ദുബൈ: എമിറേറ്റ്സ് റോഡിലും ദൈദ്- ഷാര്‍ജ റോഡിലും ട്രക്കുകള്‍ നിര്‍ത്തിയിടാന്‍ കൂടുതല്‍ കേന്ദ്രങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നതായി യു.എ.ഇ അടിസ്ഥാന സൗകര്യ വികസന വകുപ്പ് അറിയിച്ചു. എമിറേറ്റ്സ് റോഡില്‍ മൂന്ന് കേന്ദ്രങ്ങളുടെ നിര്‍മാണമാണ് നടക്കുന്നത്. പദ്ധതി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് ബെല്‍ഹൈഫ് അല്‍ നുഐമി ഞായറാഴ്ച സന്ദര്‍ശനം നടത്തി.
തിരക്കേറിയ സമയത്ത് റോഡുകളില്‍ പ്രവേശം നിഷേധിക്കുന്ന ട്രക്കുകള്‍ക്ക് നിര്‍ത്തിയിടാനുള്ള കേന്ദ്രമാണിത്. ഓരോ കേന്ദ്രത്തിലും 300 ട്രക്കുകള്‍ക്ക് നിര്‍ത്തിയിടാന്‍ സൗകര്യമുണ്ടാകും. റസ്റ്റോറന്‍റുകളും പള്ളികളും ഇതോടനുബന്ധിച്ചുണ്ടാകും. എമിറേറ്റ്സ് റോഡിന്‍െറ റാസല്‍മൈഖ ശുഹദാ സ്ട്രീറ്റ് വരെയുള്ള നിര്‍മാണം പൂര്‍ത്തിയായാല്‍ ട്രക്കുകള്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്ക് കടക്കുന്നത് തടയുമെന്ന് മന്ത്രി പറഞ്ഞു.
ഉമ്മുല്‍ഖുവൈനിലേക്കുള്ള പ്രവേശ കവാട പദ്ധതി പ്രവര്‍ത്തനങ്ങളും അല്‍ ബാദീ പാലത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനവും മന്ത്രി പരിശോധിച്ചു. 200 ദശലക്ഷം ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന മൂന്ന് വരി അല്‍ ബാദീ പാലത്തിന്‍െറ പണികള്‍ അടുത്തവര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് യൂനിവേഴ്സിറ്റി കാമ്പസിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാകും.
ഉമ്മുല്‍ഖുവൈന്‍ പ്രവേശ കവാട പദ്ധതിയില്‍ ആറ് പാലങ്ങളാണുള്ളത്. രണ്ട് പ്രധാന പാലങ്ങളും രണ്ട് തുരങ്കപാതകളും ഇതില്‍ ഉള്‍പ്പെടും.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ അല്‍ ഇത്തിഹാദ് റോഡ്, ഫലജ് അല്‍ മുഅല്ല റോഡ് എന്നിവിടങ്ങളിലേക്ക് ഉമ്മുല്‍ഖുവൈന്‍ പട്ടണത്തില്‍ നിന്നുള്ള യാത്ര എളുപ്പമാകും. പദ്ധതിയുടെ 78 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.