നിലവിലെ ഉപയോഗം തുടര്‍ന്നാല്‍ അബൂദബിയിലെ  ഭൂഗര്‍ഭ ജലം 50 വര്‍ഷത്തിനകം ഇല്ലാതാകുമെന്ന് പഠനം

അബൂദബി: നിലവിലെ രീതിയില്‍ ഉപയോഗം തുടര്‍ന്നാല്‍ 50 വര്‍ഷത്തിനകം അബൂദബിയിലെ ഭൂഗര്‍ഭ ജലം ഇല്ലാതാകുമെന്ന് പഠനം. ചെടികള്‍ക്കും തോട്ടങ്ങള്‍ക്കുമായി ഈ രീതിയില്‍ ഭൂഗര്‍ഭ ജല ചൂഷണം തുടര്‍ന്നാല്‍ അര നൂറ്റാണ്ട് കഴിയുമ്പോഴേക്കും സ്രോതസ്സുകള്‍ വറ്റുമെന്നാണ് അബൂദബി പാരിസ്ഥിതിക ഏജന്‍സി നടത്തിയ പഠനത്തില്‍ വ്യക്തമായത്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് അടിയന്തര നടപടികള്‍ ആവശ്യമാണ്. നിലവില്‍ കിണറുകള്‍ കുഴിക്കുന്നതിന് പാരിസ്ഥിതിക ഏജന്‍സിയുടെ അനുമതി ആവശ്യമാണ്. ഭൂഗര്‍ഭ സ്രോതസ്സുകളില്‍ നിന്ന് വന്‍തോതില്‍ അനധികൃതമായി ജലം ഊറ്റുന്ന സ്ഥലങ്ങളെ ‘ചുവപ്പ് മേഖല’യായി പാരിസ്ഥിതിക ഏജന്‍സി തരംതിരിച്ചിട്ടുണ്ട്. കിണര്‍ കുഴിക്കുന്നതിന് ലഭിക്കുന്ന ഓരോ അപേക്ഷയും വെവ്വേറെ പരിശോധിക്കുന്നുണ്ട്. ‘ചുവപ്പുമേഖല’യില്‍ അനുമതിക്കുള്ള അപേക്ഷകള്‍ നിരസിക്കുന്നുണ്ട്. 
യു.എ.ഇയില്‍ പ്രതിവര്‍ഷം 210 കോടി ക്യൂബിക് മീറ്റര്‍ ജലം  ഉപയോഗിക്കുന്നുണ്ടെന്നും മലിന ജലം ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കുകയാണ് ജലക്ഷാമം പരിഹരിക്കുന്നതിനുള്ള വഴിയെന്നും പാരിസ്ഥിതി ഏജന്‍സി ജല സ്രോതസ്സ് ഉപദേഷ്ടാവ് ഡോ.മുഹമ്മദ് ദാവൂദ് പറയുന്നു.  മുസഫയിലെ ഡീസാലിനേഷന്‍ പ്ളാന്‍റില്‍ നിന്ന് അബൂദബിയിലെ വിവിധ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലേക്ക് വെള്ളമത്തെിക്കുന്നതിന് പൈപ്പ്ലൈന്‍ സ്ഥാപിക്കണം. ശുദ്ധീകരിച്ച കടല്‍ വെള്ളം ഉപയോഗിക്കുന്നതിലൂടെ ഭൂഗര്‍ഭ ജല സ്രോതസ്സുകളില്‍ നിന്ന് വെള്ളം ഊറ്റുന്നത് കുറക്കാന്‍ സാധിക്കും. പക്ഷേ, ഇതിന് രണ്ട്- മൂന്ന് വര്‍ഷം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പൈപ്പ് ലൈനിലൂടെ 140 ദശലക്ഷം ക്യൂബിക് ജലം നല്‍കാനാകും. ഇതോടൊപ്പം 2020 ഓടെ ശുദ്ധീകരിച്ച മലിന ജലം ഉപയോഗിക്കുന്ന കൃഷിയിടങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയും വേണം. അബൂദബിയിലെ ഒരു ലക്ഷം കിണറുകളെ സംബന്ധിച്ച പഠനവും ഡാറ്റ ശേഖരണവും പാരിസ്ഥിതി ഏജന്‍സി ആരംഭിച്ചിട്ടുണ്ട്. ചില കിണറുകള്‍ക്ക് 40 വര്‍ഷം വരെ പഴക്കമുണ്ട്.  
ജല ഉപഭോഗം നിയന്ത്രിക്കുന്നതിന് കര്‍ഷകരെ ബോധവത്കരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും മികച്ച പ്രതികരണമാണെന്നും എന്‍വയേണ്‍മെന്‍റ് ക്വാളിറ്റി വിഭാഗം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശൈഖ അല്‍ ഹൊസനി പറഞ്ഞു. ജല ഉപഭോഗം കാര്യക്ഷമമാക്കുന്നതിന്‍െറ രീതികളും ഉപയോഗം കുറക്കേണ്ടതിന്‍െറ ആവശ്യകതയുമാണ് കര്‍ഷകരെ ബോധിപ്പിക്കുന്നത്. ബോധവത്കരണം പൂര്‍ത്തിയാക്കുന്നതിന് സമയമെടുക്കും. ഇതിന് ശേഷം മാത്രമേ നടപടികള്‍ കൈക്കൊള്ളുകയെന്നും അവര്‍ വ്യക്തമാക്കി.  
ജലത്തിന് പകരം ശുദ്ധീകരിച്ച മലിന വെള്ളം ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് തെറ്റായ അഭിപ്രായമുള്ളതാണ് പ്രശ്നം. പാരിസ്ഥിതി ഏജന്‍സി വനവത്കരണ മേഖലയില്‍ നടത്തിയത പഠനത്തില്‍ ശുദ്ധീകരിച്ച വെള്ളം ഭൂഗര്‍ഭ ജലത്തേക്കാള്‍ മികച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ കര്‍ഷകരെ ഇക്കാര്യം ബോധവത്കരിക്കുകയെന്നതാണ് വിഷയം.  പഠനങ്ങള്‍ നടത്തുന്നതിനൊപ്പം വ്യക്തികള്‍ ജലം അമിതമായി ഉപയോഗിക്കുന്നതിനെതിരെ നടപടികളെടുക്കുന്നുണ്ടെന്നും ശൈഖ അല്‍ ഹൊസനി പറഞ്ഞു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.