ചെക്ക് കേസില്‍ പ്രതിയായ മലയാളി വ്യവസായിയെ  ദുബൈ അപ്പീല്‍ കോടതി വെറുതെവിട്ടു

ദുബൈ: 10 ലക്ഷം ദിര്‍ഹത്തിന്‍െറ ചെക്ക് കേസില്‍ പ്രതിയായ മലയാളി വ്യവസായിയെ ദുബൈ അപ്പീല്‍ കോടതി വെറുതെ വിട്ടു. 1982 മുതല്‍ ദുബൈയില്‍ വസ്ത്ര വ്യവസായം നടത്തിവരുന്ന കോഴിക്കോട് വടകര കണ്ണൂക്കര മുടവനക്കണ്ടി ഹൗസില്‍ മുഹമ്മദിനെതിരെ ,1997ല്‍ ഒപ്പിട്ട് നല്‍കിയ ഒമാന്‍ ബാങ്കിന്‍െറ ചെക്ക് ഉപയോഗിച്ച് സഹോദരനായ യൂസഫ് മുടവനക്കണ്ടി ദുബൈ അല്‍ റഫാ പൊലീസ് മുഖേന ഫയല്‍ ചെയ്ത കേസിലാണ് ദുബൈ അപ്പീല്‍ കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. 
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് തന്‍െറ അനുജനെ തന്‍െറ സ്ഥാപനത്തിലേക്ക് കൊണ്ടുവരുകയും കമ്പനിക്കാര്യങ്ങള്‍ നോക്കി നടത്താന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ജ്യേഷ്ഠന്‍ നാട്ടില്‍ പോവുന്ന സമയത്ത് കമ്പനിയുടെ ദൈനംദിന ചെലവുകള്‍ക്കും ഇടപാടുകാര്‍ക്ക് കൊടുക്കാനുമായി തുകയും തീയതിയും എഴുതാതെ ചെക്കുകള്‍ ഒപ്പിട്ട് അനുജനെ ഏല്‍പ്പിക്കാറുണ്ടായിരുന്നു. ആ കാലയളവില്‍ അനുജന്‍െറ കൈയ്യിലകപ്പെട്ട  ചെക്കാണ് ജ്യേഷ്ഠനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ ഉപയോഗിച്ചതെന്ന്  കേസില്‍ പ്രതിക്ക് നിയമോപദേശം നല്‍കിയ അല്‍ക്കബ്ബാന്‍ അസോസിയേറ്റിലെ സീനിയല്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു.
തനിക്ക് കമ്പനിയിലുണ്ടായിരുന്ന ഓഹരികള്‍ ജ്യേഷ്ഠന്‍െറ മകന് വില്‍പന നടത്തിയ വകയില്‍ ലഭിക്കാനുള്ള തുകക്ക് നല്‍കിയ ചെക്കായിരുന്നു ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ മടങ്ങിയത് എന്നായിരുന്നു അനുജന്‍െറ വാദം. എന്നാല്‍ 2008ല്‍ ആണ് കമ്പനിയുടെ ഓഹരികള്‍ ജ്യേഷ്ഠന്‍െറ മകന്‍െറ പേരിലേക്ക് മാറ്റിയതെന്നും, അങ്ങനെയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിയ ഒമാന്‍ ബാങ്കിന്‍െറ ചെക്ക് കൊടുക്കേണ്ട ആവശ്യം എന്താണെന്നും കോടതിയില്‍ മുഹമ്മദിന് വേണ്ടി ഹാജരായ അഭിഭാഷകള്‍ വാദിച്ചു. കൂടാതെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട മുഴുവന്‍ പണവും യുസഫിന് നല്‍കിയതായും ഇതേപ്പറ്റി മധ്യസ്ഥന്മാര്‍ മുഖേന നാട്ടില്‍ ചര്‍ച്ച നടത്തിയതും കോടതിയില്‍ ബോധ്യപ്പെടുത്തിയതായി  അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു. ഈ കേസില്‍ ദുബൈ പ്രാഥമിക കോടതി പ്രതിയെ കുറ്റക്കാരനല്ളെന്ന് കണ്ട് നേരത്തെ വെറുതെ വിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലിലാണ് ദുബൈ അപ്പീല്‍ കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.