദു:ഖം നിറഞ്ഞ പോസ്റ്റുകളായിരുന്നു മുഴുവന്‍. മരിച്ചവരില്‍ പ്രവാസികള്‍ വല്ലവരുമുണ്ടോ എന്ന അന്വേഷണവും പലരും നടത്തി.  സ്വന്തം കണ്‍മുമ്പില്‍ നടന്ന വേണ്ടപ്പെട്ടവരുടെ വിയോഗം പോലെ പലരും വാര്‍ത്തകള്‍ക്ക് പിന്നാലെ രാത്രിവരെയും കൂടി. നിരവധി സംഘടനകളും പ്രമുഖ വ്യക്തിത്വങ്ങളും നാടിനെ നടുക്കിയ ദുരന്തത്തില്‍ അനുശോചനവും നടുക്കവും രേഖപ്പെടുത്തി.
 പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ  കമ്പപ്പുരക്ക് തീ പിടിച്ചുണ്ടായ അപകടത്തില്‍ ദുബൈ കെ.എം.സി.സി അഗാധമായ ദുഃഖം രേഖപെടുത്തി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക് നാട്ടിലുള്ള ദുബൈ കെ.എം.സി.സിയുടെ നൂറു വളണ്ടിയര്‍മാര്‍ രക്തം നല്‍കും. സംസഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍  സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും, ആവശ്യമായ മറ്റു സഹായങ്ങളു ലഭ്യമാക്കുമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ.അന്‍വര്‍ നഹ, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മായില്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. 
അപകടത്തില്‍  ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ.റഹീം ദു:ഖം രേഖപ്പെടുത്തി.
വെടിക്കെട്ടപകടത്തില്‍ മരിച്ചവര്‍ക്ക് താനാളൂര്‍ യൂത്ത് സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറം അനുശോചിച്ചു. ഉത്സവങ്ങളിലും നേര്‍ച്ചകളിലും നടക്കുന്ന വെടിക്കെട്ടുകള്‍ നിരോധിക്കണമെന്നും,ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചിട്ടും വെടിക്കെട്ടിന് അനുമതി നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഭാരവാഹികളായ ഷഫീഖ് താനാളൂര്‍,ഷമീം,അസ്ലം,സലിം,റഷീദ് പിലാതോട്ടത്തില്‍,ഗഫൂര്‍.സി.സി, സനീഷ്.പി.മേനോന്‍  എന്നിവര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
മരിച്ചവരുടെ ബന്ധുക്കളുടെയും പരിക്കേറ്റവരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും    കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഒ.ഐ.സി.സി ഗ്ളോബല്‍ സെക്രട്ടറി കെ.സി.ഫിലിപ്പ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.