ശൈഖ് സായിദ്  വിടവാങ്ങിയിട്ട് 12 വര്‍ഷം

അബൂദബി: യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 12 വര്‍ഷം. വിവിധ എമിറേറ്റുകളെ ഒരൊറ്റ ഫെഡറേഷന് കീഴില്‍ കൊണ്ടുവന്നതടക്കമുള്ള വിപ്ളവകരമായ അനവധി പരിഷ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രഗത്ഭനായ ഭരണാധികാരിയുടെ ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ് രാഷ്ട്രം. 2004ല്‍ റമദാന്‍ 19നാണ് ശൈഖ് സായിദ് അന്തരിച്ചത്. 
1918ല്‍ അബൂദബിയില്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നാല് മക്കളില്‍ ഇളയവനായി ജനിച്ച ശൈഖ് സായിദ് അവികസിതവും ദരിദ്രവുമായിരുന്ന ഒരു ഭൂപ്രദേശത്തെ സമ്പല്‍സമൃദ്ധവും വികസനോന്മുഖവുമാക്കുന്നതില്‍ നെടുനായകത്വം വഹിച്ചു. 
യുവത്വം മുതല്‍ രാജ്യത്തങ്ങോളമിങ്ങോളം നിരന്തരം യാത്ര നടത്തിയ അദ്ദേഹം ഈ മണ്ണിനെ കുറിച്ചും അതിലെ ജനങ്ങളെ കുറിച്ചുമുള്ള അറിവില്‍ ആഴത്തില്‍ അവഗാഹം നേടി. 
1946ല്‍ അബൂദബിയുടെ കിഴക്കന്‍ മേഖലയായ അല്‍ഐനില്‍ ഭരണാധികാരിയുടെ പ്രതിനിധിയായി ശൈഖ് സായിദ് നിയമിതനായി. 
1966 ആഗസ്റ്റിലാണ് അദ്ദേഹം അബൂദബിയുടെ ഭരണാധികാരിയായത്. തുടര്‍ന്ന് അന്യാദൃശ്യമായ പുരോഗതിയിലേക്ക് എമിറേറ്റ് കുതിച്ചു. 1968 ഫെബ്രുവരി 18ന് ശൈഖ് സായിദും ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിന്‍ സഈദ് ആല്‍ മക്തൂമും  നടത്തിയ കൂടിക്കാഴ്ചയിലാണ് എമിറേറ്റുകളുടെ ഫെഡറേഷന്‍ എന്ന ആശയത്തിന് വിത്തുപാകിയത്. പിന്നീട് നിരവധി ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം 1971ല്‍ ഫെഡറല്‍ സംവിധാനത്തിന്‍െറ സാഫല്യമായി യുനൈറ്റഡ് അറബ് എമിറേറ്റ്സ് യാഥാര്‍ഥ്യമായി. ശൈഖ് സായിദ് യു.എ.ഇയുടെ പ്രഥമ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി 33 വര്‍ഷം ആ പദവിയിലിരുന്ന് രാജ്യത്തെ പുരോഗതിയിലേക്കും നയിച്ചു.
തന്‍െറ ഭരണപാടവം മറ്റു എമിറേറ്റുകളുടെയും ഗള്‍ഫ് മേഖലയുടെ തന്നെയും പുരോഗതിക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതില്‍ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന് ഏറെ പ്രാധാന്യം കല്‍പിച്ച വ്യക്തിത്വവുമായിരുന്നു ശൈഖ് സായിദ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-04 06:15 GMT