ഷാര്‍ജ: 35ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ബുധനാഴ്ച്ച തുടങ്ങും. രാവിലെ 8.30ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. 12 വരെ നീളുന്ന പുസ്തകോത്സവത്തിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ അല്‍ താവൂനിലെ എക്സ്പോസെന്‍ററില്‍ ഒരുക്കിയിരിക്കുന്നത്. അകത്തെ 26,000 ചതുരശ്ര മീറ്ററിന് പുറമെ, പുറത്ത് രണ്ട് കൂറ്റന്‍ കൂടാരങ്ങളും ഒരുക്കിയിട്ടുണ്ട്. ‘കൂടുതല്‍ വായിക്കുക’ എന്നതാണ് ഇത്തവണത്തെ പ്രമേയം.
‘എനിക്കുവേണ്ടി വായിക്കുന്നു’ എന്ന പ്രമേയത്തില്‍ നടക്കുന്ന പ്രത്യേക പരിപാടി മേള പെരുക്കം കൂട്ടും. ഇന്ത്യയടക്കം 60 രാജ്യങ്ങളില്‍ നിന്ന് 1420 പ്രസാധകരാണ് ഇത്തവണത്തെ വായനോത്സവത്തിന് വെളിച്ചം പകരാന്‍ എത്തുന്നത്. വിവിധ ഭാഷകളിലെ അക്ഷര വെളിച്ചം കൊണ്ട് ഉത്സവ നഗരി പ്രഭാപൂരിതമാണ്. 15 ലക്ഷത്തിലേറെ പുസ്തകങ്ങളാണു വില്‍പനയ്ക്കായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ 88,000 പുതിയ ശീര്‍ഷകങ്ങളാണ്.
ശ്രേഷ്ഠ മലയാളത്തിന്‍െറ ശ്രദ്ധേയമായ സാന്നിധ്യം ഇത്തവണയും ഉണ്ട്. എം.ടി.വാസുദേവന്‍ നായര്‍, നടന്‍ മമ്മൂട്ടി, എം.പിയും എഴുത്തുകാരനുമായ ശശി തരൂര്‍, ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ് തലവനും മലയാളിയുമായ ഗോപി കല്ലായില്‍, മുകേഷ് എം.എല്‍.എ, നടനും എം.പിയുമായ സുരേഷ് ഗോപി, എം. മുകുന്ദന്‍, ശ്രീകുമാരന്‍ തമ്പി, കെ.സച്ചിദാനന്ദന്‍, പ്രഫ. വി. മധുസൂദനന്‍ നായര്‍, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, ഉണ്ണി. ആര്‍, വി. മുസഫര്‍ അഹമ്മദ്, പി.എന്‍ ഗോപീകൃഷ്ണന്‍, ഡോ. ലക്ഷ്മി നായര്‍ ഞരളത്തത് ഹരിഗോവിന്ദന്‍, ലാല്‍ ജോസ്, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരത്തെും.
മലയാളത്തില്‍ നിന്ന് കൂടുതല്‍ എഴുത്തുകാരും കലാകാരന്മാരും വിവിധ പ്രസാധകരുടെ നേതൃത്വത്തില്‍ മേളയില്‍ പങ്കെടുക്കും. ചേതന്‍ ഭഗത്, കൈലാശ് സത്യാര്‍ഥി, കനിഷ്ക് തരൂര്‍, എഴുത്തുകാരി ക്ളോഡിയ ഗ്രേ, ഹിന്ദുസ്ഥാനി സംഗീതജ്ഞരായ ഉസ്താദ് റയിസ് ബാലെ ഖാന്‍, ഉസ്താദ് ഹാഫിസ് ബാലെ ഖാന്‍, ബോളിവുഡ് നടിയും എഴുത്തുകാരിയുമായ ശില്പാഷെട്ടി തുടങ്ങിയവരും പങ്കെടുക്കും.
ശ്കതമായ സുരക്ഷയാണ് എക്സ്പോ സെന്‍ററിലും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്. പൊലീസിന് പുറമെ മറ്റ് സുരക്ഷാ എജന്‍സികളും സ്ഥലത്തുണ്ട്. സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്‍െറ സുരക്ഷ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. പരിസരത്ത് സിവില്‍ ഡിഫന്‍സ് ,പാരമെഡിക്കല്‍, ആംബുലന്‍സ് വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മംസാര്‍ കോര്‍ണീഷ് ഭാഗത്ത് കൂടുതല്‍ വാഹനങ്ങള്‍ നിറുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് വാഹനത്തിന്‍െറ ഇടം ഒരു വാഹനം കൈയേറുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥരുണ്ടാകും. പ്രത്യേക സംരക്ഷണം ആവശ്യമുള്ളവര്‍ക്കായി വീല്‍ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്.
ഉത്സവ നഗരിയുടെ കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഗതാഗത കുരുക്ക് ഒഴിവാക്കുവാന്‍ ബന്ധപ്പെട്ട വിഭാഗം ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അക്ഷരോത്സവത്തിന്‍െറ സംഘാടകരായ ഷാര്‍ജ ബുക് അതോറിറ്റിയുടെ ചെയര്‍മാന്‍ അഹ്മ്മദ് ബിന്‍ റക്കാദ് ആല്‍ അമറിയും സംഘവും രാവും പകലും ഇവിടെയുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. നമസ്ക്കരിക്കാനുള്ള ഭാഗത്തെ സൗകര്യം ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ശുചിമുറികളുംഉള്‍പ്പെടുത്തിയിട്ടുണ്ട്.
205 പ്രസാധകരാണ് യു.എ.ഇയില്‍ നിന്നുള്ളത്. 163 പ്രസാധകരുമായി ഈജിപ്ത് രണ്ടാംസ്ഥാനത്തുണ്ട്. 110 വീതം പ്രസാധകരുമായി എത്തുന്ന ഇന്ത്യ, ലബനന്‍ എന്നീ രാജ്യങ്ങള്‍ക്കാണു മൂന്നാം സ്ഥാനം. യു.കെ 79, സിറിയ 66, അമേരിക്ക 63, സൗദി അറേബ്യയില്‍ നിന്ന് 61 പ്രസാധകരുമത്തെും. മേളയിലേക്കുള്ള പ്രവേശനം വാഹനം നിറുത്തുവാനുള്ള സൗകര്യം എന്നിവ സൗജന്യമാണ്.
പുസ്തകോത്സവത്തില്‍ ഇന്ന്
മലയാളത്തില്‍ നിന്ന് 50ലേറെ പുസ്തകങ്ങള്‍
ഷാര്‍ജ: 35ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രവാസി മലയാളികള്‍ എഴുതിയ 50ലേറെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. നോവല്‍, കവിത, കഥ, യാത്ര വിവരണം, ആത്മകഥ എന്നിവ ഇതിലുണ്ട്. 11 ദിവസങ്ങളിലായിട്ടാണ് ഇത്രയും പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുക. പുസ്തകങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. മലയാളത്തിന്‍െറ പ്രിയ എഴുത്തുകാരുടെ സാന്നിധ്യം പ്രവാസി എഴുത്തുകാര്‍ക്ക് മുതല്‍ കൂട്ടാകും. ഐക്യ കേരളത്തിന്‍െറ 60ാം പിറന്നാള്‍ ആഘോഷങ്ങളുടെ അലയൊലി മാറും മുമ്പ് എത്തുന്ന ഷാര്‍ജ രാജ്യാന്തര പുസ്തകമേള അക്ഷര പ്രേമികള്‍ക്ക് ഇരട്ടി മധുരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.