???????????? ???? ????????? ????????

ദുബൈയെ സ്മാര്‍ട്ടാക്കാന്‍  മുന്നില്‍നിന്ന് നഗരസഭ

ദുബൈ: ദുബൈയെ ലോകത്തെ ഏറ്റവും സ്മാര്‍ട്ടായ നഗരമാക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ലക്ഷ്യം എത്രയും വേഗം താണ്ടാനുള്ള ഒരുക്കത്തിലാണ് ദുബൈ നഗരസഭ. 
സംശയമുള്ളവര്‍ക്ക് ജൈറ്റക്സ് ആഗോള സാങ്കേതിക മേളയില്‍ വന്നുനോക്കാം. സ്മാര്‍ട്ട് ഗവണ്‍മെന്‍റ് പരിപാടിയുമായി ബന്ധപ്പെട്ട്  16 സാങ്കേതിക പദ്ധതികളാണ് നഗരസഭ മേളയില്‍ അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലുടെ കൂടൂതല്‍ സ്മാര്‍ട്ടാവുകയാണ് ദുബൈയും നഗരസഭയും.
ഹരിത കെട്ടിട മൂല്യ നിര്‍ണയത്തിനുള്ള അല്‍ സഅഫത്ത് മുതല്‍ മാലിന്യ സംസ്കരണ ശാലകളില്‍ നിന്നുള്ള ദുര്‍ഗന്ധത്തിന്‍െറ അളവ്  പരിശോധിക്കുന്ന സംവിധാനം വരെ ഈ നിരയിലുണ്ട്. അന്താരാഷ്ട്ര  നിലവാരമനുസരിച്ചും ആവശ്യമായ ശാസ്ത്രീയ പഠനങ്ങള്‍ക്കും ശേഷമാണ് ഇവ നടപ്പാക്കുന്നതെന്ന് നഗരസഭയുടെ ഐ.ടി വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സഫീന്‍ പറഞ്ഞു.
ത്രിമാന അച്ചടി സംവിധാനം ഉപയോഗിച്ചുള്ള ലഘുപദ്ധതികളും നഗരസഭ ജൈറ്റക്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 
മാലിന്യ സംസ്കരണശാലകളില്‍ നിന്നുള്ള ദുര്‍ഗന്ധം നിരീക്ഷിക്കുന്ന സംവിധാനം വാര്‍സാന്‍, ജബല്‍ അലി, പാം ജുമൈറ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഹൈഡ്രജന്‍ സള്‍ഫൈഡ് ഗ്യാസുള്‍പ്പെടെ പുറത്തേക്ക് വരുന്ന വാതകം സദാ നിരീക്ഷിക്കുകയും പരിധി വിടുമ്പോള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന സംവിധാനമാണിത്. ദുര്‍ഗന്ധം ജനവാസകേന്ദ്രങ്ങളിലേക്ക് പരക്കുന്നതും ഈ 24 മണിക്കൂര്‍ നിരീക്ഷണം വഴി തടയാനാകും. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ വഴി തത്സമയം ഇതെല്ലാം അറിയാനാകും. 
നഗരസഭാ ഓഫീസുകളില്‍ പോയി കാത്തുകെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനുള്ള ഗ്രീന്‍ ടിക്കറ്റ് മൊബൈല്‍ ആപ്പും ജൈറ്റക്സില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ  നഗരസഭാ ഓഫീസുകളും അവിടെ നിന്ന് ലഭിക്കുന്ന സേവനങ്ങളും അങ്ങോട്ടുള്ള വഴിയുമെല്ലാം ഈ ആപ്പിലൂടെ അറിയാം. തുടര്‍ന്ന് ഏതു ഓഫീസിലാണ് പോകേണ്ടതെങ്കില്‍ ആപ്പ് വഴി തന്നെ വരിയില്‍ നിങ്ങള്‍ക്ക് സ്ഥാനം ഉറപ്പിക്കാം. ക്യൂവില്‍ നിങ്ങളുടെ സഥാനവും സേവനം ലഭിക്കുന്ന സമയവും ആപ്പിലൂടെ അറിയാം. ആ സമയത്ത് അവിടെ നേരില്‍ ചെന്നാല്‍ മതി. സംശയങ്ങള്‍ തത്സമയം  ജീവനക്കാരുമായി ചാറ്റിങ്ങിലൂടെ തീര്‍ക്കാനും സാധിക്കും. 
അഴുക്കുചാലുകളിലെ തടസ്സങ്ങളും മറ്റും ചിത്രമെടുത്ത് അയക്കുന്ന സംവിധാനവും ദുബൈ നഗരസഭ നടപ്പാക്കുന്നുണ്ട്. അഴുക്കുചാലുകളിലെയും കുഴലുകളിലെയും  തടസ്സങ്ങള്‍ എളുപ്പം അറിയാനും പരിഹാര നടപടികള്‍ സ്വീകരിക്കാനും ഇതുവഴി സാധിക്കും.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.