ഗസലുകളുടെ രാഗ മഴ തീര്‍ത്ത് റസാഖും ഇംതിയാസ് ബീഗവും

ഷാര്‍ജ: അറബ് നാടുകളില്‍ ഗസലുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയമാകുകയാണ് മലയാളി ദമ്പതികള്‍. അല്‍ഐനില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന കണ്ണൂര്‍ കുറുവ സ്വദേശി അബ്ദുല്‍ റസാക്കും ഭാര്യ ഇംതിയാസ് ബീഗവുമാണ് മലയാളി കൂട്ടായ്മകളില്‍ ഗസലുകളുടെ രാഗ മഴ തീര്‍ക്കുന്നത്. 
തിരുവനന്തപുരം കണിയാപുരക്കാരിയാണ് ആയൂര്‍വ്വേദ നഴ്സായ ഇംതിയാസ് ബീഗം. ഉമ്മ ഷംസാദ് ബീഗം കണ്ണൂരില്‍ വില്‍പ്പന നികുതി ഉദ്യോഗസ്ഥയായിരുന്നു. ഉപ്പ കണ്ണൂരിലെ വെസ്റ്റേണ്‍ ഇന്ത്യ പൈ്ളവുഡ് കമ്പനിയിലുമാണ് പ്രവര്‍ത്തിച്ചിരുന്നത്. 
കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് ഇവരുടെ വിവാഹത്തിലത്തെിച്ചത്. ഹിന്ദുസ്ഥാനി സംഗീതം ആസ്വദനം തലക്ക് പിടിച്ച പിതാവില്‍ നിന്നാണ്  ഇംതിയാസ് ബീഗത്തിലേക്ക് സംഗീതം അലയടിച്ചത്തെിയത്. 
കുട്ടിക്കാലം മുതല്‍ തന്നെ ബീഗം സംഗീത പഠനം തുടങ്ങി. പ്രശസ്ത പിന്നണി ഗായകന്‍ എം.ജി ശ്രികുമാറിന്‍െറ സഹോദരി ഓമന ടീച്ചറായിരുന്നു ഗുരു. പഠിച്ചത് കര്‍ണാടക സംഗീതമായിരുന്നെങ്കിലും മനസില്‍ നിറഞ്ഞ് തുളുമ്പിയിരുന്നത് ഗസലുകളായിരുന്നു. മാതാപിതാക്കളോടൊത്ത് കണ്ണൂരിലത്തെിയതോടെ സംഗീത സദസുകളില്‍ സ്ഥിരം സാന്നിധ്യമായി ഇംതിയാസ്. കൂടെ പാടാന്‍ റസാഖും ഉണ്ടായിരുന്നു. തെക്കു നിന്ന് പാറി വന്ന വാനം പാടിയെ റസാഖിന് അന്നേ നന്നായി ബോധിച്ചിരുന്നു. കുടുംബങ്ങള്‍ക്കും ആ ഗസല്‍ ബന്ധം ഇഷ്ടമായി. അങ്ങിനെയായിരുന്നു ഇവരുടെ വിവാഹം. പ്രമുഖ ഗായകരായ ഷുജാത് ഹുസൈന്‍ ഖാന്‍, കെ.എല്‍. സൈഗാള്‍, മെഹ്ദിഹസന്‍, ഗുലാം അലി, മുഹമ്മദ് റഫി, പങ്കജ് ഉദാസ്, ചിത്രാ സിംഗ്, ജഗ്ജിത് സിങ്, ഹരിഹരന്‍ ഉമ്പായി, ഷഹബാസ് അമന്‍, തലത് മഹ്മൂദ് തുടങ്ങിയവരുടെ ഗസലുകളാണ് ദമ്പതികള്‍ക്ക് പാടാനിഷ്ടം. യു.എ.ഇയില്‍ ഇവര്‍ കുടുംബമായി താമസിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം ആകുന്നതെയുള്ളു. ഇംതിയാസ് ബീഗം ഇടക്ക് അബുദബിയില്‍ താമസിക്കുന്ന പിതാവിന്‍െറ അടുത്ത് വരാറുണ്ട്. പാടാറുമുണ്ട്. യു.എ.ഇക്ക് പുറമെ ബഹ്റൈനില്‍ ഇവര്‍ ഗസലുകള്‍ പാടിയിട്ടുണ്ട്. ജിദ്ദയിലേക്ക് ഗസല്‍ പാടാന്‍ പോകാനുള്ള ഒരുക്കത്തിലാണിപ്പോള്‍. 
ന്യുജനറേഷന്‍ കാലത്തും ഗസലുകളോടുള്ള പ്രണയം കൂടി വരുന്നതായി റസാഖും ഇംതിയാസും പറഞ്ഞു. ഹൃദയത്തില്‍ പ്രണയ വസന്തം തീര്‍ക്കാനുള്ള അതിന്‍െറ കഴിവാണ് അതിനു കാരണം. നിലാവില്‍ കുളിച്ച് കിടക്കുന്ന രാവിനെ തഴുകി ഗസലുകള്‍ പോകുമ്പോളാണ് പൂക്കള്‍ വിടരുന്നതെന്നാണ് ഇവരുടെ വാദം. ഒരു കാലത്ത് മലബാറിന്‍െറ മുക്കിലും മൂലയിലും സംഗീത കൂട്ടായ്മകള്‍ സജീവമായിരുന്നു. ജോലിയും കുളിയും കഴിഞ്ഞ് സംഗീതത്തിന്‍െറ ലോകത്തിലേക്ക് ഓടുകയായിരുന്നു അവര്‍. പക്ഷേ ഇന്ന് അത്തരത്തിലുള്ള കൂട്ടായ്മകള്‍ക്ക് ശോഷണം നേരിട്ടത് പുതിയ തലമുറയുടെ നഷ്ടമാണെന്ന് റസാഖ് പറഞ്ഞു. 
ആദ്യകാലങ്ങളില്‍ ഗസലുകള്‍ രചിച്ചിരുന്നത് പേര്‍ഷ്യനിലും, ടര്‍ക്കിഷിലുമായിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലത്തെിയതോടെ ഉര്‍ദുവിലും അതു രചിക്കാന്‍ തുടങ്ങി. ഏറ്റവും ഭാവസാന്ദ്രമായി ഗസലുകള്‍ രചിച്ചിരിക്കുന്നത് ഉര്‍ദുവിലും പേര്‍ഷ്യനിലുമാണ്. 
മലയാളത്തിലേക്ക് ഇതിനെ കൊണ്ട് വന്നത് എം.എസ്.ബാബുരാജാണെന്നാണ് റസാഖിന്‍െറ വാദം.ഉമ്പായിയും ഷഹ്ബാസ് അമനുമാണ് ഇപ്പോള്‍ മലയാള ഗസലിനെ കൊണ്ട് നടക്കുന്നത്.
ദുബൈയില്‍ ബഷീര്‍ സില്‍സിലയുടെ വീട്ടില്‍ അവധി ദിനങ്ങളില്‍ അരങ്ങേറുന്ന ഗസല്‍ രാത്രിയിലേക്ക് ഇവര്‍ വിരുന്ന് വരാറുണ്ട്. മെഹ്ഫിലും ഗസലും ഖയാലും തുമ്രിയും കവ്വാലിയും കൊണ്ട് ഇവര്‍ രാവിനെ പകലാക്കി മാറ്റും.  മാതാപിതാക്കളുടെ സംഗീത പ്രേമം മൂന്ന് വയസുകാരി സൈനബുല്‍ യുസ്റയുടെ ചുണ്ടത്തും തത്തി കളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.