ചൂട് കഠിനം; വെയിലിലുരുകി തൊഴിലാളികള്‍

അബൂദബി: കഠിനമായ ചൂട് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ പ്രയാസത്തിലാക്കുന്നു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചവിശ്രമ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റു സമയങ്ങളിലെ വെയിലും താങ്ങാനാവാത്ത സ്ഥിതിയാണ്.
ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് ഉച്ചവിശ്രമ സമയം. എന്നാല്‍’ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലര വരെ വെയില്‍ അതി ശക്തമാണ്.
ഉയരത്തില്‍ ജോലി ചെയ്യുന്ന കെട്ടിടനിര്‍മാണ തൊഴിലാളികളെയാണ് ചൂട് ഏറെ പ്രയാസപ്പെടുത്തുന്നത്. ഉച്ചവിശ്രമ സമയത്ത് ചിലര്‍ താമസയിടങ്ങളില്‍ പോയി വിശ്രമിക്കാറുണെിലും ഏറെ തൊഴിലാളികള്‍ക്കും ഇതിന് സാധിക്കാറില്ല. ജോലി സ്ഥലത്ത് ഫാന്‍ വച്ചാല്‍ പ്രയാസം ഒരു പരിധി വരെ കുറക്കാനാകുമെന്ന് തൊഴിലാളികള്‍ കരുതുന്നു.
പലരും രാവിലെത്തെ ഭക്ഷണം നന്നായി കഴിച്ചാണ് ജോലിക്കിറങ്ങുന്നത്. കൂടുതല്‍ ഉപ്പും വെള്ളവും ശരീരത്തിലത്തെിക്കാന്‍ തൊഴിലാളികള്‍ ശ്രദ്ധിക്കുന്നുണ്ട്. കൊറിയര്‍ ഡെലിവറി, ഹോം ഡെലിവറി തൊഴിലാളികളും ഏറെ പ്രയാസത്തിലാണ്. ചില തൊഴിലിടങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ ഫാനും ഐസ് മുറിയും ഒരുക്കിയിട്ടുണ്ട്. ചൂട് സംബന്ധമായ അസുഖങ്ങള്‍ ബാധിക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. നിര്‍ജലീകരണം കാരണമായുള്ള ആരോഗ്യപ്രശ്നങ്ങളാണ് കൂടുതല്‍ പേരെയും അലട്ടുന്നത്.
റീം ദ്വീപില്‍ സീദ്കോ ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനി തൊഴിലാളികള്‍ക്കായി ഒരുക്കിയിട്ടുള്ള ക്ളിനിക്കില്‍ നിര്‍ജലീകരണം നിമിത്തമുള്ള പ്രയാസങ്ങളുമായി ദിനംപ്രതി പത്ത് പേരോളം എത്തുന്നതായി ക്ളിനിക്കിലെ നഴ്സ് ജെറി രാജന്‍ പറയുന്നു.
 നിര്‍മാണ കമ്പനികള്‍ തൊഴിലാളികള്‍ക്ക് തണുത്ത വെള്ളവും എ.സി സംവിധാനമുള്ള വിശ്രമ സ്ഥലവും ഒരുക്കിയിരിക്കണമെന്നാണ് തൊഴില്‍മന്ത്രാലയത്തിന്‍െറ ഉച്ചവിശ്രമ നിയമപ്രകാരമുള്ള നിബന്ധന.

ചൂട് 49ഡിഗ്രി വരെ ഉയരും
അബൂദബി: രാജ്യത്ത് വരും ദിവസങ്ങളില്‍ ഉയര്‍ന്ന താപനില 45 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരാന്‍ പോകുന്നത് കഠിനമായ ചൂടുള്ള ദിനങ്ങളാണെന്ന് കേന്ദ്രം വക്താവ് പറഞ്ഞു. ഈര്‍പ്പനിലയും വര്‍ധിക്കും. ഇതു കാരണം രാത്രിയിലും പുലര്‍ച്ചെയും മൂടല്‍മഞ്ഞ് രൂപപ്പെടും.
വെള്ളിയാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. ഇടത്തരം കാറ്റ് വീശുന്നതിനാല്‍ വെള്ളിയാഴ്ച ചൂടില്‍നിന്ന് അല്‍പം ആശ്വാസമുണ്ടാകും. അറേബ്യന്‍ ഉള്‍ക്കടല്‍ ശാന്തമായിരിക്കും. എന്നാല്‍, ഒമാന്‍ കടല്‍ ചില സമയങ്ങളില്‍ പ്രക്ഷുബ്ധമാവുമെന്നും അറിയിപ്പില്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-07 05:39 GMT