ഉല്ലാസത്തിന്‍െറ ആഗോള ഗ്രാമം  പുതിയ ഉയരങ്ങളിലേക്ക്

ദുബൈ: ഉല്ലാസ വിനോദ പരിപാടികളുടെ ലോകമേളയായ ദുബൈ ഗ്ളോബല്‍ വില്ളേജില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇത്തവണ റെക്കോഡ്. നവംബര്‍ മൂന്നിന് ആരംഭിച്ച ഗ്ളോബല്‍ വില്ളേജിന്‍െറ 20ാമത് പതിപ്പ് രണ്ടു മാസം പിന്നിട്ടപ്പോള്‍ ചരിത്രത്തില്‍ ഇതുവരെ കാണാത്ത തിരക്കാണ്  അനുഭവപ്പെടുന്നത്. ഡിസംബര്‍ 31 വരെ 22 ലക്ഷം പേര്‍ മേള നഗരിയിലത്തെിയതായി  സി.ഇ.ഒ അഹ്മദ് ഹുസൈന്‍ ബിന്‍ ഇസ്സ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 18 ലക്ഷം പേരായിരുന്നു മേള കാണാനത്തെിയത്.
സന്ദര്‍ശകരുടെ സംതൃപ്തി ഉറപ്പാക്കാനായി ഇത്തവണ കൈകൊണ്ട നടപടികളുടെ ഫലം കൂടിയാണ് ഈ അഭൂതപൂര്‍വമായ തിരക്കെന്ന് അദ്ദേഹം വിശദീകരിച്ചു. കൂടുതല്‍ വിനോദ, ഷോപ്പിങ് സൗകര്യങ്ങളും ഭോജന ശാലകളും ലോകോത്തര കലാകാരന്മാരുടെ പ്രകടനവുമെല്ലാം കുടുംബസമേതം ഉല്ലാസത്തിനായി എത്തുന്നവരെ ഏറെ ആകര്‍ഷിക്കുന്നു. സന്ദര്‍ശകരുടെ സംതൃപ്തി അളക്കുന്ന സൂചികയില്‍ 10 ല്‍ ഒമ്പത് എന്ന മികച്ച നിലയാണ് രേഖപ്പെടുത്തിയത്. 
മേളയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും സന്ദര്‍ശകര്‍ക്ക് തൃപ്തികരമായ സേവനം നല്‍കുന്നത് സംബന്ധിച്ച പ്രത്യേക പരിശീലനം നേരത്തെ നല്‍കിയിരുന്നു. സൂരക്ഷാ ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍, പവലിയന്‍ മാനേജര്‍മാര്‍ തുടങ്ങിയവരെല്ലാം ഈ പരിശീലനം ലഭിച്ചവരില്‍പ്പെടുന്നു. മേള നഗരിയുടെ പൂര്‍ണവിവരങ്ങളും പരിപാടികളും ഉള്‍കൊള്ളിച്ച കൈപുസ്തകവും ഇവര്‍ക്ക് നല്‍കി. നഗരിയിലത്തെുന്നവര്‍ക്ക് ആയാസരഹിതമായി ആഘോഷത്തില്‍ പങ്കുചേരാനുള്ള അവസരമാണ് ഒരുക്കിയത്. വരും ദിവസങ്ങളില്‍ ഈ തിരക്ക് തുടരുമെന്നും ഇതുവരെ നടന്നതില്‍ ഏറ്റവും വിജയകരമായ മേളയായിരിക്കും ഇത്തവണത്തേത് എന്നും അഹ്മദ് ഹുസൈന്‍ ബിന്‍ ഇസ്സ വിശദീകരിച്ചു. കഴിഞ്ഞവര്‍ഷം മൊത്തം 50 ലക്ഷം പേരാണ് മേളയിലത്തെിയതെങ്കില്‍ ഇത്തവണ അത് മറികടക്കുമെന്നാണ് പ്രതീക്ഷ. ഏപ്രില്‍ ഒമ്പതിനാണ് മേള സമാപിക്കുക.
മേളയിലെ വിവിധ പവലിയനുകളിലും സ്റ്റാളുകളിലും നടക്കുന്ന വ്യാപാരത്തിലും കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലേക്കാള്‍ 20 ശതമാനം വര്‍ധനവുണ്ട്. എണ്ണവിലയിടിവൊന്നും വില്‍പ്പനയെ ബാധിച്ചിട്ടില്ളെന്നാണ് കണക്ക് കാണിക്കുന്നതെന്ന് ചോദ്യത്തിന് മറുപടിയായി അഹ്മദ് ഹുസൈന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തവും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങള്‍ വാങ്ങാന്‍ മാത്രം ആഗോള ഗ്രാമത്തിലത്തെുന്നവരുണ്ട്.
മേളക്കത്തെുന്നവരില്‍ 57 ശതമാനവും വിനോദത്തിന് വേണ്ടി വരുന്നവരാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ വിനോദ സൗകര്യങ്ങള്‍ ഇത്തവണ തയാറാക്കി. മുടക്കുന്ന പണത്തിന് അനുസരിച്ച് തിരിച്ചുകൊടുക്കാന്‍  പ്രത്യേക ശ്രദ്ധയൂന്നി. ലോക നിലവാരത്തിലുള്ള സംസ്കാരിക, ഷോപ്പിങ്, വിനോദ പരിപാടികളും സൗകര്യവും ഒരുക്കി. മിഡിലീസ്റ്റിലും പുറത്തും ദുബൈക്ക്  മുന്‍നിര വിനോദസഞ്ചാര കേന്ദ്രമെന്ന പദവി ഉറപ്പിച്ചുകൊണ്ടാണ് മേള മുന്നേറുന്നത്. സന്ദര്‍ശകരെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് മേളയുടെ മുഖ്യകവാടത്തില്‍ എത്തിക്കാനുള്ള സൗജന്യ ട്രെയിന്‍ സര്‍വീസാണ് ഇത്തവണ പുതുതായി ഒരുക്കിയ സൗകര്യങ്ങളിലൊന്ന്. ദിവസം മുഴുവന്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ ഓരോന്നിലും 60 പേര്‍ക്ക് യാത്രചെയ്യാം.
ഗേറ്റ് ഓഫ് ദ വേള്‍ഡ് എന്നു പേരിട്ട മുഖ്യ കവാടം ലോകമേളയുടെ മുഴുവന്‍ പ്രൗഢിയും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്നതാണ്. 40 ടിക്കറ്റ് കൗണ്ടറുകളും അത്രതന്നെ  പ്രവേശന കവാടങ്ങളും അടങ്ങുന്ന ഗേറ്റ് ഗ്ളോബല്‍ വില്ളേജിന്‍െറ ചരിത്രത്തിലെ ഏറ്റവും വലുതാണ്.
ദിവസവും സംസ്കാരിക പരിപാടികള്‍ നടക്കുന്ന മുഖ്യവേദി പുത്തന്‍  ശബ്ദ ദൃശ്യ അനുഭവം പകരുന്നു. പരിപാടികള്‍ ഇരുന്നാസ്വദിക്കാനായി കൂടുതല്‍ വിപുലമായ പൂല്‍ത്തകിടിയും ഇത്തവണ തയാറാക്കിയിട്ടുണ്ട്. സ്വസ്ഥമായിരുന്നു കുടുംബത്തോടൊപ്പം പരിപാടികള്‍ ആസ്വദിക്കാം.  ഇത്തവണ 12,000 സാംസ്കാരിക വിനോദ പരിപാടികള്‍ക്കാണ് മേള ആതിഥ്യം വഹിക്കുന്നത്.  25 ലേറെ അന്താരാഷ്ട്ര സംഗീത വിരുന്നുകളും സ്റ്റേജ് ഷോകളും  തെരുവു കലാ പ്രകടനങ്ങളും കരിമരുന്ന് പ്രയോഗങ്ങളും സ്റ്റണ്ട് ഷോകളുമെല്ലാം ദിവസവും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് മേളനഗരിയിലത്തെുന്ന ജനക്കൂട്ടത്തിന് ഹരംപകരുന്നു.
ടിക്കറ്റ്-പ്രവേശ കൗണ്ടറുകളിലെ തിരക്ക് കുറക്കാനുള്ള സ്മാര്‍ട്ട് സൗകര്യവും ആളുകള്‍ക്ക് ഏറെ അനുഗ്രഹമാകുന്നുണ്ട്. സ്വയം ടിക്കറ്റെടുക്കാന്‍ സാധിക്കുന്ന യന്ത്രങ്ങള്‍ വഴി ഇതുവരെ 60,000 ത്തിലേറെ ടിക്കറ്റുകളാണ് വിറ്റത്. ഓണ്‍ലൈന്‍ വഴി 15,000 പേര്‍ ടിക്കറ്റെടുത്തു. മൊബൈല്‍ ആപ്പ് വഴി ടിക്കറ്റെടുത്താല്‍ കൗണ്ടറില്‍ ഫോണിലെ ബാര്‍കോഡ് കാണിച്ച് പ്രവേശിക്കാം. 15 രൂപയാണ് ടിക്കറ്റ് നിരക്ക്. 
ആഴ്ചതോറും 50,000 ദിര്‍ഹം സമ്മാനം നല്‍കുന്ന ഡിജിറ്റല്‍ നറുക്കെടുപ്പില്‍ എട്ടു ലക്ഷം പേര്‍ ഇതിനകം അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, വിവിധ രാജ്യങ്ങളുടെ പവലിയനില്‍ സ്ഥാപിച്ച ഐപാഡുകള്‍ എന്നിവയിലൂടെ ഈ മത്സരത്തില്‍ പങ്കാളിയാകാം. ടിക്കറ്റിന്‍െറ പിന്നിലെ ബാര്‍കോഡ് കാണിച്ചാണ് ഈ മത്സരത്തില്‍ പങ്കാളികളാകേണ്ടത്. എല്ലാ ശനിയാഴ്ചയുമാണ് നറുക്കെടുപ്പ്.  സാമൂഹിക മാധ്യമങ്ങളിലും ഗ്ളോബല്‍ വില്ളേജ് വലിയ തരംഗമായി മാറിയതായി സി.ഇ.ഒ പറഞ്ഞു. 1,30,500 പേര്‍ ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ 60,200 പേരും ട്വിറ്ററില്‍ 17,700 പേരും ആഗോളഗ്രാമത്തെ പിന്തുടരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.