ഫലസ്തീന്‍ അധ്യാപികക്ക്  ആഗോള അധ്യാപക പുരസ്കാരം

ദുബൈ: വര്‍ക്കി ഫൗണ്ടേഷന്‍െറ ആഗോള അധ്യാപക പുരസ്കാരത്തിന് ഫലസ്തീന്‍ സ്വദേശിയായ അധ്യാപിക ഹനാന്‍ അല്‍ ഹുറൂബ് അര്‍ഹയായി. ദുബൈയില്‍ നടന്ന ഗ്ളോബല്‍ എജുക്കേഷന്‍ ആന്‍ഡ് സ്കില്‍ ഫോറത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് വിജയിയെ പ്രഖ്യാപിച്ചത്. 10 ലക്ഷം അമേരിക്കന്‍ ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡ് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വിതരണം ചെയ്തു. ലോകത്തെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള അധ്യാപക അവാര്‍ഡാണിത്. 
അവസാന റൗണ്ടിലത്തെിയ പത്തുപേരില്‍ നിന്നാണ് ഹനാനെ തെരഞ്ഞെടുത്തത്. ഫലസ്തീന്‍ അല്‍ ബിറയിലെ സമീഹ ഖലീല്‍ ഹൈസ്കൂള്‍ അധ്യാപികയാണ് ഇവര്‍. അധ്യാപനത്തോടൊപ്പം സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന അധ്യാപകരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. പഠനത്തിനൊപ്പം കളികള്‍ക്കും പ്രാധാന്യം നല്‍കുന്ന ഹനാന്‍ അല്‍ ഹുറൂബിന്‍െറ രീതി തന്നെ ഏറെ ആകര്‍ഷിച്ചെന്ന് അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 
യുദ്ധവും മറ്റുകാരണങ്ങളും മൂലം പഠനാവസരം നിഷേധിക്കപ്പെടുന്ന കുട്ടികളെ മുഖ്യധാരയിലത്തെിക്കുന്നതില്‍ അധ്യാപകരുടെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    
ഫലസ്തീനിലെ അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന് വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് ഹനാന്‍. വെടിയൊച്ചകള്‍ക്ക് നടുവിലായിരുന്നു ഹനാന്‍െറ പഠനം. പിന്നീട് അധ്യാപികയായപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ വളരേണ്ടിവരുന്ന കുട്ടികള്‍ക്കായി പ്രത്യേക അധ്യാപന രീതി തന്നെ അവര്‍ ആവിഷ്കരിച്ചു. കളികളിലൂടെ പഠനം എന്ന അവരുടെ രീതി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അവാര്‍ഡിന് അര്‍ഹയായതില്‍ ഫലസ്തീനിയന്‍ വനിതയെന്ന പേരില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ ഹനാന്‍ പറഞ്ഞു. വര്‍ക്കി ഫൗണ്ടേഷന്‍ സ്ഥാപകന്‍ സണ്ണി വര്‍ക്കിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. മുംബൈ ക്രാന്തി സ്കൂളിലെ റോബിന്‍ ചൗരസ്യയും അവസാന പട്ടികയില്‍ ഇടംപിടിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.