പാസ്പോര്‍ട്ട് വൈകലിന് പരിഹാരമായില്ല

അബൂദബി: ‘നാട്ടില്‍ ഇപ്പോള്‍ പോകേണ്ട അത്യാവശ്യം ഒന്നും ഉണ്ടാകല്ളേ, വീട്ടുകാര്‍ക്ക് ഒന്നും സംഭവിക്കല്ളേ’ എന്ന പ്രാര്‍ഥനയോടെയാണ് യു.എ.ഇയില്‍ പല ഇന്ത്യന്‍ പ്രവാസികളും പാസ്പോര്‍ട്ട് പുതുക്കാന്‍ നല്‍കുന്നത്.  പാസ്പോര്‍ട്ട് പുതുക്കി ലഭിക്കുന്നതിലെ അനിശ്ചിതത്വമാണ് പ്രവാസികളെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്. യു.എ.ഇയില്‍ നിന്നെടുത്ത പാസ്പോര്‍ട്ടുകള്‍ പരമാവധി ഏഴ് ദിവസത്തിനകം പുതുക്കി നല്‍കുമെന്നാണ് അറിയിപ്പെങ്കിലും നല്ളൊരു ശതമാനം പേര്‍ക്കും ഇത് ലഭിക്കാറില്ല. യു.എ.ഇക്ക് പുറത്ത് നിന്നെടുത്ത പാസ്പോര്‍ട്ട് പുതുക്കി ലഭിക്കുന്നതിന് 40 പ്രവൃത്തി ദിവസങ്ങളാണ് ആവശ്യമായി പറയുന്നത്. എന്നാല്‍, 40 ദിവസങ്ങള്‍ മാസങ്ങളായി മാറുന്നതിന്‍െറ അനുഭവമാണ് പലര്‍ക്കുമുള്ളത്. പാസ്പോര്‍ട്ട് പുതുക്കാന്‍ നല്‍കിയത് മൂലം നാട്ടില്‍ പോകാന്‍ കഴിയാത്തവരും വിസ അടിക്കാന്‍ കഴിയാത്തവരും നിരവധിയാണ്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് പ്രവാസി പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാന സേവനമായ പാസ്പോര്‍ട്ട് പുതുക്കി ലഭിക്കലും പുതിയത് ലഭിക്കലും പലപ്പോഴും വൈകുന്നു. ഇത് മൂലം വിസ കാലാവധി തീര്‍ന്ന് പിഴ അടക്കേണ്ടി വന്നവര്‍ വരെയുണ്ട്. രണ്ട് വര്‍ഷത്തിനിടെ പല കാരണങ്ങളാല്‍ പാസ്പോര്‍ട്ട് സേവനത്തില്‍ പ്രശ്നങ്ങള്‍ നേരിടുകയാണ്. പാസ്പോര്‍ട്ട് ബുക്ക്ലെറ്റിന്‍െറ ക്ഷാമം, എംബസിയിലെ ജീവനക്കാരുടെ കുറവ്, സാങ്കേതിക പ്രശ്നങ്ങള്‍ തുടങ്ങി പാസ്പോര്‍ട്ട് വൈകലിന് കാരണങ്ങള്‍ പലതാണ്. എന്നാല്‍, പ്രവാസികള്‍ അനുഭവിക്കുന്ന ദുരിതം ഒന്ന് തന്നെയാണ്. 
2014 ഏപ്രിലോടെയുണ്ടായ പാസ്പോര്‍ട്ട് ബുക്ക്ലെറ്റ് ക്ഷാമം മൂലം യു.എ.ഇയില്‍ നിരവധി പേരാണ് പ്രയാസം അനുഭവിച്ചത്. ഇന്ത്യയില്‍ നിന്ന് അച്ചടിച്ച പാസ്പോര്‍ട്ട് ബുക്ക്ലെറ്റുകള്‍ വരാതിരുന്നത് മൂലം 36 പേജുള്ള സാധാരണ പാസ്പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ മാസങ്ങളാണ് പ്രവാസികള്‍ കാത്തിരുന്നത്. കൂടുതല്‍ പണം അടച്ച് തല്‍ക്കാല്‍ വഴി പാസ്പോര്‍ട്ട് പുതുക്കാന്‍ ശ്രമിച്ചവരും കുടുങ്ങിയിരുന്നു. കൂടുതല്‍ തുക നല്‍കി 64 പേജുള്ള വലിയ പാസ്പോര്‍ട്ട് പുതുക്കി വാങ്ങിയാണ് പലരും അന്ന് പ്രശ്നം പരിഹരിച്ചത്. പാസ്പോര്‍ട്ട് ബുക്ക്ലെറ്റുകള്‍ക്ക് മാസങ്ങളോളം ക്ഷാമം നേരിട്ടതോടെ അപേക്ഷകള്‍ കെട്ടിക്കിടക്കുകയും ചെയ്തു. വന്‍തോതില്‍ അപേക്ഷകള്‍ കെട്ടിക്കിടന്നതോടെ പാസ്പോര്‍ട്ട് ബുക്ക്ലെറ്റ് ലഭ്യമായെങ്കിലും ആഴ്ചകള്‍ക്ക്് ശേഷമാണ് പ്രശ്ന പരിഹാരമായത്. പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ട് എന്ന് പ്രവാസികള്‍ വിചാരിച്ചിരിക്കുന്നതിനിടെയാണ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ നിന്ന് ജീവനക്കാരുടെ സ്ഥലംമാറ്റമുണ്ടായത്. 2015 മധ്യത്തോടെ ജീവനക്കാര്‍ സ്ഥലം മാറിപ്പോയതോടെ പാസ്പോര്‍ട്ട് പുതുക്കല്‍ വീണ്ടും പ്രയാസത്തിലാകുകയായിരുന്നു. പുതുക്കാന്‍ നല്‍കിയ പലരും ആഴ്ചകള്‍ നീണ്ട കാത്തിരിപ്പിന്‍െറയും അനിശ്ചിതത്വത്തിന്‍െറയും ദുരിതം അനുഭവിക്കുകയും ചെയ്തു. ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നതിനിടെയാണ് 2015 ഒക്ടോബര്‍ അവസാനം ദുബൈ കോണ്‍സുലേറ്റില്‍ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം പാസ്പോര്‍ട്ട് വൈകല്‍ ആരംഭിച്ചത്. ഒക്ടോബര്‍ 29ന് ഇന്ത്യന്‍ എംബസി പുറംകരാര്‍ നല്‍കിയ ബി.എല്‍.എസ് സെന്‍റര്‍ വെബ്സൈറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കി.  ദുബൈയില്‍ നിന്ന് ഇഷ്യൂ ചെയ്ത പാസ്പോര്‍ട്ടുകള്‍ പുതുക്കുന്നതിനും കളഞ്ഞുപോയതിനും കേടുപാടുകള്‍ സംഭവിച്ചതിനും പകരം മാറ്റിവാങ്ങുന്നതിനും പരമാവധി ഏഴ് ദിവസം മതിയായിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ മൂലം ഇപ്പോള്‍ 15 പ്രവൃത്തി ദിവസം വേണം. ദുബൈക്ക് പുറത്ത് നിന്ന് എടുത്ത പാസ്പോര്‍ട്ടുകള്‍ പുതുക്കുന്നതിന് നിലവിലുള്ള 40 ദിവസങ്ങള്‍ക്ക് പകരം 60 പ്രവൃത്തിദിവസങ്ങളാക്കി മാറ്റുകയായിരുന്നു.   ദുബൈ കോണ്‍സുലേറ്റ് വഴി പാസ്പോര്‍ട്ട് പുതുക്കാന്‍ നല്‍കിയവര്‍ ഇതോടെ പ്രയാസത്തിലാകുകയായിരുന്നു. ഇപ്പോഴും അബൂദബിയിലും ദുബൈയിലും പാസ്പോര്‍ട്ട് പുതുക്കി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ടെന്ന് അനുഭവസ്ഥര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ബി.എല്‍.എസ് സെന്‍റര്‍ വഴി പാസ്പോര്‍ട്ട് പുതുക്കാന്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന തീയതി കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും പാസ്പോര്‍ട്ട് ലഭിക്കാത്തവരുണ്ട്. പാസ്പോര്‍ട്ട് പുതുക്കി ലഭിക്കല്‍ വൈകുന്നത് തുടര്‍ക്കഥയായതോടെ പലരും യു.എ.ഇയില്‍ നിന്ന് പുതുക്കാന്‍ മടിക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. പാസ്പോര്‍ട്ട് കാലാവധി തീരാറായപ്പോള്‍ താന്‍ നാട്ടില്‍ പോയി എമര്‍ജന്‍സി പുതുക്കല്‍ നടത്തുകയായിരുന്നുവെന്ന് തൃശൂര്‍ സ്വദേശി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
അതേസമയം, നിലവില്‍ കാര്യമായ പ്രശ്നങ്ങള്‍ പാസ്പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ നേരിടുന്നില്ളെന്ന്  ഇന്ത്യന്‍ എംബസി അധികൃതര്‍ പറയുന്നു. യു.എ.ഇക്ക് പുറത്ത് നിന്നെടുത്ത ചില പാസ്പോര്‍ട്ടുകളിലും   സാങ്കേതിക പ്രശ്നമുള്ള ചില കേസുകളിലൊഴികെ പാസ്പോര്‍ട്ട് സമയത്ത് തന്നെ നല്‍കുന്നുണ്ടെന്നും പറയുന്നു. യു.എ.ഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ വഴി ഓരോ വര്‍ഷവും 2.60 ലക്ഷം മുതല്‍ 2.90 ലക്ഷം വരെ പാസ്പോര്‍ട്ടുകളാണ് പുതുക്കി നല്‍കുന്നത്. പ്രതിദിനം ശരാശരി 1100-1200 പാസ്പോര്‍ട്ടുകള്‍ പുതുക്കുന്നതിനായി എത്തുന്നുണ്ട്.  ദുബൈയില്‍ നിന്നും വടക്കന്‍ എമിറേറ്റുകളില്‍ നിന്നുമായി പ്രതിദിനം 700 പാസ്പോര്‍ട്ടുകളാണ് പുതുക്കല്‍ അടക്കം വിവിധ സേവനങ്ങള്‍ക്കായി ദുബൈ കോണ്‍സുലേറ്റില്‍ എത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.