മുഹമ്മദ് ബിന്‍ സായിദ്  ധിഷണാശാലിയായ  ലോകനേതാവ്

അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ധിഷണാശാലിയായ ലോക നേതാക്കളില്‍ മുമ്പന്തിയിലാണെന്ന് ഫോറിന്‍ പോളിസി മാഗസിന്‍ റിപ്പോര്‍ട്ട്. താന്‍ കണ്ടുമുട്ടിയവരില്‍ ഏറ്റവും ധിഷണാശാലിയായ ലോക നേതാക്കളില്‍ പ്രമുഖനാണ് മുഹമ്മദ് ബിന്‍ സായിദെന്ന് മാഗസിന്‍ എഡിറ്റര്‍ ഡേവിഡ് റോത്കോഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ പ്രസംഗം ഏതൊരു എണ്ണ ഉല്‍പാദക രാജ്യത്തെ സംബന്ധിച്ചും വിപ്ളവകരമാണ്. എണ്ണയില്ലാതെ ജീവിക്കാന്‍ പഠിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞത്. അവസാന തുള്ളി എണ്ണ സന്തോഷത്തോടെ കയറ്റുമതി ചെയ്യാന്‍ സാധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. രാജ്യത്തിന്‍െറ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ എണ്ണയുടെ പങ്ക് 30 ശതമാനമാക്കാന്‍ ഇപ്പോള്‍ തന്നെ യു.എ.ഇക്ക് സാധിച്ചിട്ടുണ്ട്. 2020ഓടെ ഇത് 20 ശതമാനം ആക്കാന്‍ സാധിക്കുമെന്നാണ് യു.എ.ഇ പ്രതീക്ഷിക്കുന്നതെന്നും  ഡേവിഡ് റോത്കോഫ് പറഞ്ഞു. ഇമാറാത്തി നേതാക്കളുടെ നിര്‍മാണാത്മക ശേഷിയുടെ തെളിവാണ് അടുത്തിടെ സര്‍ക്കാര്‍ നടത്തിയ പരിഷ്കരണങ്ങള്‍. മന്ത്രിസഭയിലെ 29 മന്ത്രിമാരില്‍ എട്ട് പേര്‍ സ്ത്രീകളാണ്. 22 വയസ്സുള്ള ശമ്മാ അല്‍ മസ്റൂയി യുവജന മന്ത്രിയാണെന്നും ഡേവിഡ് റോത്കോഫ് പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.