പുതിയ വ്യോമയാന നയം പ്രവാസികള്‍ക്ക്  ഗുണം ചെയ്യില്ല

ദുബൈ: കഴിഞ്ഞദിവസം പുറത്തിറക്കിയ ഇന്ത്യയുടെ പുതിയ വ്യോമയാന നയത്തില്‍ പ്രവാസികള്‍ക്ക് കാര്യമായ പ്രതീക്ഷകള്‍ക്ക് വകയില്ല. ആഭ്യന്തര മേഖലയുടെ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കി പ്രഖ്യാപിച്ച പുതിയ നയത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുണ്ടാകുന്ന പ്രത്യക്ഷ നേട്ടങ്ങള്‍ വിരളമാണെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. പരോക്ഷമായ ചില ഗുണങ്ങള്‍ക്കുള്ള സാധ്യത മാത്രമാണ് പുതിയ നയത്തില്‍ കാണുന്നത്. 
തിരക്കേറിയ സമയത്ത് അമിത ടിക്കറ്റ് നിരക്ക് ഈടാക്കി വിമാനകമ്പനികള്‍ നടത്തുന്ന പിടിച്ചുപറിക്ക് അന്ത്യം കുറിക്കണമെന്ന  പ്രവാസികളുടെ  ദീര്‍ഘകാല ആവശ്യത്തിന് പുതിയ നയത്തില്‍ പരിഹാരമില്ല. ഒരു മണിക്കൂര്‍ പറക്കാന്‍  2500 രൂപയില്‍ താഴെ മാത്രമേ ഈടാക്കാവൂ എന്ന നിര്‍ദേശം പ്രധാനമായും ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് മാത്രമാണ് ബാധകമാവുക. അതുതന്നെ ഇതുവരെ ആകാശ ബന്ധമില്ലാത്ത നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് മാത്രവും. 
നിലവിലെ സര്‍വീസുകളിലൊന്നിലും ഈ ഇളവ് ലഭിക്കില്ളെന്ന് നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല അന്താരാഷ്ട്ര സര്‍വീസില്‍ തോന്നിയ പോലെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന വിമാനക്കമ്പനികളുടെ അധികാരത്തില്‍ ഇടപെടാന്‍ ഉദ്ദേശ്യമില്ളെന്ന് കേന്ദ്ര വ്യേമയാന മന്ത്രി അശോക് ഗജപതി രാജു കഴിഞ്ഞാഴ്ച അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരുന്നു.
പ്രവാസികളെ സഹായിക്കാനായി കേരള സര്‍ക്കാരിന്‍െറ നേതൃത്വത്തില്‍ തുടങ്ങാന്‍ പദ്ധതിയിട്ട ‘എയര്‍ കേരള’ക്ക് പുതിയ നയത്തിലെ ചില ഇളവുകള്‍ ഗുണമാകുമെങ്കിലും പ്രധാന കടമ്പ ബാക്കി തന്നെ നില്‍ക്കുന്നു. 
അഞ്ചു വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് പരിചയവും 20 വിമാനങ്ങളും എന്നീ ഉപാധികളില്‍ ആദ്യത്തേത് മാത്രമാണ് ഒഴിവാക്കിയത്.  20 വിമാനങ്ങള്‍ വേണമെന്ന നിബന്ധന യാഥാര്‍ഥ്യമാക്കല്‍ അത്ര എളുപ്പമല്ളെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. വലിയ മുടക്കുമുതല്‍ വേണ്ടിവരുമെന്ന് മാത്രമല്ല ഇത്രയൂം വിമാനങ്ങള്‍ ലഭ്യമാക്കാന്‍ വര്‍ഷങ്ങളെടുക്കും. വാടകക്കെടുക്കാന്‍ തീരുമാനിച്ചാല്‍ പോലും കാത്തിരിപ്പ് വേണ്ടിവരും. മാത്രമല്ല ഇത്രയും വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള റൂട്ടുകള്‍ ഒറ്റയടിക്ക് ലഭിക്കുകയുമില്ല. 
ഏതാനും വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് മൂന്നോ നാലോ സര്‍വീസ് നടത്തി പിന്നീട് ഘട്ടം ഘട്ടമായി വിമാനവും സര്‍വീസും കൂട്ടിയാലേ കമ്പനിയെ ലാഭത്തിലത്തെിക്കാന്‍ പറ്റൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്. 
ചുരുക്കത്തില്‍ 20 വിമാനമെന്ന കീറാമുട്ടിയില്‍ എയര്‍ കേരള കട്ടപ്പുറത്ത് തന്നെ തുടരാനാണ് സാധ്യത. അതേസമയം ടാറ്റയുടെ പങ്കാളിത്തമുള്ള വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്ക് ഉടനെ തന്നെ വിദേശ സര്‍വീസ് ആരംഭിക്കാനാകും.  ഈ കമ്പനികള്‍ക്ക് മാതൃസ്ഥാപനങ്ങളായ സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്‍െറയും മലേഷ്യ ആസ്ഥാനമായുള്ള എയര്‍ ഏഷ്യയുടെയൂം പക്കലുള്ള വിമാനങ്ങളുടെ എണ്ണം കാട്ടി 20 വിമാനം വേണമെന്ന നിബന്ധന പാലിക്കാനാകും. ടാറ്റയെ സഹായിക്കാനാണ് അന്താരാഷ്ട്ര സര്‍വീസ് നിബന്ധനയില്‍ ഇളവ് വരുത്തിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ കമ്പനികള്‍ കൂടി സര്‍വീസ് നടത്തുന്നതോടെയുണ്ടാകുന്ന മത്സരത്തിന്‍െറ ഭാഗമായി ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
 ഇന്ത്യയുടെ തുറന്ന ആകാശനയം നേരത്തെ ‘സാര്‍ക്ക്’രാജ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നത് 5000 കി.മീ ചുറ്റളവിലുള്ള രാജ്യങ്ങളിലേക്ക് വിപുലപ്പെടുത്തുന്നതിന്‍െറ പരോക്ഷ ഗുണവും ഗള്‍ഫ് പ്രവാസികള്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.  ഗള്‍ഫ് മേഖലയും ഈ പരിധിയില്‍ വരുന്നതോടെ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരും. 
ഉഭയകക്ഷി കരാറുകള്‍ മാത്രമേ ഇനി ഈ രാജ്യങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്നതിന് ആവശ്യമുണ്ടാകൂ.
ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ കമ്പനികളുമായി കോഡ് ഷെയര്‍ കരാറുണ്ടാക്കാന്‍ അനുമതി നല്‍കിയതും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാന്‍ കാരണമാകും. ഇതനുസരിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഒറ്റ ടിക്കറ്റിലും നിരക്കിയും യാത്ര ചെയ്യാനാകും. 
ഉദാഹരണത്തിന് ദുബൈയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന വിദേശ വിമാനകമ്പനിക്ക് അവര്‍ക്ക് സര്‍വീസിലാത്ത മധുരയിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ അവിടേക്ക് പോകുന്ന മറ്റൊരു കമ്പനിയുടെ സേവനം ഉപയോഗിക്കാന്‍ ധാരണയുണ്ടാക്കാം. 
അതനുസരിച്ച് ദുബൈയില്‍ നിന്ന് മധുരക്ക് നേരിട്ട് ടിക്കറ്റ് നല്‍കുകയുമാകാം. യാത്രക്കാരന് രണ്ടു ടിക്കറ്റ് എടുക്കുമ്പോഴുള്ള നിരക്കിനേക്കാള്‍ കുറവില്‍ യാത്രചെയ്യാനാകും. 30 കോടിയോളം വരുന്ന ഇന്ത്യയിലെ മധ്യവര്‍ഗത്തെ കൂടുതലായി വിമാനയാത്രയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് താങ്ങാവുന്ന നിരക്ക്, കൂടുതല്‍ വിമാനത്താവളങ്ങള്‍, കുറഞ്ഞ ബാഗേജ് നിരക്ക്, ടിക്കറ്റ് റദ്ദാക്കലിന് കുറഞ്ഞ നിരക്ക് തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യോമയാന നയത്തില്‍ ഊന്നല്‍ നല്‍കുന്നത്. 
മധ്യവര്‍ഗ വിഭാഗത്തില്‍ പെടുന്ന ഓരോ ഇന്ത്യക്കാരനും വര്‍ഷത്തിലൊരിക്കല്‍ വിമാനയാത്ര നടത്തിയാല്‍ 35 കോടി ടിക്കറ്റ് വില്‍പ്പന നടത്താനാകുമെന്ന നയത്തില്‍ പറയുന്നു.  
2014-15ല്‍  ഇത് ഏഴു കോടി മാത്രമാണ്. യാത്രക്കാര്‍ വര്‍ധിച്ചാല്‍ അതുവഴി വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വുണ്ടാവുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും കണക്കാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.