സാറ അല്‍ അമീരി ശാസ്ത്രജ്ഞ കൗണ്‍സില്‍ മേധാവി

ദുബൈ: മന്ത്രിസഭാ ഘടനയിലെ പരിഷ്കരണത്തിന്‍െറ ഭാഗമായി രണ്ട് സുപ്രധാന തസ്തികകളിലെ നിയമനങ്ങള്‍ കൂടി യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. എമിറേറ്റ്സ് ശാസ്ത്രജ്ഞ കൗണ്‍സില്‍ മേധാവിയായി സാറ അല്‍ അമീരിയെയും മന്ത്രിസഭാ സെക്രട്ടറി ജനറലായി അബ്ദുല്ല മുഹമ്മദ് അല്‍ മര്‍റിയെയും നിയമിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 
രാജ്യത്തെ ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതുതായി ശാസ്ത്രജ്ഞ കൗണ്‍സില്‍ രൂപവത്കരിച്ചിരിക്കുന്നത്. ശാസ്ത്രജ്ഞന്മാര്‍ക്കും ഗവേഷകര്‍ക്കുമായി വിവിധ പരിപാടികള്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിക്കും. സര്‍ക്കാറിന് ശാസ്ത്ര വിഷയങ്ങളില്‍ ഉപദേശം നല്‍കുകയും ചെയ്യും. 
ദുബൈ മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിന്‍െറ കീഴില്‍ നടക്കുന്ന ചൊവ്വാ ദൗത്യത്തിനുള്ള സ്വദേശി ശാസ്ത്രജ്ഞരെ നയിക്കുന്നതും സാറ അല്‍ അമീരിയാണ്. അഡ്വാന്‍സ്ഡ് സിസ്റ്റം പ്രോഗ്രാം മാനേജറായ 29കാരിക്ക് ചൊവ്വാ ദൗത്യ സംഘത്തിലേക്ക് അന്താരാഷ്ട്ര- ദേശീയ സര്‍വകലാശാലകളില്‍ നിന്ന് പ്രതിഭകളെ ആകര്‍ഷിക്കുകയെന്ന ഉത്തരവാദിത്തം കൂടിയുണ്ട്. നേരത്തെ എമിറേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷാര്‍ജ അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ എന്‍ജിനിയറിങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.   
യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ എക്സിക്യൂട്ടിവ് ഓഫിസ് ഡയറക്ടര്‍ ജനറലായിരുന്നു അബ്ദുല്ല മുഹമ്മദ് അല്‍ മര്‍റി. കാബിനറ്റ് കാര്യ മന്ത്രാലയത്തില്‍ ഗവണ്‍മെന്‍റ് ഡെവലപ്മെന്‍റ് ഓഫിസ് എക്സിക്യൂട്ടിവ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സായുധസേനയില്‍ 11 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചുള്ള ഇദ്ദേഹം ദുബൈ യൂനിവേഴ്സിറ്റി ഓഫ് വൊല്ളോങ്കോങില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.