ദുബൈ: കാറീം ആപ് വഴി ദുബൈയിലെ എല്ലാ ടാക്സികളും ബുക് ചെയ്യാന്‍ സംവിധാനം വരുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ആര്‍.ടി.എയും കാറീം കമ്പനിയും ഒപ്പുവെച്ചു. ഇതുവരെ ലിമൂസിന്‍ സര്‍വീസുകള്‍ മാത്രമാണ് കാറീം ആപ് വഴി ബുക് ചെയ്യാന്‍ കഴിഞ്ഞിരുന്നത്.
സാധാരണ ടാക്സികളെക്കാള്‍ 30 ശതമാനം അധികം പണച്ചെലവ് വരുന്നതാണ് ലിമൂസിന്‍ സര്‍വീസ്. 4700 ലിമൂസിനുകളാണ് കാറീമിന് കീഴിലുള്ളത്. പുതിയ കരാര്‍ വഴി ആര്‍.ടി.എയുടെ വിവിധ ഫ്രാഞ്ചൈസി കമ്പനികള്‍ക്ക് കീഴിലുള്ള 9841 ടാക്സികള്‍ കൂടി ആപ്പിലൂടെ ബുക് ചെയ്യാന്‍ സാധിക്കും.
ബുക്കിങ് സമയത്ത് സാധാരണ ടാക്സിയാണോ ലിമൂസിനാണോ വേണ്ടതെന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതര്‍ അല്‍ തായിറും കാറീം മാനേജിങ് ഡയറക്ടര്‍ മുദസ്സിര്‍ ശൈഖയും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്.
ഓണ്‍ലൈന്‍ ടാക്സി സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് സഹകരണത്തിന്‍െറ ലക്ഷ്യമെന്ന് മതര്‍ അല്‍ തായിര്‍ പറഞ്ഞു. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് നവീന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ആര്‍.ടി.എ ശ്രദ്ധ പുലര്‍ത്തിവരുന്നുണ്ട്. മേഖലയിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ കാറീമുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. മറ്റ് കമ്പനികളെയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് രാജ്യങ്ങളില്‍ കാറീം സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്ക് ദുബൈയിലത്തെുമ്പോള്‍ എളുപ്പത്തില്‍ ടാക്സികള്‍ ലഭ്യമാകാന്‍ സഹകരണം സഹായിക്കുമെന്ന് മുദസ്സിര്‍ ശൈഖ പറഞ്ഞു.
ഇവര്‍ക്ക് പ്രത്യേകം ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. പണം, ക്രെഡിറ്റ് കാര്‍ഡ്, നോല്‍ കാര്‍ഡ് എന്നിവ വഴി ടാക്സിക്കൂലി നല്‍കാം. എന്നാല്‍ ആര്‍.ടി.എയുടെ നിലവിലെ ടാക്സി ബുക്കിങ് സംവിധാനവും സ്മാര്‍ട്ട് ടാക്സി ആപ്പും പഴയതുപോലെ പ്രവര്‍ത്തിക്കും.
രണ്ട് സംവിധാനങ്ങളും ഒരുപോലെ പ്രവര്‍ത്തിക്കുകവഴി ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ സേവനം ലഭ്യമാകുമെന്ന് ആര്‍.ടി.എ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റംസ് ഡയറക്ടര്‍ ആദില്‍ ശാകിരി പറഞ്ഞു. ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളുടെയെല്ലാം പണം ഏകജാലക സംവിധാനത്തിലൂടെ ഈടാക്കുന്ന ഇന്‍റഗ്രേറ്റഡ് മൊബിലിറ്റി പ്ളാറ്റ്ഫോം അടുത്തവര്‍ഷം പകുതിയോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.