ദുബൈ: ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞമാസത്തേതിനെ അപേക്ഷിച്ച് നേരിയ കുറവ്. രണ്ടു ഫിൽസാണ് ലിറ്ററിന് ഈമാസം കുറവു വന്നിരിക്കുന്നത്. പെട്രോൾ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.30 ദിർഹമാണ് പുതിയ നിരക്ക്. നവംബറിൽ 3.32 ദിർഹമായിരുന്നു.നവംബറിൽ 3.20 ദിർഹമായിരുന്ന സ്പെഷൽ 95 പെട്രോൾ ലിറ്ററിന് 3.18 ദിർഹമായിട്ടുണ്ട്. കഴിഞ്ഞമാസം ലിറ്ററിന് 3.13 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.11 ആയി കുറഞ്ഞു. അതേസമയം ഡീസലിന് സാമാന്യം ഭേദപ്പെട്ട കുറവ് തന്നെയാണ് ഈമാസം രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറിൽ 4.01 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3.74 ദിർഹമാണ് ഡിസംബറിലെ നിരക്ക്.
കഴിഞ്ഞമാസം ലിറ്ററിന് 29 ഫിൽസ് വർധിച്ചിരുന്നതിനാൽ തുടർച്ചയായ നിരക്ക് വർധനവുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു.എന്നാൽ, വർധനവില്ലാത്തതിൽ ആശ്വാസത്തിലാണ് പ്രവാസികളടക്കമുള്ള രാജ്യനിവാസികൾ. ഒക്ടോബർ വരെ മൂന്നുമാസമായി തുടർച്ചയായി വിലയിൽ കുറവുവന്നിരുന്നു. തുടർന്നാണ് നവംബറിൽ വീണ്ടും വർധന രേഖപ്പെടുത്തിയിരുന്നത്.പുതിയ മാറ്റം ചില മേഖലകളിലെങ്കിലും നേരിയ വിലക്കുറവിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടാക്സി ചാർജുകൾ, ചില ആവശ്യവസ്തുക്കൾ എന്നിവയുടെ വിലയിൽ പ്രതിഫലിച്ചേക്കും. എന്നാൽ, കഴിഞ്ഞമാസത്തെ അപേക്ഷിച്ച് വലിയ മാറ്റമില്ലാത്തത് ആശ്വാസകരമാണെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു.
ഈവർഷം മേയ് മാസത്തിൽ ആരംഭിച്ച ഇന്ധന വിലവർധന ജൂണിലും ജൂലൈയിലും കുത്തനെ കൂടിയത് ആശങ്കക്കിടയാക്കിയിരുന്നു. ജൂലൈയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.63ദിർഹം എന്ന സർവകാല റെക്കോഡിലെത്തുകയും ചെയ്തു.ഇന്ധന വിലവർധന വിവിധ മേഖലകളിൽ പ്രതിഫലിച്ചതോടെ സാമ്പത്തിക ഞെരുക്കം പല കുടുംബങ്ങളെയും പ്രയാസത്തിലാക്കിയിരുന്നു.എന്നാൽ, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നിരക്ക് കുറഞ്ഞു. ഈവർഷം മാർച്ചിലാണ് ചരിത്രത്തിൽ ആദ്യമായി യു.എ.ഇയിലെ എണ്ണവില മൂന്നു ദിർഹം പിന്നിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.