ഗര്‍ഭഛിദ്രം: മാതാവ് മരണപ്പെട്ടാല്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം തടവ്

ദുബൈ: ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ഗര്‍ഭധാരണം കഴിഞ്ഞ് 120 ദിവസം പൂര്‍ത്തിയായാല്‍ ഒരു കാരണവശാലും അലസിപ്പിക്കാന്‍ പാടില്ളെന്നും ആരോഗ്യമന്ത്രാലയം പൊതുജനാരോഗ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അറിയിച്ചു. ബോധപൂര്‍വം ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടര്‍ നാലുവര്‍ഷത്തില്‍ കവിയാത്ത തടവ് ശിക്ഷക്ക് അര്‍ഹനായിരിക്കും. 
മരുന്നോ മറ്റു വല്ല വസ്തുക്കളോ ഉപയോഗിച്ച് ഗര്‍ഭഛിദ്രം നടത്തുകയും അവ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യുന്ന ഡോക്ടര്‍മാരാണ് ശിക്ഷക്ക് വിധേയനാവുക. ഗര്‍ഭിണിയുടെ സമ്മതത്തോടെയാണോ അല്ലയോ എന്ന കാര്യം പരിഗണനീയമല്ല. ഗര്‍ഭം അലസിപ്പിക്കുന്നതിനിടെ ഗര്‍ഭിണി മരണപ്പെട്ടാല്‍ ഡോക്ടര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കുറയാത്തതും 10 വര്‍ഷത്തില്‍ കവിയാത്തതുമായ തടവ് ശിക്ഷ ലഭിക്കും. ഗര്‍ഭിണിയുടെ ജീവന്‍ അപകടത്തിലാകുകയും മാതാവിന്‍െറ ജീവന്‍ രക്ഷിക്കാന്‍ ഗര്‍ഭഛിദ്രമല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലാത്ത അവസ്ഥ വരുകയും ചെയ്താലൊഴികെ ഡോക്ടര്‍ക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ളെന്ന് അദ്ദേഹം അറിയിച്ചു.
ഗര്‍ഭഛിദ്രം നിര്‍ബന്ധമാക്കുന്ന മാതാവിന്‍െറ ശാരീരികാവസ്ഥയെക്കുറിച്ച് ഡോക്ടര്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കണം. ഭര്‍ത്താവിന്‍െറയോ രക്ഷിതാവിന്‍െറയോ അനുമതി പത്രം ഒപ്പിട്ട് വാങ്ങിയിരിക്കണം. അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുന്ന ഘട്ടത്തില്‍ ഇവരുടെ അനുമതി വാങ്ങേണ്ടതില്ല. ഗര്‍ഭസ്ഥ ശിശുവിന് 120  ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഗര്‍ഭഛിദ്രം നടത്താവുന്നതാണെന്ന് സൗദി അറേബ്യയിലെയും ദുബൈയിലെയും മതകാര്യ വകുപ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത വിധം മാരകമായ ജനിതക വൈകല്യം ഗര്‍ഭസ്ഥശിശുവിനുണ്ടെന്ന് ഗൈനക്കോളജി, ശിശുരോഗം, റേഡിയോളജി വിഭാഗം വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ കമ്മിറ്റി സാക്ഷ്യപ്പെടുത്തിയിരിക്കണം. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.