എമിറേറ്റ്സ് ഐ.ഡിയില്‍ ആരോഗ്യ വിവരങ്ങളും 

ദുബൈ: വ്യക്തിയുടെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും എമിറേറ്റ്സ് ഐ.ഡി കാര്‍ഡില്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.  ഇതോടെ രാജ്യത്ത് ആശുപത്രികളില്‍ പോകുന്ന രോഗികള്‍  തങ്ങളുടെ  മെഡിക്കല്‍ രേഖകള്‍ കൈയ്യില്‍ കൊണ്ട് നടക്കേണ്ടതില്ല. 
തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് ആശുപത്രികള്‍ക്ക് ഇവ പുറത്തെടുക്കാന്‍ കഴിയും. ഇത് സംബന്ധിച്ച തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രാലയത്തെയും എമിറേറ്റ്സ് ഐഡന്‍ടിറ്റി കാര്‍ഡ് അതോറിറ്റിയുയും ഉദ്ധരിച്ച് അര്‍റുഅ് യ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മേഖലയിലെ വഴിത്തിരിവാകുന്ന ഈ സേവനം താല്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് വൈകാതെ ലഭ്യമാക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വദേശികളും വിദേശികളുമായ ഓരോ വ്യക്തിയുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ആയുഷ്കാലം മാറ്റമില്ലാതെ നിലനില്‍ക്കുന്നതിനാല്‍ ഈ സേവനം എളുപ്പത്തില്‍ ഉപയോഗപ്പെടുത്താനാവും.   
ഈ  അതി നൂതന സേവനം നടപ്പിലാക്കാന്‍ തക്കവിധത്തില്‍  തിരിച്ചറിയല്‍ കാര്‍ഡുകളിലെ ഇലക്ട്രോണിക് ചിപ്പിനകത്ത് വിവര ശേഖരണത്തിനായി 12  കോളങ്ങള്‍ അടങ്ങുന്ന പ്രത്യേക സ്ഥലം നീക്കി വെച്ചിട്ടുണ്ട്. ഇതില്‍  പേര്, വയസ്സ്, ജനനത്തീയതി, ജനന സ്ഥലം, മേല്‍ വിലാസം, ഫോട്ടോ, വിരലടയാളം തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ക്കൊപ്പം രക്ത ഗ്രൂപ്പ്, പകരാവുന്ന രോഗങ്ങള്‍, അലര്‍ജി, അവയവ ദാന സമ്മത പത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയ ആരോഗ്യ സംബദ്ധമായ വിവരങ്ങളുമുണ്ടാകും.  കൂടാതെ, ശാരീരിക ന്യൂനതകള്‍, ജന്മ വൈകല്യങ്ങള്‍, വ്യക്തി ഇതിനകം വിധേയമായ ശസ്തക്രിയ, ശസ്തക്രിയയില്‍ കൈക്കൊണ്ട നടപടി ക്രമങ്ങള്‍, രോഗ പ്രതിരോധ കുത്തിവെപ്പുകളും മരുന്നുകളും, ദീര്‍ഘനാളായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകള്‍, ശരീരത്ത് ഘടിപ്പിച്ച വൈദ്യ ശാസ്ത്ര ഉപകരണങ്ങള്‍, തുടങ്ങിയ മറ്റു വിശദ വിവരങ്ങളും അടങ്ങിയിരിക്കും. 
ആരോഗ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവധ സ്ഥാപനങ്ങള്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഹെല്‍ത്ത് കാര്‍ഡ് നമ്പറിന് പകരമായി ഉപയോഗിക്കുന്നതിനു തയാറായിട്ടുണ്ട്.  ദേശീയ ആരോഗ്യ കമ്പനിയായ 'ദമാന്‍' ഹെല്‍ത്ത് കാര്‍ഡിന് പകരം തിരിച്ചറിയല്‍ കാര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. 
അതെ സമയം, തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്ന് രോഗികളുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതി നടപ്പാക്കിത്തുടങ്ങിയെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം തന്നെ ഈ പദ്ധതി പൂര്‍ത്തീകരിക്കും. 
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലും ക്ളിനിക്കുകളിലും 'വരീദ്' സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് പ്രവേശിപ്പിക്കുന്നതോടെ യാന്ത്രികമായി തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഹെല്‍ത്ത് കാര്‍ഡുമായി ബന്ധിപ്പിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.