എക്സ്പോ 2020: ആറുമാസം നീളുന്ന എക്സ്പോയില്‍ പങ്കെടുക്കാന്‍ സ്വിറ്റ്സര്‍ലാന്‍റ് കരാറില്‍ ഒപ്പിട്ടു

ദുബൈ: യു.എ.ഇയുടെ വികസന കുതിപ്പിന് കരുത്തേകുമെന്ന് കരുതുന്ന എക്സ്പോ 2020യില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച കരാറില്‍ സ്വിറ്റ്സര്‍ലാന്‍റ് ഒപ്പിട്ടു. എക്സ്പോ 2020 ദുബൈ ഉന്നത സമിതി ചെയര്‍മാനും ദുബൈ വ്യോമയാന അതോറിറ്റി- എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂമും യു.എ.ഇയിലെ സ്വിറ്റ്സര്‍ലാന്‍റ് അംബാസഡര്‍ മയ ടിസാഫിയും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്. എക്സ്പോയില്‍ പങ്കെടുക്കാന്‍ ഒൗദ്യോഗികമായി താല്‍പര്യം പ്രകടിപ്പിക്കുന്ന ആദ്യ രാജ്യം കൂടിയായി സ്വിറ്റ്സര്‍ലാന്‍റ് മാറി. 
എക്സ്പോ 2020ല്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ കഴിഞ്ഞയാഴ്ചയാണ് തീരുമാനമെടുത്തത്. 5.7 കോടി ദിര്‍ഹം ചെലവില്‍ എക്സ്പോ വേദിയില്‍ സ്വിസ് പവലിയന്‍ നിര്‍മിക്കാനും അനുമതി നല്‍കി. ഗള്‍ഫ് മേഖലയിലെ പ്രമുഖ സാമ്പത്തിക- രാഷ്ട്രീയ ശക്തിയായ യു.എ.ഇയില്‍ നടക്കുന്ന എക്സ്പോയില്‍ പങ്കെടുക്കുന്നത് സ്വിറ്റ്സര്‍ലാന്‍റിന് പുത്തന്‍ അവസരങ്ങള്‍ തുറക്കുമെന്ന് ഫെഡറല്‍ കൗണ്‍സില്‍ വിലയിരുത്തി. പുനരുപയോഗ ഊര്‍ജം, ഗതാഗതം, പരിസ്ഥിതി മേഖലകളില്‍ നവീന പദ്ധതികള്‍ക്ക് എക്സ്പോ വഴിയൊരുക്കുമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. 
വേള്‍ഡ് എക്സ്പോ സംഘാടകരായ ബ്യൂറോ ഇന്‍റര്‍നാഷണല്‍ ദസ് എക്സ്പോസിഷന്‍സിന്‍െറ സ്ഥാപക അംഗമായ സ്വിറ്റ്സര്‍ലാന്‍റ് ഇതുവരെ നടന്ന പ്രധാന എക്സ്പോകളിലെല്ലാം പങ്കെടുത്തിട്ടുണ്ട്.   
മികച്ച ഭാവി സൃഷ്ടിക്കാനുള്ള ഒത്തുചേരലായ എക്സ്പോയില്‍ സ്വിറ്റ്സര്‍ലാന്‍റ് പങ്കെടുക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്ന് ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം പറഞ്ഞു. നാലുവര്‍ഷം ശേഷിക്കെ തന്നെ സ്വിസ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത് എക്സ്പോയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ യു.എ.ഇ വഹിക്കുന്ന നേതൃപരമായ മികവിനുള്ള അംഗീകാരം കൂടിയാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത 50 വര്‍ഷത്തേക്ക് സമൂഹത്തിന്‍െറ വളര്‍ച്ചക്കും വികസനത്തിനും ആവശ്യമായ ആശയങ്ങള്‍ പങ്കുവെക്കാനും പ്രാവര്‍ത്തികമാക്കാനും ഉതകുന്ന എക്സ്പോയിലേക്ക് സ്വിറ്റ്സര്‍ലാന്‍റിനെ സ്വാഗതം ചെയ്യുകയാണെന്ന് എക്സ്പോ 2020 ഡയറക്ടര്‍ ജനറലും യു.എ.ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയുമായ റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി പറഞ്ഞു. എക്സ്പോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതിലൂടെ യു.എ.ഇയും സ്വിറ്റ്സര്‍ലാന്‍റും തമ്മിലുള്ള ബന്ധം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വിസ് അംബാസഡര്‍ മയ ടിസാഫി അഭിപ്രായപ്പെട്ടു. 
2020 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെയാണ് എക്സ്പോക്ക് ദുബൈ ആതിഥ്യം വഹിക്കുന്നത്. 180ഓളം രാജ്യങ്ങള്‍ എക്സ്പോയില്‍ പങ്കെടുക്കും. 2.5 കോടി സന്ദര്‍ശകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

എക്സ്പോ വേദി നിര്‍മാണം പുരോഗമിക്കുന്നു

ദുബൈ സൗത്തില്‍ നടക്കുന്ന എക്സ്പോ 2020 വേദി നിര്‍മാണ പ്രവൃത്തികള്‍
 

ദുബൈ: എക്സ്പോ 2020 വേദി നിര്‍മാണം ജബല്‍ അലിയിലെ ദുബൈ സൗത്തില്‍ പുരോഗമിക്കുന്നു. വേള്‍ഡ് എക്സ്പോ സംഘാടകരായ ബ്യൂറോ ഇന്‍റര്‍നാഷണല്‍ ദസ് എക്സ്പോസിഷന്‍സ് (ബി.ഐ.ഇ) പ്രതിനിധികള്‍ കഴിഞ്ഞദിവസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ദുബൈയിലത്തെി. ദുബൈയെ എക്സ്പോ വേദിയായി തെരഞ്ഞെടുത്ത ശേഷം ബി.ഐ.ഇ പ്രതിനിധികള്‍ നടത്തുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. എക്സ്പോ ഒരുക്കങ്ങളില്‍ ബി.ഐ.ഇ സെക്രട്ടറി ജനറല്‍ വിസന്‍റ് ലൊസര്‍ടെയില്‍സ് സംതൃപ്തി പ്രകടിപ്പിച്ചു. 
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ എക്സ്പോ വേദിയിലെ മണ്ണ് നീക്കുന്ന പ്രവൃത്തി നടക്കുകയാണ്. 39 ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് ഇതിനകം നീക്കിക്കഴിഞ്ഞു. ആല്‍ മക്തൂം വിമാനത്താവളത്തിന് സമീപം 438 ഹെക്ടര്‍ പ്രദേശത്താണ് വേദി നിര്‍മാണം നടക്കുന്നത്. എക്സ്പോയില്‍ പങ്കെടുക്കുന്ന കൂടുതല്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ അടുത്തമാസം വേദി സന്ദര്‍ശിക്കാനത്തെും. നിര്‍മാണ പ്രവൃത്തികള്‍ നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകുകയാണെന്ന്  എക്സ്പോ 2020 ഡയറക്ടര്‍ ജനറലും യു.എ.ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയുമായ റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി പറഞ്ഞു. 
എക്സ്പോ 2020യുടെ പുതിയ ലോഗോ അടുത്തിടെ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രകാശനം ചെയ്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.