അൽഐൻ: അബൂദബി മുനിസിപ്പാലിറ്റിയുടെയും ഗതാഗത വകുപ്പിെൻറയും നേതൃത്വത്തിലുള്ള സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി) അൽഐനിലെ അൽ മുഅതറദ്, അൽ മുവൈജി മേഖലകളിലെ അഞ്ച് പ്രദേശങ്ങളിൽ 2,175 പുതിയ പാർക്കിങ് കേന്ദ്രങ്ങൾ കൂടി തുറക്കുന്നു.
പ്രീമിയം, സ്റ്റാൻഡേർഡ് പാർക്കിങ് സ്ഥലങ്ങൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ക്രമരഹിതമായ പാർക്കിങ് കുറക്കാനും ഗതാഗത സൗകര്യം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. അൽ ഐനിൽ പൊതുപാർക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിെൻറ രണ്ടാം ഘട്ടമായാണ് 2175 കേന്ദ്രങ്ങൾ കൂടി സ്ഥാപിച്ചത്.
അൽ മുഅതറദ് മേഖലയിൽ 2,058 സ്ഥലങ്ങളാണ് ഒരുക്കുന്നത്. 55 എണ്ണം അൽ ജസാ ഏരിയയിലും 388 സ്ഥലങ്ങൾ ഹായ് അൽ ജബൽ ഏരിയയിലും 769 എണ്ണം ഉക്ദത്ത് അൽ മുവൈജി ഏരിയയിലുമായിരിക്കും. ഊദ് അൽ ഹുസ്ൻ പ്രദേശത്ത് 846ഉം മുവൈജി മേഖലയിൽ 117 എണ്ണവും ഉണ്ടാകും.
അൽ ഐൻ നഗരത്തിലെ പാർക്കിങ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനുമുള്ള ദീർഘകാല പരിഹാര മാർഗങ്ങൾ നടപ്പിലാക്കുന്ന ഐ.ടി.സിയുടെ പദ്ധതിയുടെ ഭാഗമാണിത്. ലഭ്യമായ സ്ഥലങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തുന്നതിനും വാഹനമോടിക്കുന്നവരുടെ പാർക്കിങ് സ്ഥലങ്ങൾക്കായുള്ള തിരച്ചിൽ സമയം കുറക്കുന്നതിനും അതനുസരിച്ച് ഉപയോക്താക്കളുടെ സൗകര്യം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
നിരോധിത പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും സുഗമമായ ഗതാഗതത്തിന് തടസ്സമാകുന്ന രീതിയിൽ വാഹനങ്ങൾ നിർത്തിയിടരുതെന്നും എല്ലാ സമയത്തും പാർക്കിങ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഐ.ടി.സി, വാഹനമോടിക്കുന്നവർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.