ദുബൈ: പ്രവാസികള്‍ക്ക് കൂടി നിക്ഷേപത്തിന് അവസരം നല്‍കി കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മിനി തിയറ്ററുകള്‍ സ്ഥാപിക്കുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. ദുബൈയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
100 മുതല്‍ 200 പേര്‍ക്ക് വരെ ഇരുന്ന് സിനിമ കാണാവുന്ന ചെറു തിയറ്ററുകളാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കൈവശമുള്ള സ്ഥലം ഇതിനായി ഉപയോഗിക്കും. അഞ്ച് മുതല്‍ ആറരകോടി വരെ മുതല്‍ മുടക്കാണ് ഒരു തിയറ്ററിന് വേണ്ടി വരുക.
തദ്ദേശ സ്ഥാപനം, ചലച്ചിത്ര വികസന കോര്‍പറേഷന്‍, സ്വകാര്യ നിക്ഷേപകര്‍ എന്നിവര്‍ ചേര്‍ന്ന സംയുക്ത പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്ഥലം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പാട്ടത്തിനെടുക്കും. തിയറ്റര്‍ ജീവനക്കാരെ കോര്‍പറേഷന്‍ നിയമിക്കുകയും അവര്‍ക്ക് ശമ്പളം നല്‍കുകയും ചെയ്യും. നിക്ഷേപത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കും. വരുമാനത്തിന്‍െറ നിശ്ചിത ഭാഗം നിക്ഷേപകന് ലഭിക്കുന്ന വിധത്തില്‍ വ്യവസ്ഥയുണ്ടാക്കും.
ചില സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കേരളത്തില്‍ തിയറ്ററുകള്‍ ലഭിക്കാതെ വരുന്ന മോശം പ്രവണതക്ക് പദ്ധതി പ്രാവര്‍ത്തികമായാല്‍ അറുതിയാകും. കൂടുതല്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാനും കഴിയും. ഇടതുസര്‍ക്കാര്‍ മികച്ച പിന്തുണയാണ് കോര്‍പറേഷന് നല്‍കിവരുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയാക്കി മാറ്റുന്നതിന് 25 കോടി രൂപയും ചലച്ചിത്ര അക്കാദമിക്ക് സ്ഥിരം വേദിക്കായി 50 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ചിത്രാഞ്ജലിയുടെ 80 ഏക്കര്‍ ഭൂമി പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന വിധത്തില്‍ പദ്ധതി തയാറാക്കും. മികച്ച ഫിലിം സിറ്റിയാക്കി അതിനെ മാറ്റും. കുട്ടികള്‍ക്കായി സ്റ്റുഡിയോയില്‍ സ്വാഭാവിക വനം ഒരുക്കും. മൃഗങ്ങളും അരുവികളും അവിടെയുണ്ടാകും. കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യങ്ങളും ഉണ്ടാകും. ഹോളിവുഡ് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാകും സംവിധാനങ്ങള്‍ സജ്ജീകരിക്കുക.
വൈകുന്നേരങ്ങളില്‍ കുടുംബങ്ങള്‍ക്ക് ഉല്ലസിക്കാന്‍ ചിത്രാഞ്ജലിയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉദ്ദേശിക്കുന്നുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍ററും മ്യൂസിയവും നിര്‍മിക്കും. ഇവിടെ നിര്‍മിക്കുന്ന തിയറ്ററില്‍ നാടകങ്ങള്‍ അരങ്ങേറും. പദ്ധതികള്‍ എത്രയും വേഗം പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ ചലച്ചിത്ര സെന്‍സറിങ് കാലോചിതമായി പരിഷ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിനിമയെ അറിയുന്നവരല്ല സെന്‍സര്‍ ബോര്‍ഡിലുള്ളത്. രാഷ്ട്രീയ പരിഗണനകള്‍ വെച്ചാണ് സെന്‍സര്‍ ബോര്‍ഡ് നിയമനം നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.