പൊടിപറത്തി തെക്കന്‍ കാറ്റ്; വേഗം കുറഞ്ഞ് ജനജീവിതം

അബൂദബി: ബുധനാഴ്ച വൈകുന്നേരം തുടങ്ങിയ തെക്കന്‍ കാറ്റില്‍ അന്തരീക്ഷത്തിലുയര്‍ന്ന പൊടിപടലങ്ങള്‍ യു.എ.ഇയില്‍ ജനജീവിതത്തെ നേരിയ തോതില്‍ ബാധിച്ചു. അബൂദബിയുടെ ചില ഭാഗങ്ങളിലും സ്വയ്ഹാനിലും കാഴ്ചശക്തി 500 മീറ്ററിനുള്ളില്‍ ഒതുങ്ങി. വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി കുറക്കണമെന്ന് വ്യാഴാഴ്ച അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 
അബൂദബി നഗരത്തിലും ഹൈവേകളിലും ഉള്‍പ്രദേശങ്ങളിലും 1500 മീറ്ററില്‍ കുറവായിരുന്നു കാഴ്ചാപരിധി. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1200 മീറ്ററും അല്‍ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1800 മീറ്ററുമായിരുന്നു.
സ്വയ്ഹാന്‍, ഫലാജ് അല്‍ മുഅല്ല എന്നിവിടങ്ങളില്‍ മിതമായ മഴയും അല്‍ ദൈദില്‍ നേരിയ മഴയും ലഭിച്ചു. രാജ്യത്ത് വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് 50.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു. വൈകുന്നേരം 4.15ന് മുഖാരിസിലാണ് ഈ ചൂട് രേഖപ്പെടുത്തിയത്. 
പൊടിക്കാറ്റടിക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധയോടും സുരക്ഷിതമായും വാഹനങ്ങള്‍ ഓടിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോടാവശ്യപ്പെട്ടു. കാറ്റില്‍ പറന്നത്തെുന്ന മണല്‍ റോഡില്‍ കൂടിക്കിടക്കുന്നതാണ് റോഡപകടത്തിന് മുഖ്യ കാരണമാകുക. വേഗതയിലത്തെുന്ന വാഹനങ്ങള്‍ ബ്രേക്ക് ലഭിക്കാതെ മണലില്‍ തെന്നിനീങ്ങും. 
അതിനാല്‍ വേഗത കുറക്കാനും വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാനും ശ്രദ്ധിക്കണം. കാഴ്ചാപരിധി വലിയ തോതില്‍ ചുരുങ്ങുന്ന പക്ഷം വാഹനങ്ങള്‍ റോഡിന്‍െറ വലതുവശത്ത് നിര്‍ത്തിയിട്ട് അപായ ലൈറ്റുകള്‍ തെളിയിക്കണം. മരങ്ങള്‍, സൂചനാബോര്‍ഡുകള്‍ എന്നിവയുടെ ചുവട്ടിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപവും വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. നിര്‍മാണ പ്രവൃത്തി വസ്തുക്കള്‍, മരക്കൊമ്പുകള്‍, ഈത്തപ്പനക്കൊതുമ്പുകള്‍ തുടങ്ങിയവ റോഡിലുണ്ടോയെന്ന് ശ്രദ്ധിക്കണം. മഞ്ഞുള്ള സമയത്ത് ഉയര്‍ന്ന പ്രദേശങ്ങളിലൂടെയും താഴ്ന്ന പ്രാേശങ്ങളിലൂടെയും വാഹനമോടിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.