തീയുടെ കരിനിഴലില്‍നിന്ന് ദുബൈ പറന്നു, പുതുവര്‍ഷത്തിന്‍െറ വിസ്മയത്തിലേക്ക്

ദുബൈ: വ്യാഴാഴ്ച പുതുവത്സരാഘോഷത്തിന് തൊട്ടുമുമ്പ് ബുര്‍ജ് ഖലീഫക്ക് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആളിപ്പടര്‍ന്ന തീയെ സാക്ഷിയാക്കി ദുബൈ, പുതുവര്‍ഷപ്പിറവിയിലേക്ക് കാത്തുവെച്ചിരുന്ന വര്‍ണക്കുടയുടെ കെട്ടഴിച്ച് വീണ്ടും വിസ്മയം സൃഷ്ടിച്ചു. അപ്രതീക്ഷിത അഗ്നിതാണ്ഡവത്തില്‍ തുടക്കത്തില്‍ അല്‍പം പരിഭ്രമിച്ച ദുബൈ നഗരവും അധികാരികളും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ സഞ്ചാരികള്‍ ഉള്‍പ്പെടെ ജനലക്ഷങ്ങളെ വര്‍ണത്തിന്‍െറ മായികലോകത്തില്‍ ആറാടിച്ചു. മുന്‍നിശ്ചയിച്ച പ്രകാരം നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അര്‍ധരാത്രി 12നു പിന്നാലെ ആകാശത്തില്‍ നിറച്ചാര്‍ത്തുകളുടെ വിസ്മയപ്പൊട്ടുകളും അമിട്ടുകളും പൊട്ടിവിരിഞ്ഞു.

അതേസമയം, ഡൗണ്‍ടൗണിലെ ‘ദ അഡ്രസ്’ ഹോട്ടലിനെ വിഴുങ്ങിയ തീ പൂര്‍ണമായും അണച്ചത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്. ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടവും പുതുവര്‍ഷാഘോഷത്തിന്‍െറ പ്രധാന വേദിയുമായ ബുര്‍ജ് ഖലീഫക്ക് വിളിപ്പാടകലെ 63 നില ഹോട്ടലിന്‍െറ അസ്ഥിപഞ്ജരമാണ് വെള്ളിയാഴ്ച ദൃശ്യമായത്. വ്യാഴാഴ്ച രാത്രി മുഴുവന്‍ ആളിക്കത്തിയ തീ വെള്ളിയാഴ്ച രാവിലെയും താഴെ നിലകളില്‍നിന്ന് ഇടക്കിടെ തലനീട്ടി അഗ്നിശമന സേനക്ക് പണിയുണ്ടാക്കി. തീ പൂര്‍ണമായും അണച്ചെന്ന് സമാധാനിച്ച ഘട്ടത്തില്‍ തീയും പുകയും വീണ്ടും ഉയര്‍ന്നു. തീയില്‍ ചൂടുപിടിച്ച കെട്ടിടത്തെ നിരന്തരം വെള്ളമടിച്ച് തണുപ്പിക്കുന്ന ദൗത്യമായിരുന്നു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞും അഗ്നിശമന സേന നടത്തിയത്. ഉച്ചക്ക് 1.45ഓടെയാണ് പൂര്‍ണമായും തീയണച്ചത്. തീപിടിത്തത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റതായി അധികാരികള്‍ അറിയിച്ചു. തിരക്കിലും പുകയിലും പെട്ട് ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടായതായും അസ്വസ്ഥതയനുഭവപ്പെട്ട എല്ലാവര്‍ക്കും ആവശ്യമായ വൈദ്യസഹായം നല്‍കിയതായും ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. അപകടകാരണം വ്യക്തമല്ല. 302 മീറ്റര്‍ ഉയരമുള്ള ഹോട്ടലിന്‍െറ പുറംഭാഗത്ത് മാത്രമേ തീ നാശം വിതച്ചുള്ളൂവെന്നും അകത്തേക്ക് കാര്യമായി പടര്‍ന്നിട്ടില്ളെന്നുമാണ് അധികാരികള്‍ അറിയിച്ചത്. 20ാം നിലയുടെ പുറത്തുനിന്നാണ് രാത്രി ഒമ്പതരയോടെ തീ ആദ്യം ആളിയതെന്നാണ് വിവരം. തുടര്‍ന്ന് കനത്ത കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു. ഹോട്ടല്‍ മുറികളിലുള്ളവരെയും പുറത്ത് ആഘോഷത്തിന് കാത്തിരുന്ന ജനലക്ഷങ്ങളെയും ആര്‍ക്കും ജീവാപയമോ കാര്യമായ പരിക്കോ ഇല്ലാതെ ഒഴിപ്പിക്കാനായത് ദുബൈ അധികാരികളുടെയും പൊലീസിന്‍െറയും സിവില്‍ ഡിഫന്‍സിന്‍െറയും ജാഗ്രതയുടെയും ആസൂത്രണത്തിന്‍െറയും മികവായി വിലയിരുത്തപ്പെടുന്നു.

BurjKhaleefa
തീപിടിച്ച ഹോട്ടലിന് വിളിപ്പാടകലെയുള്ള ബുര്‍ജ് ഖലീഫയില്‍ വ്യാഴാഴ്ച അര്‍ധരാത്രി നടന്ന പുതുവത്സരാഘോഷം

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.