വിമാനത്തേക്കാള്‍ ഉയരത്തില്‍ ഗള്‍ഫ് ടിക്കറ്റ് നിരക്ക്

ദുബൈ: അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്കാണോ സ്പാനിഷ് നഗരമായ ബാഴ്സലോണയിലേക്കാണോ കൂടുതല്‍ ദൂരം?. സംശയിക്കാനൊന്നുമില്ല. യു.എ.ഇ തലസ്ഥാനമായ അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് നാലു  മണിക്കൂര്‍ വിമാനയാത്ര മതിയെങ്കില്‍ യൂറോപ്പിലെ ബാഴ്സലോണയിലേക്ക് 10 മണിക്കൂറോളം വേണം. എന്നാല്‍, രണ്ടിടത്തേക്കുമുള്ള വിമാനടിക്കറ്റ് നിരക്ക് നോക്കിയാല്‍ ബാഴ്സലോണയിലേക്ക് പോകുന്നതാണ് ലാഭം. അബൂദബിയില്‍ നിന്ന് ജൂണ്‍ 26ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് വേണമെങ്കില്‍  1650 ദിര്‍ഹം ( ഏകദേശം 30,000 രൂപ) നല്‍കണം. എന്നാല്‍, അതേ ദിവസം അബൂദബിയില്‍ നിന്ന് ബാഴ്സലോണയിലേക്ക് പറക്കാന്‍ 1,580 ദിര്‍ഹം (ഏകദേശം 28,000 രൂപ) മതി. കാരണം ഒന്നേയുള്ളൂ. ഗള്‍ഫില്‍ സ്കൂള്‍ അവധിക്കാലം തുടങ്ങുന്നു. മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോകുന്ന ഈ സീസണില്‍ വിമാനക്കമ്പനികള്‍ പരമാവധി കൊയ്തെടുക്കുകയാണ്. പ്രവാസികളുടെ വര്‍ഷങ്ങളായുള്ള കടുത്ത പ്രതിഷേധത്തിനിടയിലും  പകല്‍കൊള്ള നിര്‍ബാധം തുടരുന്നു.

ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. മുകളില്‍ പറഞ്ഞത് ഒരു വശത്തേക്കുള്ള നിരക്ക് മാത്രമാണ്.  തിരക്കില്ലാത്ത സമയത്ത് 15,000 രൂപക്ക് ഒരാള്‍ക്ക് നാട്ടില്‍ പോയി വരാനുള്ള റിട്ടേണ്‍ ടിക്കറ്റ് കിട്ടുമെങ്കില്‍ സ്കൂള്‍ അവധിക്കാലം തുടങ്ങുന്നതോടെ ഇത് മുക്കാല്‍ ലക്ഷം വരെ കടക്കും. വളരെ നേരത്തെ ടിക്കറ്റ് ബുക് ചെയ്തവര്‍ക്ക് പോലും സാധാരണ നിരക്കിന്‍റെ ഇരട്ടിയിലേറെ നല്‍കേണ്ടിവരുന്നു.

യു.എ.ഇയില്‍ ഈ മാസം  23നാണ് സ്കൂള്‍ അടക്കുന്നത്. ആഗസ്റ്റ് 28ന് തുറക്കും. ഇതിനിടയില്‍ നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി വരണമെങ്കില്‍ മൂന്നുലക്ഷത്തോളം രൂപ വിമാനടിക്കറ്റിന് മാത്രം ചെലവാക്കണം.  ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണ് ഈ ആകാശക്കൊള്ളക്ക് നേതൃത്വം നല്‍കുന്നത്. എയര്‍ ഇന്ത്യയുടെ നിരക്ക് നോക്കിയാണ് മറ്റു വിദേശ വിമാനക്കമ്പനികള്‍ കേരളത്തിലേക്ക് നിരക്ക് നിശ്ചയിക്കുന്നത്. ജൂണ്‍ 26ന് ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യയില്‍ 30,000 രൂപ നല്‍കണമെങ്കില്‍  ഇരട്ടിയോളം ദൂരമുള്ള ബാങ്കോക്കിലേക്ക് 18,500 രൂപ മാത്രം മതി. ഇന്ത്യയില്‍ തന്നെ ദൂരം കൂടുതലുള്ള, കേരളത്തിന് പുറത്തുള്ള നഗരങ്ങളിലേക്കും കുറഞ്ഞ നിരക്കേ എയര്‍ ഇന്ത്യ ഈടാക്കുന്നുള്ളൂ.

ഈ മാസം 25ന് ദുബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 16,000 രൂപ മാത്രം മതി. കോഴിക്കോട്ടേക്ക് ദുബൈയില്‍ നിന്ന് 2680 കി.മീറ്റര്‍ മാത്രമാണ് ദൂരം. കൊല്‍ക്കത്തയിലേക്കാകട്ടെ 3360 കി.മീറ്ററും. ആഗസ്റ്റില്‍ അവധിക്കാലം അവസാനിക്കുന്നതിനോടടുപ്പിച്ച് ഗള്‍ഫിലേക്ക് മടങ്ങാനും വലിയ നിരക്കാണ് കമ്പനികള്‍ ഈടാക്കുന്നത്. കേരളത്തില്‍ തന്നെ കോഴിക്കോട്ടേക്കാണ് കൂടുതല്‍ നിരക്ക്. റണ്‍വേ ബലപ്പെടുത്തലിന്‍റെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക് വന്നതോടെ സീറ്റുകളുടെ എണ്ണത്തിലുണ്ടായ കുറവാണ് കമ്പനികള്‍ ചൂഷണം ചെയ്യുന്നത്. ജൂണ്‍ 26ന് ദുബൈയില്‍ നിന്ന് കൊച്ചിക്ക് 1490 ദിര്‍ഹവും കോഴിക്കോട്ടേക്ക് 1620 ദിര്‍ഹവുമാണ് നിരക്ക്.

ആവശ്യക്കാര്‍ കൂടുമ്പോള്‍ നിരക്ക് കൂട്ടുകയെന്ന വിപണി തന്ത്രമാണ് തങ്ങള്‍ പയറ്റുന്നതെന്നാണ് കമ്പനികളുടെ ന്യായം. ദൂരമോ പ്രവര്‍ത്തന ചെലവോ ഒന്നും പരിഗണിക്കാതെയാണ് പിടിച്ചുപറി. ഇന്ധന ചെലവിലുണ്ടായ ഇടിവ് കാരണം വന്‍ ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴും യാത്രക്കാരന് ഇളവ് നല്‍കാന്‍ കമ്പനികള്‍ തയാറല്ല. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തി പ്രവാസികളെ സഹായിക്കാന്‍ രംഗത്തുവന്ന പൊതുമേഖലാ ബജറ്റ് സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം പ്രവാസികളെ പിഴിഞ്ഞുണ്ടാക്കിയ ലാഭം 250 കോടി രൂപയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.