ദുബൈ: മനുഷ്യരാശിക്ക് മികച്ച ഭാവിയൊരുക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ലോകത്തെ നയിക്കുന്നതിന് യു.എ.ഇ സജ്ജമാണെന്ന് വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. 140ഓളം രാജ്യങ്ങളില്‍ യു.എ.ഇയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന യങ് പ്രസിഡന്‍റ്സ് ഓര്‍ഗനൈസേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യവിഭവശേഷിയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ വികസനവും പുരോഗതിയും എങ്ങനെ കൈവരിക്കാമെന്നത് സംബന്ധിച്ച് യു.എ.ഇക്ക് വ്യക്തമായ ധാരണയുണ്ട്. സ്വദേശികളുടെയും വിദേശികളുടെയും സന്തോഷവും സംതൃപ്തിയും ഉറപ്പാക്കി ലക്ഷ്യം കൈവരിക്കാന്‍ രാജ്യം പദ്ധതി തയാറാക്കിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള വികസന പദ്ധതികളിലും പുത്തന്‍ അവസരങ്ങള്‍ ഒരുക്കുന്നതിലും യുവജനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. വൈവിധ്യമാണ് ശക്തിയെന്ന് വിശ്വസിക്കുന്ന രാജ്യമാണ് യു.എ.ഇ. വിവിധ സംസ്കാരങ്ങളുള്ള ആളുകള്‍ ഇടകലര്‍ന്നു ജീവിക്കുന്ന യു.എ.ഇ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണ്. സഹിഷ്ണുത, തുറന്ന സമീപനം, വിവിധ സംസ്കാരങ്ങളെയും ചിന്തകളെയും സ്വീകരിക്കാനുള്ള സന്നദ്ധത തുടങ്ങിയവ യു.എ.ഇയുടെ പ്രത്യേകതയാണ്. 200ലധികം രാജ്യക്കാര്‍ സമാധാനപരമായി ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നുണ്ടിവിടെ. വര്‍ണ, വര്‍ഗ വിവേചനമില്ലാതെ സര്‍ക്കാര്‍ എല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്യുന്നു. പ്രതിബന്ധങ്ങള്‍ അതിജയിച്ച് മുന്നേറാനുള്ള പോസിറ്റീവ് എനര്‍ജി രാജ്യത്തെ ജനങ്ങള്‍ക്കും സര്‍ക്കാറിനും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 130ഓളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടിവുമാരുടെയും ബിസിനസ് മേധാവികളുടെയും സംഘടനയാണ് യങ് പ്രസിഡന്‍റ്സ് ഓര്‍ഗനൈസേഷന്‍. 24,000ലധികം അംഗങ്ങളാണ് സംഘടനക്കുള്ളത്. ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, കാബിനറ്റ്- ഭാവി കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, അന്താരാഷ്ട്ര സഹകരണ കാര്യ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി എന്നിവരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.