ഇസ്ലാമിനെക്കുറിച്ച്  മാധ്യമങ്ങള്‍ തെറ്റിദ്ധാരണ  പ്രചരിപ്പിക്കുന്നു- ഡോ. സാകിര്‍ നായിക് 

ദുബൈ: ഇസ്ലാമിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണെന്നും ഇത് മതത്തിന്‍െറ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചതായും പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ. സാകിര്‍ നായിക് അഭിപ്രായപ്പെട്ടു. ഖവാനീജിലെ റാശിദ് ബിന്‍ മുഹമ്മദ് റമദാന്‍ ഗാദറിങില്‍ ‘മാധ്യമങ്ങളും ഇസ്ലാമും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
മുസ്ലിംകളിലെ ഒറ്റപ്പെട്ട ചിലരുടെ ചെയ്തികള്‍ പൊലിപ്പിച്ചുകാണിച്ച് എല്ലാവരും അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അച്ചടി, ദൃശ്യ, ശ്രാവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം ഇക്കാര്യത്തില്‍ ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ മാധ്യമങ്ങളെക്കാള്‍ ശക്തമായ ആയുധമില്ല. കറുപ്പിനെ വെളുപ്പാക്കാനും വില്ലനെ ഹീറോ ആക്കാനും മാധ്യമങ്ങള്‍ക്ക് സാധിക്കും. ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ നീക്കി യഥാര്‍ഥ സന്ദേശം പ്രചരിപ്പിക്കേണ്ടത് വിശ്വാസികളുടെ കടമയാണ്. 
ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ നൂറുകണക്കിന് ചലച്ചിത്രങ്ങളാണ് ഹോളിവുഡില്‍ നിന്ന് പുറത്തിറങ്ങുന്നത്. ‘അല്ലാഹു അക്ബര്‍’ എന്ന് മുസ്ലിംകള്‍ പറയുമ്പോള്‍ അത് തങ്ങളെ കൊല്ലാനുള്ള ആഹ്വാനമാണെന്ന് അമുസ്ലിംകളെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള സിനിമകളുണ്ട്. 46 ദശലക്ഷം ജൂതരെ കൊന്ന ലോകത്തെ ഏറ്റവും വലിയ തീവ്രവാദിയായ ഹിറ്റ്ലര്‍ മുസ്ലിമല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 
ആരെങ്കിലും ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്‍െറ സ്രോതസ്സില്‍ നിന്നാകണം. വിശുദ്ധ ഖുര്‍ആനും നബിചര്യയുമാണ് ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കാനുള്ള ആധികാരികമായ മാര്‍ഗം. ഏറ്റവും മികച്ച റോള്‍ മോഡല്‍ പ്രവാചകനാണ്. ‘ജിഹാദ്’ എന്ന വാക്കിന് ‘വിശുദ്ധ യുദ്ധം’ എന്നാണ് മാധ്യമങ്ങള്‍ പരിഭാഷ നല്‍കുന്നത്. 
ഇതൊരിക്കലും ശരിയല്ല. സ്വേച്ഛക്കെതിരായുള്ള സമരം എന്നതാണ് ‘ജിഹാദ്’ അര്‍ഥമാക്കുന്നത്. മെച്ചപ്പെട്ട സമൂഹത്തെ സൃഷ്ടിക്കാനുള്ള സമരവും യുദ്ധക്കളത്തിലെ പ്രതിരോധവും അടിച്ചമര്‍ത്തലിനെതിരായ പോരാട്ടവും ജിഹാദാണെന്ന് അദ്ദേഹം വിശദീകരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-12 02:43 GMT