ദുബൈ: ദുബൈയിൽ 2219 ടാക്സികൾ കൂടി നിരത്തിലേക്കിറങ്ങുന്നു. പരിസ്ഥിതി സംരക്ഷണം മുൻനിർത്തി 1775 വാഹനങ്ങൾ ഹൈബ്രിഡ് ടാക്സികളായിരിക്കും. ഇതോടെ ദുബൈയിലെ ഹൈബ്രിഡ് ടാക്സികളുടെ എണ്ണം 71 ശതമാനമായി ഉയരുമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. വൈദ്യുതി ഉപയോഗിച്ചും എണ്ണ ഉപയോഗിച്ചും ഓടിക്കാവുന്ന വാഹനങ്ങളാണ് ഹൈബ്രിഡ് ടാക്സികൾ. ദുബൈയിലെ ഹൈബ്രിഡ് ടാക്സികളുടെ എണ്ണം 4105 ആയി ഉയരും. ആകെ ടാക്സികളുടെ എണ്ണം 5721 ആകും.
ദുബൈയുടെ വികസനത്തിന് അനുസൃതമായി ടാക്സി, ലിമോ എന്നിവ വർധിപ്പിക്കാനും യാത്രകൾ എളുപ്പമാക്കുന്നതിനുമാണ് ആർ.ടി.എയുടെ മുൻഗണനയെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ജനറൽ ഡയറക്ടറുമായ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു. സ്മാർട്ട് പ്ലാറ്റ്ഫോമുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച സേവനം നൽകും.
രാജ്യത്തെ എല്ലാ വകുപ്പുകളും ഇന്ധനം ലാഭിക്കണമെന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശം മാനിച്ചാണ് കൂടുതൽ ഹൈബ്രിഡ് വാഹനങ്ങൾ നിരത്തിലിറക്കുന്നത്. ടാക്സികൾ വഴിയുള്ള കാർബൺ ബഹിർഗമനം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നതെന്നും അൽ തായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.