നോട്ട് അസാധുവാക്കല്‍: സ്വാഗതം ചെയ്ത് പ്രവാസി വ്യവസായികള്‍

അബൂദബി: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തെ യു.എ.ഇയിലെ ഇന്ത്യന്‍ വ്യവസായികള്‍ സ്വാഗതം ചെയ്തു. കള്ളപ്പണവും വ്യാജനോട്ടും തടയാനുള്ള ധീരമായ നടപടിയാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നാണ് പ്രവാസി വ്യവസായികളുടെ അഭിപ്രായം. ഇന്ത്യന്‍ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും നീക്കം ഉപകരിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.
നരേന്ദ്രമോദിയുടെ നടപടി ധീരവും വിപ്ളവകരവുമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി അഭിപ്രായപ്പെട്ടു. സമ്പദ് ഘടനയെ ശക്തമാക്കാന്‍ മാത്രമല്ല ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് വര്‍ധിച്ച ആത്മവിശ്വാസം നല്‍കാനും നടപടി സഹായിക്കും. എല്ലാ വിദേശ ഇന്ത്യക്കാരും നടപടിയെ സ്വാഗതം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി കള്ളപ്പണവും വ്യാജ നോട്ടുകളും കുറക്കാനും മൊത്തത്തില്‍ അഴിമതിക്ക് തടയിടാനും സഹായിക്കുന്നതാണെന്ന് യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ പ്രമോദ് മങ്ങാട്ട് അഭിപ്രായപ്പെട്ടു. കണക്കില്‍ പെടാത്ത പണം വെളിപ്പെടുത്താന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ നേരത്തെ അവസരം നല്‍കിയിരുന്നു. സ്വയം വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ കുറച്ച് പണം നിയമാനുസൃതമാക്കാന്‍ സാധിച്ചു. എന്നാല്‍, കൂടുതലും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. പുതിയ നീക്കം ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഫലമണ്ടാക്കും. 
ബാങ്ക് ഇടപാടുകള്‍ നടത്താത്തവരെ ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ടുവരാനും സാധിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക സംവിധാനത്തെ ശുദ്ധീകരിക്കാനും സമ്പദ്ഘടനയെ ശാക്തീകരിക്കാനും നടപടി സഹായിക്കുമെന്നും പ്രമോദ് മങ്ങാട്ട് പറഞ്ഞു.
വളരെ നിര്‍ണായകമാണ് 500,1000 രൂപ കറന്‍സികള്‍ അസാധുവാക്കിയ നടപടിയെന്ന് ലുലു എക്സ്ചേഞ്ച് സി.ഇ.ഒ അദീബ് അഹ്മദ് അഭിപ്രായപ്പെട്ടു. ഇത് തീര്‍ച്ചയായും കള്ളപ്പണവും അഴിമതിയും തടയുകയും രാജ്യത്ത് ഓണ്‍ലൈന്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. തുടക്കത്തില്‍ പൊതുജനങ്ങള്‍ക്ക് കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തീരുമാനം രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചക്ക് ഗുണകരമാകും. പണം മാറ്റിയെടുക്കുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 500,1000 രൂപ   കറന്‍സികള്‍ അസാധുവാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി ധീരവും പ്രശംസനീയവുമാണെന്ന് എക്സ്പ്രസ് മണി സി.ഒ.ഒ സുദേശ് ഗിരിയന്‍ അഭിപ്രായപ്പെട്ടു. കള്ളപ്പണം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. 
മോശം സാമ്പത്തിക വ്യവഹാരങ്ങള്‍ തടയുന്നതിന് സുതാര്യവും ധാര്‍മികവുമായ നടപടിയാണ് നരേന്ദ്ര മോദി എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച ധീരമായ നടപടിയാണ് ഇതെന്ന് പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി. ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. വര്‍ധിക്കുന്ന അഴിമതിയും കള്ളപ്പണവും തടഞ്ഞ് ഇന്ത്യന്‍ സമ്പദ്ഘടനയെ ശുദ്ധീകരിക്കാന്‍ ഇതുകൊണ്ട് സാധിക്കും. പെട്ടെന്ന് ഇന്ത്യയിലേക്ക് പോകേണ്ടി വന്നെങ്കിലോ എന്ന് കരുതി ഇന്ത്യന്‍ പ്രവാസികള്‍ പൊതുവേ രൂപ കൈയില്‍ സൂക്ഷിക്കാറുണ്ട്. ഇന്ത്യയിലെ ബന്ധുക്കള്‍ക്ക് ഈ പണം അയച്ചുകൊടുത്ത് അവ മാറ്റിയെടുക്കണം. സമയപരിധി കഴിയുന്നതിന് മുമ്പ് പഴയ കറന്‍സികള്‍ മാറ്റാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ  പ്രഖ്യാപനത്തോടെ ജനങ്ങള്‍ നേരിട്ട് നികുതിയടച്ച് ഗവണ്‍മെന്‍റിന്‍െറ ഭാഗമാണെന്ന് ഉറപ്പിക്കാന്‍  അവസരമൊരുക്കുമെന്ന് ഫാത്തിമ ഹെല്‍ത്ത്കെയര്‍  ഗ്രൂപ്പ് ചെയര്‍മാന്‍  ഡോ. കെ.പി. ഹുസൈന്‍ അഭിപ്രായപ്പെട്ടു. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യ അറിയപ്പെട്ട സമ്പന്ന രാജ്യമായിരുന്നു. എന്നാല്‍ സ്വതന്ത്രാനന്തര ഇന്ത്യ വികസ്വര രാജ്യമായതോടെ ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ വലിയ അന്തരം ഉണ്ടായി. ഈ അന്തരം കുറക്കാന്‍ പുതിയ പ്രഖ്യാപനത്തോടെ സാധിക്കുമെന്നും ആളോഹരി വരുമാനം കൂടുമെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 02:26 GMT