പ്രവാസികള്‍ക്ക് കമ്യൂണിറ്റി  പൊലീസ് ഓഫിസറാകാം

അബൂദബി: പ്രവാസികളെയും സ്വദേശികളെയും കമ്യൂണിറ്റി പൊലീസ് ഓഫിസര്‍മാരായി നിയമിക്കുന്ന ‘നമ്മളെല്ലാം പൊലീസ്’ പദ്ധതിക്ക് തുടക്കമായി. തെരഞ്ഞെടുക്കപ്പെടുന്ന നൂറുകണക്കിന് വളണ്ടിയര്‍മാരെയാണ് കമ്യൂണിറ്റി പൊലീസ് ഓഫിസര്‍മാരായി നിയമിക്കുക. ഇതിനായി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കും. ഏതു രാജ്യത്തെ പൗരന്മാരായ പ്രവാസികള്‍ക്കും  പരിശീലനത്തില്‍ പങ്കെടുക്കാം. കമ്യൂണിറ്റി പൊലീസ് ആയി നിയമിക്കപ്പെടാനുള്ള പരിശീലനത്തിന്  http://www.weareallpolice.ae വെബ്സൈറ്റ്  വഴി അപേക്ഷ സമര്‍പ്പിക്കണം. ഇതിനകം മുന്നൂറിലേറെ പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
നിലവില്‍ 34,000 പൊലീസ് ഓഫിസര്‍മാരാണ് അബൂദബി എമിറേറ്റിലുള്ളത്. 81 പേര്‍ക്ക് ഒരു പൊലീസ് ഓഫിസര്‍ എന്ന അനുപാതത്തിലാണിത്. 2021ഓടെ 47,500 പൊലീസ് ഓഫിസര്‍മാരും കമ്യൂണിറ്റി പൊലീസ് ഓഫിസര്‍മാരും ഉണ്ടായിരിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ലക്ഷ്യം നേടിയാല്‍ 58 പേര്‍ക്ക് ഒരു പൊലീസ് ഓഫിസര്‍ എന്ന അനുപാതം സാധ്യമാവും.
ജപ്പാനിലെ ടോക്യോവില്‍ നടപ്പാക്കി വിജയിച്ച മാതൃകയാണ് കമ്യൂണിറ്റി പൊലീസ് പദ്ധതി. പദ്ധതി നടപ്പാക്കിയതോടെ ടോക്യോയില്‍ കുറ്റകൃത്യനിരക്കില്‍ വലിയ കുറവുണ്ടായിരുന്നു. അബൂദബി നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ ബുധനാഴ്ച നടന്ന പരിപാടിയില്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫുമായ മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ ആല്‍ റുമൈതിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സമൂഹത്തിന്‍െറ സുരക്ഷയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യ വര്‍ഷം തോറും ഏഴ് ശതമാനം വര്‍ധിച്ചുവരികയും 200ലധികം രാജ്യത്തെ ജനങ്ങള്‍ വസിക്കുകയും ചെയ്യുന്ന എമിറേറ്റില്‍ സമൂഹത്തിന്‍െറ എല്ലാ മേഖലകളിലും എത്തിപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവും അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് ഹസ്സ ബിന്‍ സായിദ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തുടങ്ങിയവരും പങ്കെടുത്തു. ‘നമ്മെളെല്ലാം പൊലീസ്’ പദ്ധതി രാഷ്ട്രത്തിന് പിന്തുണയാകുമെന്നും യു.എ.ഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മികച്ച സേവനം ലഭ്യമാക്കാന്‍ സഹായകമാകുമെന്നും ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. 
അബൂദബിയിലെ സുരക്ഷ വര്‍ധിക്കാനും വ്യക്തികളും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടാനും ഇത് കാരണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് 2003ല്‍ അബൂദബിയില്‍ കമ്യൂണിറ്റി പൊലീസിന് തുടക്കമിട്ടത്. 2005ല്‍ കമ്യൂണിറ്റി പൊലീസിന്‍െറ പ്രവര്‍ത്തനം പൂര്‍ണാര്‍ഥത്തില്‍ ആരംഭിക്കുകയും ക്രമേണ അബൂദബിയുടെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തൂ. 
കമ്യൂണിറ്റി പൊലീസ് സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ വികസിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ഇപ്പോള്‍ ‘നമ്മളെല്ലാം പൊലീസ്’ പദ്ധതി പ്രകാരം സ്വദേശി-പ്രവാസി പൗരന്മാരെ ഉള്‍പ്പെടുത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.