ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നങ്ങളില്‍ കേന്ദ്ര  സര്‍ക്കാര്‍ നേരിട്ട് ഇടപെടും -ടി.പി. സീതാറാം 

അബൂദബി: ഇന്ത്യ-യു.എ.ഇ ബന്ധം വിപുലീകരിക്കുന്നതിന്‍െറ ഭാഗമായി ഇന്ത്യക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു ഇടപെടാന്‍ ആലോചിക്കുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം. ഇന്ത്യന്‍ മീഡിയ അബൂദബിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അബൂദബി ഇന്ത്യ പാലസ് റെസ്റ്റോറന്‍റില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂണ്‍  28ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥാനപതിമാരുടെ യോഗം വിളിച്ചിച്ചിട്ടുണ്ട്. അടുത്ത മാസം  പ്രവാസികളുടെ വിദ്യാഭ്യാസ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചകളും നടക്കും. ഇത്തരം ചര്‍ച്ചകളില്‍ ഗുണപരമായ തീരുമാനങ്ങള്‍ ഉരുത്തിരിയുന്നതിന് മാധ്യമപ്രവര്‍ത്തകര്‍  ജാഗ്രത പുലര്‍ത്തണം. ഇന്ത്യ-യു.എ.ഇ ബന്ധം വിപുലവും ദൃഢവും ആഴമേറിയതുമാകുന്ന വര്‍ത്തമാന കാലത്ത്  മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വര്‍ധിക്കുകയാണെന്നും ടി.പി. സീതാറാം അഭിപ്രായപ്പെട്ടു. 
ഇന്ത്യ-യു.എ.ഇ ബന്ധങ്ങളുടെ സാക്ഷ്യപത്രങ്ങളായ നിരവധി  മാറ്റങ്ങള്‍ക്ക് ഏതാനും നാളുകള്‍ക്കകം ഇന്ത്യന്‍ സമൂഹം സാക്ഷിയാകുമെന്നും അംബാസഡര്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ പരമാവധി സുതാര്യമായി നടത്താനാണ് ശ്രമിച്ചിട്ടുള്ളതെന്ന് പറഞ്ഞ അംബാസഡര്‍ അടുത്ത കാലത്തുണ്ടായ കേന്ദ്ര മന്ത്രിമാരുടെ സന്ദര്‍ശനങ്ങളിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കാതിരുന്നതിന്‍െറ കാരണങ്ങളും വിശദമാക്കി. ഇന്ത്യയിലെ രാഷ്ട്രീയ സംസ്കാരത്തില്‍ സംഭവിച്ച മാറ്റങ്ങളും ആതിഥേയ രാഷ്ട്രത്തിന്‍െറ താല്‍പര്യങ്ങളും ഇതില്‍ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്‍റ് അനില്‍  സി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ പാണ്ട്യാല, ട്രഷറര്‍ സമീര്‍ കല്ലറ എന്നിവര്‍ സംസാരിച്ചു.  മാധ്യമ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചേര്‍ന്ന് നടത്തിയ  ഇഫ്താര്‍ വിരുന്നില്‍ ടി.പി സീതാറാമും പത്നി ദീപ സീതാറാമും മുഖ്യാതിഥികളായി പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.