മഴയടങ്ങി; വെള്ളക്കെട്ട് ഒഴിഞ്ഞില്ല 

ദുബൈ: രണ്ടുദിവസം നീണ്ട കനത്ത മഴക്ക് ശമനമായെങ്കിലും ദുബൈയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഒഴിഞ്ഞില്ല. ശൈഖ് സായിദ് റോഡ് അടക്കമുള്ള പ്രധാന പാതകളില്‍ വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. വെള്ളം പമ്പ് ചെയ്ത് മാറ്റിയശേഷം വൈകിട്ടോടെ ഗതാഗതം പുനഃസ്ഥാപിച്ചു. 
വ്യാഴാഴ്ച വൈകിട്ട് വരെ മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനമെങ്കിലും രാവിലെ മുതല്‍ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. സ്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നതിനാല്‍ റോഡുകളില്‍ തിരക്ക് അനുഭവപ്പെട്ടില്ല. 
ഭൂരിഭാഗം പേരും ഓഫിസുകളിലത്തൊതെ വീട്ടില്‍ നിന്നുതന്നെ ജോലി ചെയ്തതും റോഡുകളില്‍ വാഹനങ്ങള്‍ ഒഴിയാന്‍ കാരണമായി. ശൈഖ് സായിദ് റോഡില്‍ ജബല്‍ അലി ഭാഗത്ത് കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ വഴി തിരിച്ചുവിട്ടു. ഈ ഭാഗത്ത് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഡ്രെയിനേജ് സ്റ്റേഷന്‍ തകരാറിലായതാണ് വെള്ളക്കെട്ടിന് കാരണമായത്. ഉച്ചകഴിഞ്ഞ് 2.30ഓടെ വെള്ളം നീക്കി റോഡ് തുറന്നതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്. 
പാം ജുമൈറ, ഡിസ്കവറി ഗാര്‍ഡന്‍സിലേക്കുള്ള റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ടായിരുന്നു. നഗരസഭയുടെ ടാങ്കറുകള്‍ എത്തി വെള്ളം പമ്പ് ചെയ്ത്മാറ്റി. വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിലെ ചെളിയും ജീവനക്കാര്‍ ശുചീകരിച്ചു. വെള്ളക്കെട്ട് സംബന്ധിച്ച് ദുബൈ നഗരസഭയില്‍ 406ഓളം പരാതികളാണ് ലഭിച്ചത്. 90ഓളം ടാങ്കറുകള്‍ വെള്ളം നീക്കാന്‍ നിയോഗിച്ചു. 1000ഓളം ജീവനക്കാരെയും രംഗത്തിറക്കി. 150ഓളം പമ്പുകള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. 30 ഉദ്യോഗസ്ഥര്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.