ഗതാഗത പിഴയടച്ചില്ളെങ്കില്‍ രാജ്യം വിടാനാകില്ല

ദുബൈ: ഗതാഗത പിഴകള്‍ അടക്കാതെ മുങ്ങുന്നവരെ കുടുക്കാന്‍ രാജ്യത്ത് പുതിയ നിയമനിര്‍മാണത്തിന് ആലോചന. ഗതാഗത പിഴകള്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗവുമായി ബന്ധിപ്പിക്കാന്‍ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ശിപാര്‍ശ ചെയ്തു. സ്ഥിരമായോ അവധിക്കായോ രാജ്യം വിടുന്നവര്‍ മുഴുവന്‍ ഗതാഗത പിഴകളും അടച്ചുതീര്‍ത്തുവെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും. 
പിഴ അടക്കാത്തവര്‍ക്ക് യാത്ര നിഷേധിക്കും. ഗതാഗത പിഴകള്‍ അടക്കാതെ രാജ്യം വിട്ടുപോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മാണത്തിന് ശിപാര്‍ശ നല്‍കിയിരിക്കുന്നതെന്ന് കൗണ്‍സില്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. 
ശിപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയാണെങ്കില്‍ കര, കടല്‍, വായു മാര്‍ഗം രാജ്യം വിടുന്ന വിദേശികള്‍ മുഴുവന്‍ ഗതാഗത പിഴയും അടച്ചുതീര്‍ക്കേണ്ടിവരും. പിഴ കുടിശ്ശികയുള്ള സ്വദേശികളുടെ എല്ലാ ഗതാഗത ഫയലുകള്‍ തടഞ്ഞുവെക്കും. ഗതാഗത പിഴകള്‍ അടക്കാന്‍ വിമാനത്താവളങ്ങളിലും മറ്റ് അതിര്‍ത്തി ചെക്പോസ്റ്റുകളിലും സ്മാര്‍ട്ട് ഉപകരണങ്ങളും എ.ടി.എമ്മുകളും സ്ഥാപിക്കും. ഇതോടെ പിഴ അടക്കല്‍ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.  ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് വൈദ്യ പരിശോധന നിര്‍ബന്ധമാക്കാനും ശിപാര്‍ശയുണ്ട്. ഗുരുതര രോഗമുള്ളവരുടെ വിശദാംശങ്ങള്‍ ആശുപത്രികള്‍ ലൈസന്‍സിങ് അതോറിറ്റിക്ക് കൈമാറണം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അപസ്മാരം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ ഉള്ളവര്‍ക്ക് രോഗത്തിന്‍െറ തീവ്രത അനുസരിച്ച് മാത്രമേ ലൈസന്‍സ് അനുവദിക്കൂ. ലൈസന്‍സ് നല്‍കിയ വ്യക്തിക്ക് രോഗം മൂലം അപകടം ഉണ്ടാകുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ക്കായിരിക്കും അതിന്‍െറ ഉത്തരവാദിത്തം. എന്നാല്‍ ലൈസന്‍സ് അനുവദിച്ചതിന് ശേഷമാണ് രോഗബാധിതനാകുന്നതെങ്കില്‍ ഡ്രൈവര്‍ അക്കാര്യം അധികൃതരെ അറിയിക്കണം.   അമിതവേഗക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ശിപാര്‍ശയുണ്ട്. നിശ്ചിത വേഗപരിധിയിലും 50 ശതമാനം കൂടുതല്‍ വേഗത്തില്‍ ഓടിക്കുകയാണെങ്കില്‍ വാഹനം പിടിച്ചെടുക്കും. 
രാജ്യത്തിലെ ഹൈവേകളില്‍ ഏറ്റവും കുറഞ്ഞ വേഗപരിധി നിശ്ചയിക്കും. സൗദി അതിര്‍ത്തി മുതല്‍ ഫുജൈറ വരെ ഹെവി ട്രക്കുകള്‍ക്ക് മാത്രമായി പ്രത്യേക ഹൈവേ നിര്‍മിക്കും. ഡ്രൈവര്‍മാരുടെ ട്രാഫിക് ഫയലുകള്‍ എമിറേറ്റ്സ് ഐ.ഡി അടിസ്ഥാനമാക്കി ഏകീകരിക്കും.
 200 സി.സിക്ക് താഴെയുള്ള ബൈക്കുകള്‍ക്കും അതിന് മുകളിലുള്ളവക്കുമായി പ്രത്യേകം ലൈസന്‍സിങ് സമ്പ്രദായം ആവിഷ്കരിക്കും. 
200 സി.സിക്ക് താഴെയുള്ള ബൈക്കുകള്‍ ഓടിക്കാന്‍ 18 വയസ്സും അതിന് മുകളിലുള്ളവക്ക് 21 വയസ്സും പ്രായപരിധി നിശ്ചയിക്കും. ലൈസന്‍സിന്‍െറ കാലാവധി 10 വര്‍ഷത്തില്‍ നിന്ന് അഞ്ചായി കുറക്കാനും ശിപാര്‍ശയുണ്ട്. യോഗത്തില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അധ്യക്ഷത വഹിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.