പടക്കം, കരിമരുന്ന് ഉപയോഗത്തിനെതിരെ ദുബൈ പൊലീസ് ബോധവത്കരണം നടത്തുന്നു

ദുബൈ: റമദാന്‍, ദീപാവലി ഉള്‍പ്പടെയുള്ള ആഘോഷ വേളകളില്‍ പടക്കവും കരിമരുന്നും ഉപയോഗിക്കുന്നതിനെതിരെ  ദുബൈ പൊലീസ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ‘നിര്‍ത്തൂ...സുരക്ഷിതരാകൂ’ എന്ന സന്ദേശത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷം സംഘടിപ്പിക്കുന്ന കാമ്പയിന്്,  ജൂണ്‍ ഒന്നിന് തുടക്കമാകുമെന്ന് ദുബൈ പൊലീസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗാര്‍ഹിക-താമസ മേഖലകളിലും വ്യക്തികളും പടക്കവും കരിമരുന്നും ഉപയോഗിക്കുന്നത് ദുബൈയില്‍ നിയമവിരുദ്ധമാണ്. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇതിന് അനുമതിയുള്ളൂ. നിയമം ലംഘിച്ചാല്‍ 10,000 ദിര്‍ഹം പിഴയോ  ആറ് മാസം തടവോയാണ് ശിക്ഷയെന്ന് ദുബൈ പൊലീസിന് കീഴിലെ പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി വകുപ്പിലെ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അലി അല്‍ ഗെയ്തി പറഞ്ഞു. ചെറിയ പെരുന്നാള്‍ വരെ നടക്കുന്ന ബോധവല്‍ക്കരണ കാമ്പയിനില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ആഘോഷ വേളകളില്‍ അനധികൃതമായി പടക്കങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ പൊലീസ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പടക്കങ്ങളുടെ ഉപയോഗം നിരവധി അപകടങ്ങള്‍ക്കും മരണത്തിനും വരെ കാരണമായിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയതിനാല്‍ അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കുറവുണ്ടായിട്ടുണ്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളെ പ്രധാനമായും ലക്ഷ്യമാക്കിയാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ സ്കൂളുകളിലും ക്ളബ്ബുകളിലും താമസ കേന്ദ്രങ്ങളിലുമെല്ലാം ലഘുലേഖ വിതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തും.  
ഓരോ വര്‍ഷവും നൂറൂകണക്കിന് അപകടങ്ങളും ഗുരുതരമായ പരുക്കുകളുമാണ് ദുബൈയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തിനിരയാകുന്നതില്‍ ഏറെയും കുട്ടികളാണ്. പടക്കങ്ങളും കരിമരുന്ന് സാമഗ്രികളും പൊട്ടിത്തെറിച്ച് കാഴ്ച നഷ്ടപ്പെട്ടവരും പരിക്കേറ്റ്  ജീവിതകാലം മുഴുവന്‍ ദുരിതം അനുഭവിക്കുന്നവരുമുണ്ട്. അതിനാല്‍, ഈ വിഷയത്തില്‍ മാതാപിതാക്കള്‍ക്ക് വലിയ ഉത്തരവാദിത്വം ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല സമീപത്ത് നില്‍ക്കുന്നവര്‍ക്കും ഇതിന്‍െറ ദൂഷ്യം അനുഭവിക്കേണ്ടിവരുന്നു. അന്തരീക്ഷ മലിനീകരണത്തിനും ഇത് കാരണമാകുന്നു.
ഈ സാഹചര്യത്തിലാണ് ഇനിയെങ്കിലും പടക്കങ്ങളുടെ ഉപയോഗവും വില്‍പ്പനയും നിര്‍ത്തൂ. സുരക്ഷിതരാകൂ എന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്.
ദുബൈ പൊലീസ് എക്സ്പ്ളോസീവ്  ആന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഡയറക്ടര്‍ കേണല്‍ ഖലീല്‍ ഉബൈദ് അല്‍ ബിഷ്റി, ലെഫ് കേണല്‍ അയൂബ് അബ്ദുല്ല ഇബ്രാഹിം കന്‍കസര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.