നന്മ നിറഞ്ഞ ജാസിമിന് പ്രവാസ മലയാളത്തിന്‍െറ ആദരം

ദുബൈ: ആഗസ്റ്റ് മൂന്നിന് ദുബൈയിലുണ്ടായ എമിറേറ്റ്സ് വിമാന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളികളാരും ജാസിം ഈസ ഹസന്‍ ബലൂഷിയെന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥനെ മറക്കില്ല.
സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് 300ഓളം യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീരമൃത്യു വരിച്ച ജാസിം അറബ് ധീരതയുടെ പ്രതീകമാണ്. ജാസിമിന്‍െറ ധീര പ്രവൃത്തിക്ക് എത്ര നന്ദിയോതിയാലും മതിയാകില്ല പ്രവാസി മലയാളികള്‍ക്ക്. അദ്ദേഹത്തിന്‍െറ റാസല്‍ഖൈമയിലെ വസതിയിലേക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഇപ്പോഴും ഒഴുകിയത്തെുന്ന ആയിരങ്ങള്‍ ഇതിന് തെളിവാണ്. ജാസിമിന് അര്‍ഹമായ ആദരവ് നല്‍കണമെന്ന അവരുടെ ആഗ്രഹം സാക്ഷാത്കരിക്കാനൊരുങ്ങുകയാണ് പ്രവാസി മലയാളികളുടെ നേര്‍ശബ്ദമായ ‘ഗള്‍ഫ് മാധ്യമ’വും മീഡിയവണും. യു.എ.ഇയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ ജാസിമിന്‍െറ കുടുംബാംഗങ്ങള്‍ മരണാനന്തര അംഗീകാരം ഏറ്റുവാങ്ങും. ചെറുപ്പം മുതല്‍ സഹജീവികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി ‘ജാസിമുല്‍ ഹൈര്‍’ എന്ന വിളിപ്പേരിന് അര്‍ഹനായയാളാണ് ജാസിം.
ഒഴിവ് സമയങ്ങളിലും റമദാനില്‍ പ്രത്യേകിച്ചും ജാസിമിന്‍െറ മനസ്സും ശരീരവും ബുദ്ധിമുട്ടുന്നവര്‍ക്കൊപ്പമായിരുന്നു. ടെന്‍റുകളിലും ലേബര്‍ ക്യാമ്പുകളിലും ഭക്ഷണവും മറ്റു സഹായങ്ങളുമായി ജാസിമുണ്ടാകും. വഴിയാത്രക്കാര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന ജാസിമിന്‍െറ പ്രവൃത്തി ആയിരങ്ങള്‍ക്കാണ് ആശ്വാസമേകിയിരുന്നത്. പ്രിയ മകന്‍െറ വേര്‍പാടിന്‍െറ ദുഃഖത്തിനിടയിലും രാജ്യത്തിന് വേണ്ടി അവനെ സമര്‍പ്പിക്കാന്‍ കഴിഞ്ഞതിന്‍െറ അഭിമാനമാണ് പിതാവ് ഈസ അല്‍ ബലൂഷിയുടെ മുഖത്ത്.
ഈ നിശ്ചയദാര്‍ഢ്യത്തിനുള്ള അംഗീകാരം കൂടിയാകും ചടങ്ങ്. മരണാനന്തരം പ്രവാസി മലയാളികളുടെ സ്നേഹഭാജനമായി മാറിയ തന്‍െറ മകന്‍ ഇനി നിങ്ങളുടേത് കൂടിയാണെന്നും ഉചിതമായ ആദരവ് സമര്‍പ്പിക്കുന്നതില്‍ അഭിമാനമേയുള്ളൂവെന്നും ഈസ അല്‍ ബലൂഷി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.