അബൂദബി: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ച സോഷ്യൽ മീഡിയ സെലിബ്രിറ്റിക്കും അതു മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പങ്കാളിക്കും അബൂദബി കോടതി മൂന്നു മാസത്തെ തടവും ഒരു ലക്ഷം ദിർഹം വീതം പിഴയും ശിക്ഷ വിധിച്ചു. മണിക്കൂറിൽ 205 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി. ഇൗ വിഡിയോ പ്രചരിപ്പിച്ചതിന് സുഹൃത്തിന് മൂന്നു മാസത്തെ ജയിൽ ശിക്ഷയും 1,00,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു.ട്രാഫിക് നിയമലംഘനത്തിന് ഉപയോഗിച്ച ആഡംബര കാറും തെറ്റായ പെരുമാറ്റം ചിത്രീകരിക്കാനും അപ്ലോഡ് ചെയ്യാനും ഉപയോഗിച്ച മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. സെലിബ്രിറ്റിയുടെ ഡ്രൈവിങ് ലൈസൻസ് ആറു മാസത്തേക്ക് റദ്ദാക്കി. രണ്ടു പ്രതികൾക്കും ആറു മാസത്തേക്ക് സോഷ്യൽ സൈറ്റ് ഉപയോഗിക്കുന്നതിന് വിലക്കും ഏർപ്പെടുത്തി. വിഡിയോ ക്ലിപ് സോഷ്യൽ മീഡിയ അക്കൗണ്ടിൽനിന്ന് നീക്കണമെന്നും രണ്ടുപേരുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. എല്ലാ നിയമപരമായ ഫീസുകൾക്കും തൊഴിൽ ഉടമകൾ ഉത്തരവാദിത്തമുള്ളവരായിരിക്കും.
നെഗറ്റിവ് പെരുമാറ്റങ്ങൾക്ക് സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് അധികൃതർ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും കോടതി അറിയിച്ചു. അബൂദബി നഗരാതിർത്തിയിലെ പ്രധാന ഉൾ റോഡുകളിലൊന്നിൽ മണിക്കൂറിൽ 205 കിലോമീറ്റർ വേഗത്തിൽ സെലിബ്രിറ്റി ഡ്രൈവിങ് നടത്തുന്ന ക്ലിപ്പാണ് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. സെലിബ്രിറ്റിയുടെ നിയമവിരുദ്ധ പ്രദർശനം കാണാനും അദ്ദേഹത്തെ പിന്തുടരാനും ഒട്ടേറെ ചെറുപ്പക്കാരും കൗമാരക്കാരും ഉണ്ടായിരുന്നു. നിയമവിരുദ്ധ നടപടി അനുകരിക്കാൻ ക്ലിപ് മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതു റോഡുകളിൽ വാഹനങ്ങളിലെ പരേഡും അശ്രദ്ധമായി വാഹനമോടിക്കുന്നതും നിരുത്തരവാദപരമായ നടപടിയാണെന്ന് അബൂദബി പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മറ്റ് റോഡ് ഉപയോക്താക്കൾക്കും ഇത്തരം പ്രവർത്തനം അപകടസാധ്യതയുണ്ടാക്കും. ഈ രീതിയിൽ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തികൾ മൂന്നു വർഷംവരെ ജയിൽ ശിക്ഷക്കും പിഴക്കും വിധേയമാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.