ദുബൈ: എമിഗ്രേഷൻ വകുപ്പിന്റെ മികച്ച പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ വർഷം 23 പ്രതിനിധി സംഘങ്ങൾ എത്തിയെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു.
ഇതിൽ 12 സംഘങ്ങൾ അന്താരാഷ്ട്ര മേഖലയിൽ നിന്നും 11 എണ്ണം യു.എ.ഇ പ്രാദേശിക, ഫെഡറൽ സർക്കാർ വകുപ്പുകളിൽ നിന്നുമായിരുന്നു.
വകുപ്പിന്റെ ഡിജിറ്റൽ രൂപാന്തരണം, മുൻകൂർ പ്രവർത്തനങ്ങൾ, നൂതന പ്രശ്നപരിഹാരങ്ങൾ എന്നിവയിലെ മികച്ച പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘങ്ങൾ മനസ്സിലാക്കി. വകുപ്പിന്റെ വിവിധ സൈറ്റുകളും മേഖലകളും സന്ദർശിച്ച പ്രതിനിധി സംഘത്തിന്റെ സംതൃപ്തി നിരക്ക് 98 ശതമാനമാണ്.
ഡിജിറ്റൽ പ്രോജക്ട് മാനേജ്മെന്റ് സംവിധാനം, എന്റർപ്രൈസ് ഓപറേഷൻസ് മാനേജ്മെന്റ്, ഗോൾഡൻ വിസ നേടാനുള്ള മാനദണ്ഡങ്ങൾ എന്നിവയുൾപ്പെടെ വിവിധ സംവിധാനങ്ങൾ വകുപ്പ് ഇവർക്ക് പരിചയപ്പെടുത്തി. പരിസ്ഥിതി, സാമ്പത്തിക, സാമൂഹിക സുസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട ജി.ഡി.ആർ.എഫ്.എയുടെ പരിഹാരങ്ങളും ഡിജിറ്റൽ ശാക്തീകരണ സംവിധാനങ്ങളും സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു. സമൂഹത്തിന്റെ സന്തോഷവും ജീവിതനിലവാരവും ഉയർത്തുന്നതിനുള്ള വകുപ്പിന്റെ പ്രതിബദ്ധതയിൽ നിന്നാണ് ഗുണപരമായ വികസനം ഉണ്ടാകുന്നതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.