അബൂദബി: യു.എ.ഇയെ വികസനത്തിന്‍െറ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിന് വേഗതയാര്‍ന്ന പദ്ധതികളുമായി പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം. വികസനം വേഗത്തിലാക്കുന്നതിന് 100 ദിന കര്‍മ പദ്ധതിയും മന്ത്രിസഭ പ്രഖ്യാപിച്ചു.
ഇതോടൊപ്പം വിവിധ മേഖലകളിലെ വികസനത്തിന് ആക്കം കൂട്ടുന്നതിന് കൗണ്‍സിലുകളും രൂപവത്കരിച്ചിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ അധ്യക്ഷതയില്‍ അബൂദബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തില്‍ യു.എ.ഇ സര്‍ക്കാര്‍ സമസ്ത മേഖലകളിലും വളര്‍ച്ച കൈവരിച്ചതായും പുതിയ മന്ത്രിസഭയിലൂടെ ഭാവിയിലെ വികസനത്തിന്‍െറ ചാലകശക്തിയാകുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. പുതിയ മന്ത്രിമാരെ സ്വാഗതം ചെയ്യുകയും മുന്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്ത ശൈഖ് മുഹമ്മദ്, കഴിഞ്ഞ പതിറ്റാണ്ട് വളര്‍ച്ചയുടെയും നേട്ടങ്ങളുടെയും കാലഘട്ടമായിരുന്നുവെന്ന് വ്യക്തമാക്കി. വരുന്ന പതിറ്റാണ്ടില്‍ പരിശ്രമങ്ങള്‍ ഇരട്ടിയാക്കുകയും സേവനങ്ങളിലും വികസനത്തിലും കൂടുതല്‍ പുരോഗതി കൈവരിക്കുകയും വേണം.
യുവജനങ്ങള്‍, വൈജ്ഞാനിക വികസനം, സാമൂഹിക വികസനം, കാലാവസ്ഥാ വ്യതിയാനം, എണ്ണക്ക് ശേഷമുള്ള കാലഘട്ടം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ അഭിമുഖീകരിക്കുന്നതിന് നവീന രീതികള്‍ വികസിപ്പിച്ചെടുക്കണം. ജനങ്ങളുടെ ജീവിതം എളുപ്പമാക്കുകയും അവരുടെ സംതൃപ്തി ഉയര്‍ത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ യഥാര്‍ഥ വിജയം കൈവരിക്കാന്‍ കഴിയൂ. അല്ലാഹുവിന് മുമ്പിലും ജനങ്ങളുടെ മുന്നിലും നമ്മുടെ ഉത്തരവാദിത്തമാണ് ഇത്. നാം ഓരോരുത്തരും ഉത്തരവാദികളാണ്- ശൈഖ് മുഹമ്മദ് പറഞ്ഞു.
എല്ലാവര്‍ക്കും മുന്നില്‍ 100 ദിന കര്‍മ പദ്ധതി പ്രഖ്യാപിക്കുന്നതായും പുതിയ മന്ത്രാലയങ്ങള്‍ക്ക് നിരവധി മാറ്റങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ലക്ഷ്യം പുരോഗതി വേഗത്തിലാക്കലാണ്.
ഇന്ന് രാജ്യങ്ങളും സര്‍ക്കാറുകളും വിലയിരുത്തപ്പെടുന്നത് അവയുടെ വലിപ്പത്തിന്‍െറ അടിസ്ഥാനത്തിലല്ല, അവയുടെ വേഗതയിലാണ്. നിങ്ങള്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാകണം. വെല്ലുവിളികളെ അഭിമുഖീകരിക്കുകയും പരിഹാരങ്ങള്‍ കണ്ടത്തെുകയും സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ മാറ്റം കൊണ്ടുവരുകയും വേണം.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തുടങ്ങിയവരും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.