ദുബൈ: ദുബൈയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയിടുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദുബൈയിലെ 30,000ഓളം പാര്‍ക്കിങ് സ്ഥലങ്ങളില്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. പണം നല്‍കി പാര്‍ക്ക് ചെയ്യാന്‍ മൊത്തം 1,30,000 സ്ഥലങ്ങളാണ് ദുബൈയിലുള്ളത്.
ഉത്തരവ് പ്രകാരം പാര്‍ക്കിങ് സ്ഥലങ്ങളെ രണ്ടുവിഭാഗങ്ങളായി തിരിച്ചിരിക്കുകയാണ്. ഒന്നാം വിഭാഗത്തില്‍പെട്ട പ്രദേശങ്ങളിലായിരിക്കും പുതിയ നിരക്ക് ഈടാക്കുക. ഈ പ്രദേശങ്ങളില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ ഒരുമണിക്കൂറിന് ഇനി നാല് ദിര്‍ഹം നല്‍കണം. അരമണിക്കൂറിന് രണ്ട് ദിര്‍ഹവും. ഒരുമണിക്കൂറിന് ഇതുവരെ രണ്ട് ദിര്‍ഹമായിരുന്നു നിരക്ക്. രണ്ട് മണിക്കൂറിന് എട്ട് ദിര്‍ഹവും മൂന്ന് മണിക്കൂറിന് 12 ദിര്‍ഹവും നാല് മണിക്കൂറിന് 16 ദിര്‍ഹവും ഇനി നല്‍കണം. പാര്‍ക്കിങ് ലോട്ടുകളിലെ പുതിയ നിരക്ക് മണിക്കൂറിന് മൂന്ന് ദിര്‍ഹമാണ്. രണ്ട് മണിക്കൂറിന് ആറ്, മൂന്ന് മണിക്കൂറിന് എട്ട്, നാലുമണിക്കൂറിന് 12, അഞ്ച് മണിക്കൂറിന് 15, ഒരുദിവസത്തേക്ക് 20 എന്നിങ്ങനെ ഈടാക്കും.
77 ശതമാനത്തോളം വരുന്ന രണ്ടാം വിഭാഗത്തില്‍പെട്ട പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ പഴയ നിരക്ക് തുടരും. റോഡരികില്‍ ഒരുമണിക്കൂറിന് രണ്ട് ദിര്‍ഹം, രണ്ട് മണിക്കൂറിന് അഞ്ച് ദിര്‍ഹം, മൂന്ന് മണിക്കൂറിന് എട്ട് ദിര്‍ഹം, നാലുമണിക്കൂറിന് 11 ദിര്‍ഹം എന്നിങ്ങനെയാണ് നല്‍കേണ്ടത്. പാര്‍ക്കിങ് ലോട്ടുകളില്‍ ഒരുമണിക്കൂറിന് രണ്ട് ദിര്‍ഹം, രണ്ട് മണിക്കൂറിന് നാല്, മൂന്ന് മണിക്കൂറിന് അഞ്ച്, നാലുമണിക്കൂറിന് ഏഴ്, ഒരുദിവസത്തേക്ക് 10 എന്നിങ്ങനെയാണ് ഈടാക്കുക. ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ മണിക്കൂറിന് അഞ്ച് ദിര്‍ഹമാണ് നിരക്ക്. പ്രവൃത്തിദിനങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ 14 മണിക്കൂറാണ് പാര്‍ക്കിങ് ഫീസ് നല്‍കേണ്ടത്. വെള്ളിയാഴ്ചകളിലും പൊതുഅവധിദിനങ്ങളിലും പാര്‍ക്കിങ് സൗജന്യമായിരിക്കും.
സീസണല്‍ പാര്‍ക്കിങ് പെര്‍മിറ്റുകളുടെ ഫീസും ഉയര്‍ത്തിയിട്ടുണ്ട്. റോഡരികിലെ പാര്‍ക്കിങ് സ്ഥലങ്ങളില്‍ മൂന്ന് മാസത്തെ പെര്‍മിറ്റിന് 1400 ദിര്‍ഹം നല്‍കണം. ആറുമാസത്തേക്ക് 2500 ദിര്‍ഹവും ഒരുവര്‍ഷത്തേക്ക് 4500 ദിര്‍ഹവുമാണ് നിരക്ക്. പാര്‍ക്കിങ് ലോട്ടുകളില്‍ മൂന്നുമാസത്തേക്ക് 700, ആറുമാസത്തേക്ക് 1300, ഒരുവര്‍ഷത്തേക്ക് 2500 എന്നിങ്ങനെയും. ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ മൂന്നുമാസത്തേക്ക് 2000, ആറുമാസത്തേക്ക് 4000, ഒരുമാസത്തേക്ക് 8000. വിദ്യാര്‍ഥികള്‍ക്ക് മൂന്നുമാസത്തേക്ക് 300 ദിര്‍ഹം നല്‍കിയാല്‍ മതി. പാര്‍ക്കിങ് സ്ഥലങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച് തിരക്ക് കുറക്കാനാണ് നിരക്ക് കൂട്ടിയതെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ അല്‍ തായിര്‍ പറഞ്ഞു. ആളുകളെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയെന്നതും ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.