പി.എം. ഫൗണ്ടേഷന്‍ ഫെല്ളോഷിപ്പ് വിതരണം വെള്ളിയാഴ്ച 

ദുബൈ: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം.ഫൗണ്ടേഷന്‍െറ കഴിഞ്ഞവര്‍ഷത്തെ ഫെല്ളോഷിപ്പ് വിതരണം വെള്ളിയാഴ്ച ദുബൈയില്‍ നടക്കും. ദേര ഫ്ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വൈകിട്ട് ഏഴിന് നടക്കുന്ന പരിപാടി പി.എം. ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഗള്‍ഫാര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും. ശബരീനാഥ് മധുസൂദനന്‍ (ഒമാന്‍), ജസ്ന സി. സലിം (ഖത്തര്‍), ആയിശ ചുങ്കശ്ശേരില്‍ (യു.എ.ഇ), ശൈഖ് മത്തേര്‍ (കുവൈത്ത്), ആഷിയ അനിത ഷാജി (ഖത്തര്‍), ഐശ്വര്യ ബേബി (യു.എ.ഇ), ഹനാന്‍ റഹ്മ ശാഫി (യു.എ.ഇ), ജഗത് ജീവന്‍ ഷാ (ബഹ്റൈന്‍), ജെബിന്‍ ആന്‍ ജെയിംസ് (യു.എ.ഇ), ഫാത്തിമ ശബ്ന (സൗദി) എന്നിവര്‍ ഫെല്ളോഷിപ്പ് ഏറ്റുവാങ്ങും. തെരഞ്ഞെടുത്ത സ്കൂള്‍ അധ്യാപകര്‍ക്കായി ‘ഇഗ്നൈറ്റിങ് സ്റ്റുഡന്‍റ് മൈന്‍ഡ്സ്’ എന്ന വിഷയത്തില്‍ പി.എം. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.പി.എം മുഹമ്മദ് ഹനീഷ് പ്രഭാഷണം നടത്തും.  
എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയത്തിലും എ പ്ളസ്/എ വണ്‍ നേടിയ വിദ്യാര്‍ഥികളില്‍ നിന്നാണ് ഫെല്ളോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. 
പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടിയ 42 വിദ്യാര്‍ഥികളെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചിരുന്നു. ഇവരില്‍ നിന്ന് 25 പേരെ അഭിമുഖത്തിന് ക്ഷണിച്ചു. മികവ് പുലര്‍ത്തിയ 10 പേര്‍ക്കാണ് ഫെല്ളോഷിപ്പ് നല്‍കുന്നത്. ട്രോഫി,മെമന്‍േറാ,പുസ്തകങ്ങള്‍,പഠന സഹായികള്‍ തുടങ്ങിയവയും ഇവര്‍ക്ക് സമ്മാനിക്കും. മാത്രമല്ല പരമാവധി അഞ്ചുവര്‍ഷമോ പഠനം തുടരുന്നതുവരെയോ  സാമ്പത്തിക സഹായവും മറ്റു അക്കാദമിക് സഹായവും പി.എം.ഫൗണ്ടേഷന്‍ നല്‍കും. ഇത്തരം ഫെല്ളോകളുടെ കൂട്ടായ്മയുണ്ടാക്കി അവര്‍ക്ക് സമയാസമയം ആവശ്യമായ പരിശീലനവും നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. 2003ല്‍ തുടങ്ങിയ ഈ പദ്ധതി വഴി സഹായം ലഭിച്ച നിരവധി പേര്‍ മികച്ച തൊഴില്‍മേഖലകളിലെ ഉന്നത സ്ഥാനങ്ങളിലത്തെിയിട്ടുണ്ട്.  സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞന്മാരും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരും മാനേജ്മെന്‍റ് വിദഗ്ധരും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ പുതുതായി വരുന്ന ഫെല്ളോകളെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്.
ഐ.ഐ.ടി, ഐ.ഐ.എം, എയിംസ്, ടിസ്സ് ഉള്‍പ്പെടെ ഇന്ത്യയിലെ 40 മികച്ച സ്ഥാപനങ്ങളില്‍ പഠിക്കുന്ന മിടുക്കര്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്ന സെന്‍റര്‍ ഓഫ് എക്സലന്‍സ് പദ്ധതിയും പി.എം. ഫൗണ്ടേഷന്‍െറ കീഴില്‍ നടക്കുന്നുണ്ട്. ഇവിടങ്ങളില്‍ പഠിക്കാന്‍ ബാങ്ക് വായ്പ ലഭിക്കുമെങ്കിലും താമസത്തിനും ഭക്ഷണത്തിനും വലിയ ചെലവ് വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതിക്ക് പി.എം.ഫൗണ്ടേഷന്‍ തുടക്കം കുറിച്ചത്. 75,000 രൂപയാണ് വര്‍ഷം നല്‍കുന്നത്.
പ്രമുഖ പ്രവാസി വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദലി കാല്‍ നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പി.എം ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഫാറൂഖ് കോളജില്‍ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും മട്ടാഞ്ചേരിയില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി പ്രവേശ പരീക്ഷാ പരിശീലന കേന്ദ്രവും കൊച്ചിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് വാര്‍ഷിക പ്രഭാഷണ പരിപാടിയും നടത്തുന്നു. ജസ്റ്റിസ് വി.ഖാലിദ്, ജസ്റ്റിസ് കെ.എ.അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഫൗണ്ടേഷന്‍െറ മുന്‍ ചെയര്‍മാന്‍മാരാണ്.

 

ടാലന്‍റ് സെര്‍ച്ച് പരീക്ഷ ഒക്ടോബര്‍ എട്ടിന് 
ദുബൈ: പി.എം ഫൗണ്ടേഷന്‍ ‘ഗള്‍ഫ് മാധ്യമ’വുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ടാലന്‍റ് സെര്‍ച്ച് പരീക്ഷ ഒക്ടോബര്‍ എട്ടിന് കേരളത്തോടൊപ്പം വിവിധ ഗള്‍ഫ് രാജ്യങ്ങളിലും നടക്കും. 
സെപ്റ്റംബര്‍ 30 വരെ പരീക്ഷക്കായി അപേക്ഷിക്കാം.  www.pmfonline.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 
ഗള്‍ഫില്‍ കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളില്‍ പഠിച്ച് പത്താം തരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ്/എ വണ്‍ നേടിയവര്‍ക്ക് പരീക്ഷ എഴുതാം. എല്ലാ ജി.സി.സി രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. പൊതുവിജ്ഞാനം, വിശകലനം, അടിസ്ഥാന വിഷയങ്ങളിലുള്ള പരിജ്ഞാനം എന്നീ മേഖലകളില്‍ വിദ്യാര്‍ഥികളുടെ മാറ്റു നോക്കുന്ന രണ്ടു മണിക്കൂര്‍ പരീക്ഷയാണിത്.  
ശരിയുത്തരം തെരഞ്ഞെടുക്കേണ്ട 120 ചോദ്യങ്ങളാണുണ്ടാവുക.
ഇതില്‍ നിശ്ചിത മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്കെല്ലാം ‘അവാര്‍ഡ് ഓഫ് എക്സലന്‍സ്’ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. മികവ് കാട്ടുന്നവരില്‍ നിന്ന് 10 പേരെ തെരഞ്ഞെടുത്ത് ഫെല്ളോഷിപ്പ് നല്‍കി ആദരിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.