???? ??????????? ?????? ???? ?????? ??????

ദുബൈ ടാക്സികളില്‍ പരസ്യ  പ്രചാരണവുമായി കേരള ടൂറിസം

ദുബൈ: മിഡിലീസ്റ്റ് രാജ്യങ്ങളിലെ വിദേശ വിനോദസഞ്ചാര സീസണിന്‍െറ വരവോടെ അറബ് യാത്രികരെ ലക്ഷ്യമിട്ട് ദുബൈ നഗരത്തിലെ ടാക്സികളില്‍ കേരളത്തിന്‍െറ സവിശേഷതകള്‍ വ്യക്തമാക്കുന്ന സചിത്ര പരസ്യവുമായി കേരള ടൂറിസം പ്രചാരണം തുടങ്ങി. കേരളത്തിന്‍െറ മലയോരങ്ങളും കായലുകളും വെള്ളച്ചാട്ടങ്ങളും ആയുര്‍വേദ ചികിത്സാരീതികളും അടക്കമുള്ള ദൃശ്യങ്ങള്‍ക്കൊപ്പം ‘നാലുമണിക്കൂറില്‍ ഒരു സ്വപ്നദേശം’ എന്ന സന്ദേശം വഹിക്കുന്ന 200ഓളം കേരള ബ്രാന്‍ഡ് ടാക്സികളാണ് ദുബൈ തെരുവുകളില്‍ ഇറങ്ങിയിരിക്കുന്നത്. 
അറബ് വേനലിന്‍െറ കാഠിന്യത്തിനിടെ സന്ദര്‍ശിക്കുന്നതിനായി കേരളത്തിന്‍െറ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പരസ്യങ്ങളാണ് ടാക്സികളിലുള്ളത്. അനുകൂല കാലാവസ്ഥക്ക് പുറമേ താരതമ്യേനയുള്ള സാമീപ്യവും കേരളവും ഗള്‍ഫ് രാജ്യങ്ങളിലെ നഗരങ്ങളും ഉള്‍പ്പെടുത്തിയുള്ള മികച്ച വ്യോമയാന ശൃംഖലയും സംസ്ഥാനത്തേക്ക് അവധിക്കാല യാത്രികരെ ആകര്‍ഷിക്കുന്നത് എളുപ്പമാക്കും. 
ലണ്ടനിലെ ടാക്സി ക്യാബുകളിലും മുംബൈ മെട്രോയിലും ഇതിന് മുമ്പ് നടത്തിയ വിജയകരമായ ബ്രാന്‍ഡിങ് ശ്രമങ്ങളുടെ തുടര്‍ച്ചയായുള്ള പ്രചരണം ആഗസ്്റ്റ് 15 വരെ നീളും. വിനോദസഞ്ചാര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ കേരളത്തിന്‍െറ ഖ്യാതി വര്‍ധിപ്പിക്കുക മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ വിനോദസഞ്ചാര വിപണിയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം അംഗീകരിക്കുന്നതുകൂടിയാണ് പ്രചാരണം. 2015ലെ വിദേശയാത്രകളില്‍ ഒമ്പത് ശതമാനം വര്‍ധനവുമായി ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ളതായി മാറിയിരിക്കുകയാണ് ഈ വിപണി.
അറബ് സഞ്ചാരികള്‍ പണം ചെലവിടുന്ന കാര്യത്തിലും മുമ്പിലാണ്. 2015ല്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിന് ഒരു ലക്ഷത്തില്‍പ്പരം സന്ദര്‍ശകരെ ലഭിച്ചിരുന്നു. യു.എ.ഇയില്‍ നിന്ന് മാത്രമായി സംസ്ഥാനത്തിന് 20,506 സന്ദര്‍ശകരെ ലഭിച്ചു. 51,149 സന്ദര്‍ശകരുമായി സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഒമാനില്‍നിന്ന് 18, 762 വിനോദസഞ്ചാരികളും കേരളത്തിലത്തെിയിരുന്നു. കേരളത്തിലെ കാലവര്‍ഷവും ഗള്‍ഫ് രാജ്യങ്ങളിലെ അവധിക്കാലവും ഒരേസമയം വരുന്നതിനാല്‍ ചൂട്  ഒഴിവാക്കി തണുത്ത കാലാവസ്ഥയും ഹരിതഭംഗിയും തേടുന്ന യാത്രക്കാരുടെ വരവില്‍ നിന്ന് കേരളത്തിന് സാധ്യത ഏറെയുണ്ടെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.