അറബ് സംസ്കാരത്തിന്‍െറ വളര്‍ച്ച പറഞ്ഞ് ശൈഖ് സായിദ് മരുഭൂ പഠന കേന്ദ്രം

അബൂദബി: മരുഭൂമിയുടെയും മരുപ്പച്ചയുടെയും വളര്‍ച്ചയുടെയും ആധുനികതയിലേക്കുള്ള സഞ്ചാരത്തിന്‍െറയും കഥ പറയുകയാണ് അല്‍ഐനിലെ ശൈഖ് സായിദ് ഡെസര്‍ട്ട് ലേണിങ് സെന്‍റര്‍. അല്‍ഐന്‍ മൃഗശാല വിപുലീകരണത്തിന്‍െറ ഭാഗമായി നിര്‍മിച്ച സെന്‍റര്‍ അബൂദബിയുടെയും അല്‍ഐനിന്‍െറയും ചരിത്രവും വര്‍ത്തമാനവും സന്ദര്‍ശകരിലേക്ക് പകര്‍ന്നുനല്‍കുന്നു. മരുഭൂമി, മരുപ്പച്ച, മലനിരകള്‍, കടല്‍ ജീവിതം തുടങ്ങി തലസ്ഥാന എമിറേറ്റിന്‍െറ എല്ലാ ഘടകങ്ങളുടെയും വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ്  മരുഭൂ പഠന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. മരുഭൂമിയായ ഒരു പ്രദേശം ഇന്നത്തെ ആധുനികതയിലേക്ക് വളര്‍ന്നതിന്‍െറ വ്യക്തമായ അനുഭവം പകര്‍ന്നുനല്‍കാന്‍ സെന്‍ററിന് സാധിക്കും. യു.എ.ഇ സ്ഥാപകന്‍ ശൈഖ് സായിദ് രാജ്യം കെട്ടിപ്പടുത്തതിന്‍െറ വിവരണവും ഇവിടെ ലഭിക്കും.  
പരിസ്ഥിതി സൗഹൃദ രീതിയില്‍ നിര്‍മിച്ച സെന്‍റര്‍ അഞ്ച് ഗ്യാലറികളിലൂടെയാണ് അബൂദബിയുടെ ചരിത്രവും വര്‍ത്തമാനവും പരിസ്ഥിതിയും ജീവിതവും എല്ലാം വിവരിക്കുന്നത്. ശൈഖ് സായിദ് ട്രിബ്യൂട്ട് ഹാള്‍, അബൂദബി ഡെസര്‍ട്ട് ഓവര്‍ ടൈം, അബൂദബിസ് ലിവിങ് വേള്‍ഡ്, ലുക്കിങ് ടു ദ ഫ്യൂച്ചര്‍, പ്യൂപ്പിള്‍ ഓഫ് ദ ഡെസര്‍ട്ട് എന്നീ അഞ്ച് ഗ്യാലറികളാണ് സെന്‍ററിലുള്ളത്. കെട്ടിടത്തിന്‍െറ വിവിധ നിലകളിലായി ഒരുക്കിയ ഈ ഗ്യാലറികളിലൂടെ നൂറ്റാണ്ടുകള്‍ മുമ്പ് സമൂഹം ജീവിച്ചിരുന്നതിന്‍െറ നേര്‍ചിത്രവും പാരിസ്ഥിതിക സാഹചര്യങ്ങളും അറിയാന്‍ സാധിക്കും. മരുഭൂമി, മലനിരകള്‍, സമുദ്രം, മരുപ്പച്ചകള്‍ എന്നിവിടങ്ങളില്‍ കാലങ്ങളായി ജീവിക്കുന്ന വിവിധ ജീവി വര്‍ഗങ്ങളെ കുറിച്ച വിവരങ്ങളും ലഭിക്കും. കാറ്റ് മരുഭൂമിയിലും കടലിലും സൃഷ്ടിക്കുന്ന വ്യതിയാനങ്ങള്‍ അനുഭവിച്ചറിയാനുള്ള അവസരവുമുണ്ട്.


പഴയ കാലത്ത് നടത്തിയിരുന്ന വേട്ട, കൃഷി, മത്സ്യ ബന്ധനം തുടങ്ങിയവയും സന്ദര്‍ശകര്‍ക്ക് അനുഭവിച്ചറിയാം. അബൂദബിയുടെ പാരിസ്ഥിതിക പ്രാധാന്യത്തെയും പ്രകൃതിയെയും മനോഹരമായി ചിത്രീകരിച്ച ഹ്രസ്വ ചിത്രങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
യു.എ.ഇയില്‍ സുസ്ഥിര വികസന മാതൃകയില്‍ നിര്‍മിച്ച ആദ്യ കെട്ടിടവും കൂടിയാണിത്. സ്വഭാവിക രീതിയില്‍ വെളിച്ചം ലഭിക്കുന്ന രീതിയില്‍ നിര്‍മിച്ച ഈ കെട്ടിടത്തില്‍ വൈദ്യുതിയും മറ്റും ലഭ്യമാക്കിയിരിക്കുന്നത് സൗരോര്‍ജം ഉപയോഗിച്ചാണ്. അല്‍ഐന്‍ സൂ വികസനത്തിന്‍െറ കിരീടത്തിലെ രത്നമാണ് മരുഭൂ പഠന കേന്ദ്രമെന്ന് സൂ ഡയറക്ടര്‍ ജനറല്‍ ഗാനിം അല്‍ ഹജെരി പറഞ്ഞു. പരിസ്ഥിതി സൗഹൃദ രീതിയില്‍ നിര്‍മിച്ച കെട്ടിടത്തിന് ഇസ്തിദാമയുടെ ഫൈവ് പേള്‍ റേറ്റിങും പ്ളാറ്റിനം സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. സെന്‍റര്‍ നിര്‍മാണത്തിന്‍െറ തുടക്കം മുതല്‍ പരിസ്ഥിതി സൗഹൃദ നടപടികളാണ് സ്വീകരിച്ചത്.  
നിര്‍മാണ മാലിന്യത്തിന്‍െറ 92 ശതമാനവും വീണ്ടും ഉപയോഗിക്കാവുന്ന രീതിയില്‍ മാറ്റി. 24 എയര്‍ബസ് എ 320 വിമാനങ്ങളില്‍ ഉള്‍ക്കൊള്ളാവുന്ന 17 ലക്ഷം കിലോ മാലിന്യമാണ് പുനരുപയോഗത്തിലൂടെ പ്രകൃതിയിലേക്ക് തള്ളാതെ വീണ്ടും ഉപയോഗിച്ചത്.
സൂര്യപ്രകാശം മൂലമുള്ള ചൂടിന്‍െറ 70 ശതമാനവും പുറന്തള്ളാവുന്ന രീതിയിലും ജല- ഊര്‍ജ ഉപയോഗം 50 ശതമാനം കുറക്കാവുന്ന രീതിയിലുമാണ് കെട്ടിടം രൂപകല്‍പന ചെയ്തതും നിര്‍മിച്ചത്.
മരുഭൂ ജീവിതം മനസ്സിലാക്കുന്നതിനൊപ്പം സുസ്ഥിര വികസനത്തിന്‍െറയും വിഭവങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതിന്‍െറയും ആവശ്യകത ഉറപ്പുവരുത്തുന്ന രീതിയിലാണ് ശൈഖ് സായിദ് ഡെസര്‍ട്ട് സെന്‍റര്‍ സ്ഥാപിച്ചതെന്ന് ഗാനിം അല്‍ ഹജെരി പറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.