എമിറേറ്റ്സ് തിരുവനന്തപുരം സര്‍വീസിന് 10 വയസ്സ്

ദുബൈ: കേരള തലസ്ഥാനമായ തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്സ് വിമാന സര്‍വീസിന് 10 വയസ്സ് തികയുന്നു. ദുബൈക്കും തിരുവനന്തപുരത്തിനുമിടയില്‍ ഇതിനകം 20 ലക്ഷത്തോളം യാത്രക്കാരെ കൊണ്ടുപോകാനും 1,05,000 ടണ്‍ ചരക്ക് നീക്കം നടത്താനും എമിറേറ്റ്സിന് കഴിഞ്ഞതായി വെസ്റ്റ് ഏഷ്യ ആന്‍ഡ് ഇന്ത്യന്‍ ഓഷ്യന്‍ കമേഴ്സ്യല്‍ ഓപറേഷന്‍സ് സീനിയര്‍ വൈസ്പ്രസിഡന്‍റ് അഹ്മദ് ഖൂരി പറഞ്ഞു. 
2006ല്‍ തുടങ്ങിയ തിരുവനന്തപുരം സര്‍വീസ് എമിറേറ്റ്സിന്‍െറ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ്. വിനോദസഞ്ചാരം, വ്യാപാരം, മെഡിക്കല്‍ ടൂറിസം എന്നിവക്കായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ആഴ്ചയില്‍ 12 സര്‍വീസുകളാണ് എമിറേറ്റ്സിനുള്ളത്. ഒരുവിമാനത്തിന് 17 ടണ്‍ കാര്‍ഗോ ശേഷിയാണുള്ളത്. ഓണം, വിഷു പോലുള്ള തിരക്കേറിയ സീസണില്‍ ചരക്കുനീക്കത്തിനായി ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് നടത്തുന്നു. എമിറേറ്റ്സ് ബോയിങ് 777 ചരക്കുവിമാനത്തിന് 103 ടണ്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്.  2015ല്‍ എമിറേറ്റ്സിന്‍െറ ഇന്ത്യയിലേക്കുള്ള സര്‍വീസ് 30 വര്‍ഷം തികച്ചിരുന്നു. നിലവില്‍ ഇന്ത്യയിലെ പത്തിടങ്ങളിലേക്കാണ് എമിറേറ്റ്സ് സര്‍വീസ് നടത്തുന്നത്. 
കേരളത്തില്‍ തിരുവനന്തപുരത്തിന് പുറമെ കൊച്ചിയിലേക്കാണ് ഇപ്പോള്‍ സര്‍വീസുള്ളത്. വിമാനത്താവള അറ്റകുറ്റപണിയെ തുടര്‍ന്ന് കോഴിക്കോട് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.