മതി കാത്തിരിപ്പ്; ഒറ്റയിരിപ്പില്‍ ജനവിധിയറിയാം

ദുബൈ: സൂര്യനുദിച്ച് ഏറെകഴിഞ്ഞാലും മൂടിപ്പുതച്ചുറങ്ങുന്ന മലയാളിയും ഇന്ന് നേരത്തെയെഴുന്നേല്‍ക്കും. റോഡിയോയെയും ടെലിവിഷന്‍ ചാനലുകളെയും ഇതുവരെ അവഗണിച്ചിരുന്നവര്‍ വ്യാഴാഴ്ച രാവിലെ അതിന് മുന്നിലായിരിക്കും. അതിരാവിലെ ജോലിക്ക് പോകേണ്ടവര്‍ വിവിധ  വാര്‍ത്താ ആപ്പുകള്‍ മൊബൈലില്‍ സൗണ്‍ലോഡ് ചെയ്താണ് വണ്ടി കയറുക. വാഹനങ്ങളില്‍ റേഡിയോയുടെ ആവശ്യകത എല്ലാവര്‍ക്കും ഇന്ന് ബോധ്യമാകും. താമസസ്ഥലത്ത് കൂട്ടുകാരോടൊപ്പം ഒന്നിച്ച് ‘ഉത്സവം‘ ആഘോഷിക്കാന്‍ തീരുമാനിച്ചവരെല്ലാം വ്യാഴാഴ്ച അവധിയെടുത്തുകഴിഞ്ഞു. രണ്ടു മാസത്തിലേറെ കേരളത്തെ ഇളക്കിമറിച്ച നിയമസഭാ തെരഞ്ഞെടുപ്പ് കോലാഹലത്തിന്‍െറ അന്തിമ ഫല പ്രഖ്യാപനത്തിന് ആകാംക്ഷയുടെ മുള്‍മുനയില്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്കൊപ്പം കാത്തിരിക്കുകയാണ് ഗള്‍ഫ് പ്രവാസികളും. 
രാവിലെ ‘ചൂടോ’ടെ ഫലമറിയാന്‍ ആവശ്യമായ ഒരുക്കങ്ങളെല്ലാം നടത്തിയുള്ള കാത്തിരിപ്പ് നെഞ്ചിടിപ്പോടെയാണ്. അവധിയെടുത്തും നേരത്തെ എഴുന്നേല്‍ക്കാന്‍ അലാറം വെച്ചും പ്രാതല്‍ ഇന്നലെ രാത്രി തന്നെ ഒരുക്കിയുമാണ് മിക്കവരും തയാറെടുത്തത്. യു.എ.ഇ സമയം രാവിലെ ആറരയോടെ ആരംഭിക്കുന്ന വോട്ടെണ്ണല്‍ ഏറെക്കുറെ പത്തരയോടെ അവസാനിക്കും. എട്ടര മണിയോടെ കേരളം ആരു ഭരിക്കുമെന്നത് സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭിക്കും. അതുകൊണ്ടു തന്നെ കാത്തുകാത്തിരുന്ന ഫലം അടിക്കടി മുന്നേറുന്നത് തത്സമയം അനുഭവിക്കേണ്ടതുണ്ട്. അതു കുറേപേര്‍ ഒന്നിച്ചിരുന്നാകുമ്പോള്‍ ‘ത്രില്‍’ കൂടും. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ ഫലം അറിയാന്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവരും. 
ഫലം ടെലിവിഷനിലൂടെ ഒന്നിച്ചിരുന്ന് കാണാന്‍ വിവിധ സ്ഥലങ്ങളില്‍ സംഘടനകളുടെയും കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. എല്ലാ എമിറേറ്റുകളിലും കെ.എം.സി.സി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പോഷക സംഘടനാ ഓഫീസുകളിലും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫീസുകളിലും ഫലപ്രഖ്യാപനം തല്‍സമയം കാണാനും ചര്‍ച്ച ചെയ്യാന്‍ രാവിലെ മുതല്‍ പ്രവര്‍ത്തകരത്തെും. ചിലയിടത്ത് വലിയ സ്ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്. ദുബൈയില്‍ ഒരു ഹോട്ടലില്‍ ഫലപ്രഖ്യാപനം ഉത്സവമായി ആഘോഷിക്കാന്‍  മലയാളി കൂട്ടായ്മ പദ്ധതി തയാറാക്കിയെങ്കിലൂം  ഹോട്ടലുകാര്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു. ആഘോഷം അതിരുവിട്ട് മുദ്രവാക്യം വിളിയിലേക്കും മറ്റും നീങ്ങിയ മുന്‍ അനുഭവമാണ് ഉദ്യമം തകര്‍ത്തത്. പ്രതീക്ഷിച്ചതിലും  കൂടുതലാളുകള്‍ പരിപാടിയെക്കുറിച്ച് അന്വേഷിച്ച് വിളിയാരംഭിച്ചതോടെ പിന്മാറ്റമാണ് നല്ലതെന്ന് സംഘാടകര്‍ക്കും തോന്നി.
രാഷ്ട്രീയത്തോട് താല്‍പര്യം കാണിക്കാത്തവര്‍ പോലും ഇത്തവണ ചില നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി ആരു ജയിക്കുമെന്നറിയാന്‍ ഏറെ താല്‍പര്യം കാട്ടുന്നു. വോട്ടെടുപ്പ് കഴിഞ്ഞത് മുതല്‍ ഫലത്തെക്കുറിച്ച് ഉദ്വേഗത്തോടെ ചര്‍ച്ച ചെയ്തവര്‍ക്ക് മുന്നിലേക്ക് എക്സിറ്റ് പോള്‍ ഫലം വന്നതോടെ ചിലര്‍ ആശങ്കയിലും  മറ്റു ചിലര്‍ ആവേശത്തിലുമായി. 
കഴിഞ്ഞ രണ്ടു ദിവസം സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളെല്ലാം എക്സിറ്റ് പോളിനെ ചുറ്റിപ്പറ്റിയായിരുന്നു.  ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി കേരള നിയമസഭയില്‍ പ്രവേശം നേടുമോ എന്നറിയാന്‍ പാര്‍ട്ടി ഭേദമന്യേ എല്ലാവരും ആകാംക്ഷയിലാണ്. വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരവരുടെ സ്ഥാനാര്‍ഥികളെക്കുറിച്ചും സ്വന്തം മണ്ഡലങ്ങളിലെ വിജയികളെക്കുറിച്ചുമെല്ലാമറിയാന്‍ നഖം കടിച്ചുനില്‍പ്പാണ്. 
എക്സിറ്റ് പോള്‍ ഫലം വന്നതോടെ ഭരണത്തുടര്‍ച്ചയെ അനുകൂലിക്കുന്നവരുടെ മുഖത്ത് പ്രചരണകാലത്തെ ആവേശം കാണാനില്ല. എല്ലാം ശരിയാക്കാന്‍ കാത്തിരിക്കുന്നവര്‍ ഏതായാലും അല്പം ആശ്വാസത്തിലാണ്. കേരളത്തെ വഴികാട്ടാനിറങ്ങിയവര്‍ ഇരുമുന്നണികളും ചേര്‍ന്ന് തങ്ങള്‍ക്ക് പുറത്തേക്ക് വഴികാട്ടിയോ എന്ന പിരിമുറുക്കത്തിലും. ഇക്കാര്യങ്ങള്‍ക്കെല്ളൊം രാവിലത്തെന്നെ  തീരുമാനമുണ്ടാകും. പായസവും ലഡുവും വിതരണം ചെയ്യാന്‍ എല്ലാവരും മുന്നൊരുക്കം നടത്തിയിട്ടുണ്ട്. ഭരണത്തിലത്തെിയില്ളെങ്കിലും ചില മണ്ഡലങ്ങളിലെ വിജയം ചൂണ്ടിക്കാട്ടി ആഘോഷിക്കാന്‍ ‘വകുപ്പ്’ ഉണ്ടാക്കാമെന്നാണ് ഇവരുടെ ന്യായം.
നാളെ അവധിയായതിനാല്‍ വിജയികള്‍ ആരായാലും ആഘോഷദിവസം വെള്ളിയാഴ്ചയായിരിക്കും. വ്യാഴാഴ്ച വൈകിട്ട് തന്നെ അതിന് തുടക്കമാകും. ഉറക്കമില്ലാരാത്രിയായിരിക്കും ഇന്ന് അവര്‍ക്ക്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.